ന്യൂഡൽഹി: രാജ്യവ്യാപകമായി നടക്കുന്ന ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ 2.0 പരിപാടി ഉദ്ഘാടനം ചെയ്ത് കായികമന്ത്രി അനുരാഗ് താക്കൂർ. മേജർ ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിലാണ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചത്. സ്വാതന്ത്ര്യം ലഭിച്ചതിന്‍റെ 75-ാം വാർഷിക ആഘോഷത്തോടനുബന്ധിച്ച് നടക്കുന്ന ആസാദി കാ അമൃത് മഹോത്സവിന്‍റെ ഭാഗമായാണ് ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ 2.0 പദ്ധതി ആഹ്വാനം ചെയ്തിരുന്നത്. ഓഗസ്റ്റ് 15ന് ആരംഭിക്കുന്ന പരിപാടി ഒക്ടോബർ 2 വരെ നീണ്ടുനിൽക്കും.
പദ്ധതിയുടെ ഭാഗമായി രാജ്യത്തെ ചരിത്രപ്രധാനമായ 75 സ്ഥലങ്ങളിൽ 75 കായിക പരിപാടികൾ സംഘടിപ്പിക്കുമെന്ന് താക്കൂർ അറിയിച്ചു. ഒക്ടോബർ 2 വരെ ഓരോ ആഴ്ചയിലും 750 ജില്ലകളിലെ 75 ഗ്രാമങ്ങളിലായി പരിപാടികൾ തുടരും. ഫിറ്റ് ഇന്ത്യ ഫ്രീഡം റണ്ണിൽ 30,000ത്തോളം വിദ്യാഭ്യാസ കേന്ദ്രങ്ങൾ പങ്കുചേരുമെന്നും അദ്ദേഹം അറിയിച്ചു.