മീററ്റ് :ഉത്തര്‍പ്രദേശിലെ മീററ്റില്‍ സോപ്പ് ഫാക്ടറി പ്രവര്‍ത്തിച്ചിരുന്ന വീട്ടിലുണ്ടായ സ്ഫോടനത്തില്‍ നാല് പേര്‍ മരിച്ചു (Meerut Soap Factory Explosion). ലോഹ്യനഗർ (Lohianagar) പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.
സോപ്പ് നിര്‍മാണം നടക്കുന്നതിനിടെയാണ് സ്ഫോടനം നടന്നതെന്നാണ് സൂചന. അപകടത്തില്‍ നാല് പേര്‍ സംഭവസ്ഥലത്ത് വച്ച് തന്നെയാണ് മരിച്ചത്. മറ്റ് നാലുപേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിവരമറിഞ്ഞെത്തിയ പൊലീസ് ഉദ്യോഗസ്ഥരാണ് മരിച്ചവരുടെ മൃതദേഹങ്ങള്‍ തുടര്‍ നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റിയത്. അതേസമയം, കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
സോപ്പ് ഫാക്ടറി ഉള്‍പ്പടെ പ്രവര്‍ത്തിക്കുന്ന ഇരുനില കെട്ടിടത്തില്‍ ഇന്ന് (ഒക്ടോബര്‍ 17) പുലര്‍ച്ചെയോടെയാണ് സ്ഫോടനം ഉണ്ടായതെന്ന് പൊലീസ് അറിയിച്ചു. ശക്തമായ സ്ഫോടനത്തെ തുടര്‍ന്ന് സമീപത്തെ കെട്ടിടങ്ങളിലും പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടിരുന്നതായി പ്രദേശവാസികള്‍ പറയുന്നു.
സ്ഫോടനവിവരം അറിഞ്ഞ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുള്‍പ്പടെ സ്ഥലത്തേക്ക് എത്തി. വീടിനുള്ളില്‍ അനധികൃതമായി പടക്കം നിര്‍മ്മിച്ചിരുന്നുവെന്നും തുടര്‍ന്നാണ് അപകടം ഉണ്ടായതെന്നുമുള്ള സംശയത്തിലായിരുന്നു പൊലീസ്. എന്നാല്‍, ഇത് സാധൂകരിക്കുന്ന തെളിവുകളൊന്നും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല.
സോപ്പും ഡിറ്റര്‍ജന്‍റും നിര്‍മിക്കുന്ന സ്ഥലത്തുണ്ടായ രാസപ്രവര്‍ത്തനത്തെ തുടര്‍ന്നാണ് സ്ഫോടനം ഉണ്ടായതെന്ന് ജില്ല മജിസ്ട്രേറ്റ് ദീപക് മീണ (DM Deepak Meena) പറഞ്ഞു. ഗാസിയാബാദില്‍ നിന്നും എത്തിയ എന്‍ഡിആര്‍എഫ് (NDRF) സംഘത്തിന്‍റെ നേതൃത്വത്തിലാണ് കെട്ടിടാവശിഷ്‌ടങ്ങള്‍ക്കിടയില്‍ തെരച്ചില്‍ പുരോഗമിക്കുന്നത്.
സ്ഫോടനത്തില്‍ സമീപത്തെ വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സ്ഫോടനം നടന്ന കെട്ടിടത്തിന്‍റെ സമീപത്തായി പ്രവര്‍ത്തിക്കുന്ന സ്കൂളിന്‍റെ ഭിത്തികള്‍ക്കും കേടുപാടുകള്‍ പറ്റി. മേഖലയിലെ വൈദ്യുതി വിതരണത്തേയും അപകടം ബാധിച്ചു.
കെട്ടിടം പൂര്‍ണമായും നിലം പതിച്ചിട്ടുണ്ട്. കെട്ടിടാവശിഷ്‌ടങ്ങള്‍ക്കിടയില്‍ സോപ്പുകള്‍ കാണാം. സോപ്പ് നിര്‍മാണവും പാക്കിങ്ങും ഒരേ സ്ഥലത്താണ് നടന്നിരുന്നത്. അനധികൃത പടക്ക നിര്‍മാണം നടന്നു എന്നത് വ്യക്തമാക്കുന്ന തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും ജില്ല മജിസ്ട്രേറ്റ് ദീപക് മീണ വ്യക്തമാക്കി.