ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് 23 മുതിർന്ന കോൺഗ്രസ് നേതാക്കളെ ഒഴിവാക്കി. മുതിർന്ന കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശർമ, കപിൽ സിബൽ, മനീഷ് തിവാരി തുടങ്ങിയ നേതാക്കളെയാണ് പ്രചാരണ പട്ടികയിൽ നിന്ന് ഒഴിവാക്കിയത്.
പശ്ചിമ ബംഗാളിൽ പ്രചാരണത്തിൽ നിന്ന് 23 മുതിർന്ന കോൺഗ്രസ് നേതാക്കളെ ഒഴിവാക്കി - congress election campaign West Bengal
കോൺഗ്രസ് നേതൃത്വത്തിലേക്ക് പുതിയ ആളുകളെ കൊണ്ടു വരണമെന്ന് എഐസിസി നേതൃത്വത്തിന് കത്തെഴുതിയ നേതാക്കളെയാണ് നിയമസഭ പ്രചാരണത്തിൽ നിന്ന് ഒഴിവാക്കിയത്
സോണിയ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻ മോഹൻ സിങ്, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, സച്ചിൻ പൈലറ്റ്, നവ്‌ജോത് സിങ് സിദ്ധു, അഭിജിത് മുഖർജി, അശോക് ഗെലോട്ട്, ക്യാപ്‌റ്റൻ അമരീന്ദർ സിങ്, ഭൂപേഷ് ഭാഗേൽ, മുഹമ്മദ് അസറുദ്ദീൻ തുടങ്ങിയവരാണ് പ്രചാരണ പട്ടികയിൽ ഇടം പിടിച്ചത്. കോൺഗ്രസ് നേതൃത്വത്തിലേക്ക് പുതിയ ആളുകളെ കൊണ്ടു വരണമെന്ന് എഐസിസി നേതൃത്വത്തിന് കത്തെഴുതിയ നേതാക്കളെയാണ് പ്രചാരണത്തിൽ നിന്ന് പുറത്താക്കിയത്.
അതേ സമയം നേതൃത്വം ആവശ്യപ്പെട്ടാൽ പ്രചാരണത്തിന് തയ്യാറാണെന്ന് ദേശിയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഗുലാം നബി ആസാദ് അഭിപ്രായപ്പെട്ടു. ജയ്‌വീർ ഷേർഗിൽ അടക്കമുള്ള യുവ നേതാക്കളും പ്രചാരണത്തിന്‍റെ ഭാഗമാകുന്നുണ്ട്. പുതുച്ചേരിയിലും നാല് സംസ്ഥാനങ്ങളിലുമാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. അതേ സമയം പ്രചാരണത്തിനുള്ള അടുത്ത ലിസ്റ്റുകൾ ഉടനെ വരുമെന്നും പാർട്ടി വക്താവ് പവാൻ ഖേര പറഞ്ഞു. പശ്ചിമ ബംഗാളിൽ എട്ട് ഘട്ടങ്ങളായാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.