കേരളം

kerala

ETV Bharat / bharat

ഇന്ധനവില; ജനങ്ങളുടെ ദുരിതത്തില്‍ നിന്ന് സര്‍ക്കാര്‍ ലാഭമുണ്ടാക്കുന്നുവെന്ന് സോണിയ ഗാന്ധി

വില വര്‍ധന നിയന്ത്രിക്കാൻ ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സോണിയ ഗാന്ധി കത്ത് നല്‍കി

Sonia Gandhi writes to PM  Sonia Gandhi writes to PM over rising fuel prices,  Sonia Gandhi on rising fuel prices,  ഇന്ധനവില വര്‍ധന  സോണിയ ഗാന്ധി  മോദി
ഇന്ധനവില; ജനങ്ങളുടെ ദുരിതത്തില്‍ നിന്ന് സര്‍ക്കാര്‍ ലാഭമുണ്ടാക്കുന്നുവെന്ന് സോണിയ ഗാന്ധി

By

Published : Feb 21, 2021, 8:25 PM IST

ന്യൂഡൽഹി: ഇന്ധന വിലവര്‍ധനവിനെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഇന്ധന-വാതക വില വര്‍ധനവിലൂടെ ജനങ്ങളുടെ ദുരിതത്തിൽ നിന്നാണ് സർക്കാര്‍ ലാഭമുണ്ടാക്കുന്നതെന്ന് സോണിയ ഗാന്ധി ആരോപിച്ചു. വില നിയന്ത്രിക്കാൻ അടിയന്തരമായി ഇടപെടണമെന്നും സോണിയ ഗാന്ധി കത്തിലൂടെ ആവശ്യപ്പെട്ടു. വർധിച്ചുകൊണ്ടിരിക്കുന്ന ഇന്ധന, ഗ്യാസ് വിലകളെക്കുറിച്ച് ഓരോ പൗരന്‍റെയും ദുഖവും അഗാധമായ ദുരിതവും അറിയിക്കാനാണ് കത്തെഴുതുന്നത്. ഒരു വശത്ത് ജോലി, വേതനം, ഗാർഹിക വരുമാനം എന്നിവ പടിപടിയായി ഇല്ലാതാകുന്നതിന് ഇന്ത്യ സാക്ഷ്യം വഹിക്കുന്നു. മധ്യവർഗവും താഴ്‌ന്ന മേഖലയില്‍ ജീവിക്കുന്നവരും പ്രതിസന്ധിയിലാണ്. പണപ്പെരുപ്പവും വിലക്കയറ്റവുമാണ് ഈ വെല്ലുവിളികളെ കൂടുതൽ ശക്തമാക്കിയതെന്നും കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി പറഞ്ഞു.

ശനിയാഴ്ച പെട്രോൾ വില മുംബൈയിൽ എക്കാലത്തെയും ഉയർന്ന നിരക്കായ 97 രൂപയിലെത്തിയപ്പോൾ ഡീസൽ നിരക്ക് 88 രൂപ കടന്നു. തുടർച്ചയായ പന്ത്രണ്ടാമത്തെ ദിവസമാണ് ഇന്ധനവില കൂടുന്നത്. 2017 ൽ എണ്ണക്കമ്പനികൾ ദിവസേന നിരക്ക് പരിഷ്കരിക്കാൻ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിദിന വർധനവാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. പെട്രോൾ വില ഡൽഹിയിൽ 90.58 രൂപയായും മുംബൈയിൽ 97 രൂപയായും ഉയർന്നു. രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും പെട്രോൾ ലിറ്ററിന് 100 രൂപ കടന്നു. ഡീസലിന്‍റെ വില വർധിക്കുന്നത് ദശലക്ഷക്കണക്കിന് കർഷകരുടെ വർധിച്ചുവരുന്ന ദുരിതങ്ങൾക്ക് ആക്കം കൂട്ടിയതായും ഇന്ധന വില ചരിത്രപരവും സുസ്ഥിരവുമായ ഉയർന്ന നിരക്കിലാണെന്നും സോണിയ ഗാന്ധി പറഞ്ഞു.

അന്താരാഷ്ട്ര തലത്തില്‍ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞിട്ടും ഇന്ത്യയില്‍ വില കൂടുന്നത് മിക്ക പൗരന്മാരെയും അലോസരപ്പെടുത്തുന്നുണ്ട്. ഏഴ് വർഷമായി അധികാരത്തിലിരുന്നിട്ടും സ്വന്തം ഭരണകൂടത്തിന്‍റെ സാമ്പത്തിക ദുരുപയോഗത്തിന് സർക്കാർ മുൻ ഭരണകൂടങ്ങളെ കുറ്റപ്പെടുത്തുന്നത് തുടരുകയാണ്. 2020 ൽ ആഭ്യന്തര അസംസ്കൃത എണ്ണ ഉൽപാദനം 18 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണെന്നും സോണിയ ഗാന്ധി പറഞ്ഞു. ജനങ്ങളുടെ ഭാരം ലഘൂകരിക്കാനാണ് സർക്കാരുകളെ തെരഞ്ഞെടുക്കുന്നത്. കുറഞ്ഞത് അവരുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കരുതെന്നും കോൺഗ്രസ് മേധാവി പറഞ്ഞു. ഈ വർധനവ് പിൻവലിച്ച് ഇടത്തരം ശമ്പളമുള്ളവർക്കും, കർഷകർക്കും ദരിദ്രർക്കും കൂടുതല്‍ ആനുകൂല്യങ്ങൾ നല്‍കാൻ അഭ്യർത്ഥിക്കുന്നു. ഒഴികഴിവുകൾ തേടുന്നതിനുപകരം പരിഹാരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണിതെന്ന് നിങ്ങൾ സമ്മതിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുവെന്നും സോണിയ ഗാന്ധി പറഞ്ഞു.

ABOUT THE AUTHOR

...view details