ഇംഫാൽ:മണിപ്പൂരിൽ സൈനികനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി (Soldier abducted and killed in Manipur). കാംഗ്‌പോപി ജില്ലയിലെ ലെയ്‌മഖോങ്ങിൽ ആർമിയുടെ ഡിഫൻസ് സെക്യൂരിറ്റി കോർപ്‌സ് (ഡിഎസ്‌സി) പ്ലറ്റൂണിലെ ശിപായിയായ സെർട്ടോ തങ്‌താങ് കോം ആണ് കൊല്ലപ്പെട്ടത്. ഇംഫാൽ വെസ്റ്റിലെ തരുങ് സ്വദേശിയാണ് ഇദ്ദേഹം.
മണിപ്പൂരിലെ ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ഖുനിംഗ്‌തെക് ഗ്രാമത്തിൽ ഞായറാഴ്‌ച (സെപ്റ്റംബർ 17) ഇന്ത്യൻ സൈനികന്‍റെ മൃതദേഹം കണ്ടെത്തിയതായി അധികൃതർ അറിയിക്കുകയായിരുന്നു. പിന്നാലെ ശിപായി സെർട്ടോ തങ്‌താങ് കോമിന്‍റെ മൃതദേഹം ആണിതെന്ന് തിരിച്ചറിയുകയായിരുന്നെന്നും അധികൃതർ അറിയിച്ചു.
അതേസമയം ശനിയാഴ്‌ച രാവിലെ 10 മണിയോടെയാണ്, അവധിയിലായിരുന്ന ശിപായി കോമിനെ വീട്ടിൽ നിന്ന് അജ്ഞാതരായ ആയുധധാരികൾ തട്ടിക്കൊണ്ടുപോയത്. സംഭവത്തിന്‍റെ ഏക ദൃക്‌സാക്ഷിയായ കോമിന്‍റെ 10 വയസുകാരനായ മകൻ പറയുന്നതനുസരിച്ച്, മൂന്നുപേർ ചേർന്ന് വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും അദ്ദേഹത്തെ തട്ടിക്കൊണ്ട് പോവുകയുമായിരുന്നു.
"സായുധരായ ആളുകൾ കോമിന്‍റെ തലയിൽ ഒരു പിസ്റ്റൾ വച്ച് ഭീഷണിപ്പെടുത്തുകയും, സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുന്നതിന് മുമ്പുതന്നെ ഒരു വെള്ള വാഹനത്തിൽ കയറ്റുകയും ചെയ്‌തു'- കൊല്ലപ്പെട്ട സെർട്ടോ തങ്‌താങ് കോമിന്‍റെ മകനെ ഉദ്ധരിച്ച് ഉദ്യോഗസ്ഥർ പറഞ്ഞു. ഞായറാഴ്‌ച പുലർച്ചെ വരെ ശിപായി കോമിനെക്കുറിച്ച് ഒരു വാർത്തയും ലഭിച്ചില്ലെന്നും രാവിലെ 9.30 ഓടെ, ഇംഫാൽ ഈസ്റ്റിലെ സോഗോൾമാങ് പിഎസിനു കീഴിലുള്ള മോങ്‌ജാമിന് കിഴക്ക് ഖുനിംഗ്‌തെക് ഗ്രാമത്തിൽ അദ്ദേഹത്തിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നെന്നും സഹോദരനും ഭാര്യാ സഹോദരനും പറഞ്ഞു.