ന്യൂഡൽഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയെ പനിയും ശ്വാസ തടസവും (ബ്രോങ്കൈറ്റിസ്) മൂലം ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ സോണിയ ഗാന്ധിയുടെ ആരോഗ്യ നില തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പനിയെ തുടര്‍ന്ന് ഇന്നലെയാണ് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ചെസ്റ്റ് മെഡിസിന്‍ വിഭാഗത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്‍റ് അരൂപ് ബസുവിന്‍റെയും സംഘത്തിന്‍റെയും പരിചരണത്തിലാണ് സോണിയ ഗാന്ധി. കടുത്ത പനിയെ തുടര്‍ന്നാണ് സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും നിലവില്‍ ആരോഗ്യ സ്ഥിതി തൃപ്‌തികരമാണെന്നും സോണിയ നിരീക്ഷണത്തിലാണെന്നും സര്‍ ഗംഗാറാം ഹോസ്‌പിറ്റലിലെ ട്രസ്റ്റ് സൊസൈറ്റി ചെയര്‍മാന്‍ എസ്. റാണ പറഞ്ഞു. കൂടുതല്‍ പരിശോധനയ്‌ക്ക് വിധേയയാക്കുകയാണെന്നും ഇത് രണ്ടാം തവണയാണ് ബ്രോങ്കൈറ്റിസ് ബാധിച്ച് സോണിയ ആശുപത്രിയിലെത്തുന്നതെന്നും റാണ കൂട്ടിച്ചേര്‍ത്തു.
ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഇക്കഴിഞ്ഞ ജനുവരിയിലും സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പതിറ്റാണ്ടുകളായി ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ പ്രമുഖ നേതാവാണ് സോണിയ ഗാന്ധി. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നയങ്ങളും തന്ത്രങ്ങളും രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. വര്‍ഷങ്ങളോളം പാര്‍ട്ടിയുടെ അധ്യക്ഷയായി സേവനമനുഷ്‌ഠിച്ച സോണിയ ഗാന്ധി 2017ലാണ് സ്ഥാനം ഒഴിഞ്ഞത്.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷ പദവി ഏറ്റവും കൂടുതല്‍ കാലം വഹിച്ച നേതാവ് കൂടിയാണ് സോണിയ. ഐക്യ പുരോഗമന സഖ്യത്തിന്‍റെ ലോക്‌സഭയിലെ അധ്യക്ഷ പദവിയും സോണിയ വഹിച്ചിട്ടുണ്ട്. 1991 മെയ് 21ന് രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോട് കൂടി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും സോണിയ ഗാന്ധിയുടെ രാഷ്‌ട്രീയ പ്രവേശനത്തിനായുള്ള മുറവിളികള്‍ ഉയര്‍ന്നിരുന്നെങ്കിലും അത് നിരസിക്കുകയും, തുടര്‍ന്ന് 1998 ലെ പൊതു തെരഞ്ഞെടുപ്പ് മുമ്പ് രാഷ്‌ട്രീയത്തിലേക്ക് ചുവടുവയ്‌ക്കുകയുമായിരുന്നു.