നളന്ദ (ബിഹാർ): കുടുംബ പ്രശ്‌നങ്ങളെത്തുടർന്ന് പിതാവിനെ കുത്തിക്കൊലപ്പെടുത്തി മകൻ. ബിഹാറിലെ നളന്ദയിലെ ഗിരിയക് പൊലീസ് സ്റ്റേഷന്‍റെ കീഴിലുള്ള ധോരാഹി ഗ്രാമത്തിലെ സനോജ് സിങിനെയാണ് ഇയാളുടെ മകൻ കുത്തി കൊലപ്പെടുത്തിയത്. മാർച്ച് 16നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. എന്നാൽ കൊലപാതകത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്
എൻഎച്ച്-31ൽ നിർമാണത്തിലിരിക്കുന്ന പാലത്തിൽ നൈറ്റ് ഗാർഡ് ഡ്യൂട്ടിക്കിടെയാണ് സനോജ് സിങിന് കുത്തേറ്റത്. അജ്ഞാതരായ കുറ്റവാളികൾ കുത്തിക്കൊലപ്പെടുത്തി എന്നായിരുന്ന രാജ്‌ഗിർ ഡിഎസ്‌പി പ്രദീപ് കുമാർ വാർത്ത സമ്മേളനത്തിൽ പറഞ്ഞിരുന്നത്. പ്രതിയെ കണ്ടെത്താനാകാത്തതിനാൽ നളന്ദ എസ്‌പി വിഷയം ഗൗരവമായി എടുക്കുകയും അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയുമായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സനോജിനെ കൊലപ്പെടുത്തിയത് സ്വന്തം മകനാണെന്ന് പൊലീസ് കണ്ടെത്തിയത്. തുടർന്ന് ഇയാളെ പിടികൂടി ചോദ്യം ചെയ്‌തതോടെയാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. കുടുംബ പ്രശ്‌നങ്ങൾ മൂലമാണ് പിതാവിനെ കൊലപ്പെടുത്തിയതെന്നും, കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ഓണ്‍ലൈനിൽ നിന്ന് വാങ്ങിയതാണെന്നും പ്രതി പൊലീസിനോട് സമ്മതിക്കുകയായിരുന്നു.
'എൻഎച്ച്-31-ലെ നിർമ്മാണത്തിലിരിക്കുന്ന പാലത്തിൽ നൈറ്റ് ഗാർഡ് ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന ഗാർഡ് സനോജ് സിങ്ങിനെ സ്വന്തം മകൻ കൊലപ്പെടുത്തി. ഇയാളെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. കൊലപാതകത്തിനായി പ്രതി ഓൺലൈനിൽ കത്തി ഓർഡർ ചെയ്‌തിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും പ്രതിയുടെ മൊബൈലും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.' രാജ്‌ഗിർ ഡിഎസ്‌പി പ്രദീപ് കുമാർ പറഞ്ഞു.