ശ്രീനഗർ: ഞായറാഴ്‌ച ശ്രീനഗറിൽ ഉണ്ടായ ഗ്രനേഡ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 20കാരി മരിച്ചു. ഹസ്രത്ബാൽ സ്വദേശി റാഫിയ നസീറാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്‌ച രാവിലെ ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. ഇതോടെ ഗ്രനേഡ് ആക്രമണത്തിൽ ആകെ മരണം രണ്ടായി.
ആക്രമണത്തിൽ 20 സാധാരണക്കാർക്കും പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു. ശ്രീനഗർ സ്വദേശി മുഹമ്മദ് അസ്‌ലം മഖ്‌ദൂമി(60) ഞായറാഴ്‌ച ആശുപത്രിയിൽ മരണപ്പെട്ടിരുന്നു. ലാൽകോക്കിനടുത്തുള്ള അമീറ കടൽ മാർക്കറ്റിൽ ഞായറാഴ്‌ച അജ്ഞാത സംഘം സുരക്ഷ സേനയ്ക്ക് നേരെ ഗ്രനേഡ് എറിയുകയായിരുന്നു. ആക്രമണത്തെ തുടർന്ന് പരിക്കേറ്റവരെ നാട്ടുകാരും പൊലീസുകാരും ചേർന്ന് സംഭവസ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള എസ്എംഎച്ച്എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.