ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ റഷ്യൻ കൊവിഡ് -19 വാക്സിൻ സ്പുട്‌നിക് വിയുടെ വിതരണം വൈകുമെന്ന് ആശുപത്രി അധികൃതർ. ഇന്ദ്രപ്രസ്ഥയിലെ അപ്പോളോ ആശുപത്രിയിലും മധുകർ റെയിൻബോ ചിൽഡ്രൻസ് ആശുപത്രിയിലുമാണ് വാക്സിൻ വിതരണം വൈകുമെന്ന് അറിയിച്ചിരിക്കുന്നത്.
നേരത്തെ ജൂൺ 20 നകം സ്പുട്‌നിക് വിയുടെ വിതരണം ആരംഭിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ഇപ്പോൾ വാക്സിൻ വിതരണം ജൂൺ 25 നകം താൽക്കാലികമായി ആരംഭിക്കുമെന്നാണ് അധികൃതർ പറയുന്നത്. ഗുഡ്ഗാവ്, മൊഹാലി ആശുപത്രികളിൽ ഫോർട്ട്സ് ഹെൽത്ത് കെയർ ശനിയാഴ്ച മുതൽ സ്പുട്നിക് വി വാക്സിൻ ലഭ്യമാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും വാക്സിൻ ഇതുവരെ നൽകിയിട്ടില്ല. വാക്സിൻ വിതരണത്തിന്‍റെ കാര്യത്തിൽ തിങ്കളാഴ്ച വ്യക്തത വരുമെന്നും അധികൃതർ പറഞ്ഞു.
ഒരു ഡോസിന് വില 1,145
റഷ്യയിൽ വികസിപ്പിച്ചെടുത്ത സ്പുട്‌നിക് വിയുടെ വില ഒരു ഡോസിന് 1,145 രൂപയായി കേന്ദ്രം നിശ്ചയിച്ചിട്ടുണ്ട്. അതേസമയം സ്വകാര്യ കൊവിഡ് -19 വാക്സിനേഷൻ സെന്‍ററുകൾക്ക് കൊവിഷീൽഡിന്‍റെ പരമാവധി വില ഒരു ഡോസിന് 780 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ കൊവാക്സിൻ ഒരു ഡോസിന് 1,410 രൂപയാണ്.