കോർബ (ഛത്തീസ്‌ഗഡ്) :ആര്‍മി ജവാന്‍ സ്വയം വെടിവച്ച് മരിച്ചു (Soldier shot himself and died). ഛത്തീസ്‌ഗഡിലെ കോർബയിലാണ് സൈനികൻ തന്‍റെ ഐഎന്‍എസ്‌എഎസ് (Indian Small Arms System-INSAS) റൈഫിളിൽ നിന്ന് സ്വയം വെടിയുതിര്‍ത്ത് മരിച്ചത്. ജഞ്ജഗിർ ചമ്പ ജില്ലയിൽ താമസിക്കുന്ന ലളിത് സോൻവാനി ഇവിഎം മെഷീനുകളുടെ സുരക്ഷ സൈനികനാണ്. ജില്ല കലക്‌ടര്‍ ഓഫിസിന് പുറകിലായുള്ള ഇലക്‌ട്രോണിക് വോട്ടിങ് മെഷീൻ (Electronic Voting Machine-EVM) ഗോഡൗണിൽ വച്ചാണ് അദ്ദേഹം ജീവനൊടുക്കിയതെന്ന് വൃത്തങ്ങൾ അറിയിച്ചു.
വെടിവച്ച ശബ്‌ദം കേട്ട് ഉടൻ തന്നെ മറ്റുള്ളവർ ഓടിയെത്തിയെങ്കിലും രക്തത്തിൽ കുളിച്ച നിലയിൽ ജവാന്‍റെ മൃതദേഹം കണ്ടെത്തി. സംഭവത്തിന് ശേഷം പൊലീസും അന്വേഷണ സംഘവും ഇവിഎം മെഷീനുകളുടെ ഗോഡൗണിലെത്തി. സൈനികന്‍റെ കട്ടിലിന് ചുറ്റും ചിതറിക്കിടന്ന നിലയിൽ റൈഫിളും മൊബൈൽ ഫോണും മറ്റ് ചില വസ്‌തുക്കളും കണ്ടെടുത്തു. നെഞ്ചിൽ വെടിയുതിർത്തതാകണം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ തുടർന്ന് സിവിൽ ലൈൻ പൊലീസ് ഉദ്യോഗസ്ഥരും ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്‌ദരും സ്ഥലത്തെത്തി.
പ്രഥമദൃഷ്‌ട്യാ ജവാൻ സ്വയം വെടിവച്ച് ആത്മഹത്യ ചെയ്‌തതായി കരുതുന്നതായും വിഷയത്തിൽ പരിശോധന നടക്കുന്നുണ്ടെന്നും സിവിൽ ലൈൻ പോലീസ് ടിഐ മൃത്യുഞ്ജയ് പാണ്ഡെ പറഞ്ഞു. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം ഇതുവരെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. 30 നും 35 നും ഇടയിലായാണ് അദ്ദേഹത്തിന്‍റെ പ്രായ പരിധി. മൊബൈൽ രേഖകൾ പരിശോധിച്ചതിൽ നിന്ന് സോൻവാനി അവസാനമായി സംസാരിച്ചത് പിതാവുമായാണെന്ന് കണ്ടെത്തി. ഓഫിസിലെ ഇവിഎം മെഷീനുകളുടെ സുരക്ഷയ്ക്കായി ഓഗസ്‌റ്റ് മുതൽ അദ്ദേഹത്തെ സ്ഥലത്ത് വിന്യസിച്ചിരുന്നു.