കൂച്ച് ബെഹാർ(പശ്ചിമബംഗാള്‍): തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ പരിപാടിയില്‍ യുവതികള്‍ അവതരിപ്പിച്ച സിനിമാറ്റിക് നൃത്തത്തെ ചൊല്ലി പശ്ചിമബംഗാളില്‍ വിവാദം. പശ്ചിമ ബംഗാളിലെ തുഫാന്‍ ഗഞ്ചിലെ ബലാഭട്ട് ഗ്രമത്തിലെ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ബൂത്ത് സമ്മേളനത്തില്‍ അവതരിപ്പിച്ച സിനിമാറ്റിക് നൃത്തമാണ് വലിയ രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആവുകയും വിമര്‍ശന വിധേയമാകുകയും ചെയ്‌തത്. ടിഎംസിയുടെ ബാലഭട്ട് ലോക്കല്‍ കമ്മിറ്റി പ്രസിഡന്‍റ് അൽത്താഫ് അലി ബേപ്പാരി അടക്കമുള്ള തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ സ്റ്റേജില്‍ ഇരിക്കവെയാണ് നൃത്തം അവതരിപ്പിക്കപ്പെട്ടത്.
ബംഗാളിലെ പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കള്‍ മാത്രമല്ല ടിഎംസിയിലെ ചില നേതാക്കളും സംഭവത്തില്‍ വിമര്‍ശനം രേഖപ്പെടുത്തി. വെള്ളിയാഴ്‌ച(10.3.2023) സംഘടിപ്പിച്ച ടിഎംസിയുടെ ബൂത്ത് തലത്തിലുള്ള കോണ്‍ഫറന്‍സിലാണ് വിമര്‍ശന വിധേയമായ നൃത്തം നടന്നത്. ടിഎംസിയാണ് ബാലഭട്ട് ഗ്രാമ പഞ്ചായത്ത് ഭരിക്കുന്നത്.
ബിജെപി കൂച്ച് ബെഹാര്‍ ജില്ലാ സെക്രട്ടറി ഉപ്പല്‍ ദാസ് യുവതികള്‍ അവതരിപ്പിക്കുന്ന നൃത്തത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പോസ്‌റ്റ് ചെയ്യുകയും സംഭവത്തെ വിമനര്‍ശിക്കുകയും ചെയ്‌തു. " നിലവിലെ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ബംഗാളിന്‍റെ സംസ്‌കാരം ഓവുചാലില്‍ തള്ളിയിരിക്കുകയാണ്. ടിഎംസി നേതാക്കള്‍ സ്റ്റേജില്‍ ഇരിക്കെ എങ്ങനെയാണ് ഇത്തരത്തിലുള്ള അശ്ലീല നൃത്തം അവതരിപ്പിക്കുക? പശ്ചിമബംഗാളിന്‍റെ സംസ്‌കാരത്തെ ടിഎംസി മലീമസമാക്കിയിരിക്കുകയാണ്," ഉപ്പല്‍ ദാസ് പ്രതികരിച്ചു.
തൂഫാന്‍ഗഞ്ച്-1ബി ബ്ലോക്ക് ടിഎംസി അധ്യക്ഷന്‍ പ്രദീപ് കുമാര്‍ ബസക് പറഞ്ഞത് താന്‍ ഈ വൈറല്‍ വീഡിയോ കണ്ടു എന്നും അതില്‍ പ്രതിഷേധം രേഖപ്പെടുത്തി എന്നുമാണ്. " ഇത്തരത്തിലുള്ള നൃത്തം പാര്‍ട്ടി പരിപാടിയില്‍ നടത്തിയത് അപലപിക്കേണ്ടതാണ്," അദ്ദേഹം പ്രതികരിച്ചു. ഈ വിഷയം ടിഎംസി ജില്ല അധ്യക്ഷന്‍റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ബസക് പറഞ്ഞു.
ജാത്ര നാടകങ്ങളിലെ 'അശ്ലീല' നൃത്തങ്ങള്‍ക്കെതിരെ നടപടി: അമിതമായി ശരീര ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച് കൊണ്ട് ജാത്ര നാടകങ്ങളിലുള്ള നൃത്തങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഒഡീഷ സര്‍ക്കാര്‍ പൊലീസിന് ഈയിടെ നിര്‍ദേശം നല്‍കിയിരുന്നു. കുടുംബസമേതം ഇത്തരം നൃത്തങ്ങള്‍ കാണാന്‍ കഴിയില്ലെന്ന പരാതിയെ തുടര്‍ന്നാണ് സര്‍ക്കാറിന്‍റെ നടപടി. ബംഗ്ലാദേശിലും, പശ്ചിമബംഗാളിലും, ബംഗാളി ഭാഷ സംസാരിക്കുന്ന ഒഡീഷയിലെ ഭാഗങ്ങളിലും പ്രചാരത്തിലുള്ള നാടോടി നാടക കലാരൂപമാണ് ജാത്ര. ഖണ്ഡഗിരി മേളയില്‍ ഇത്തരം 'അശ്ലീല നൃത്തം' പാടില്ലെന്ന നിര്‍ദേശം ജാത്ര സംഘാടകരോട് ഒഡീഷയിലെ ഭുവനേശ്വർ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ നിര്‍ദേശം നല്‍കിയിരുന്നു.
എന്താണ് ഖണ്ഡഗിരി മേള: മാഘമേള എന്നും ഖണ്ഡഗിരി മേള അറിയപ്പെടുന്നു. എല്ലാ വര്‍ഷവും മാഘ സപ്‌തമി ദിവസത്തിലാണ് ഖണ്ഡഗിരി മേള നടക്കുക. ഉത്തര്‍പ്രദേശിലെ കാശി, ബനാറസ്, അയോധ്യ എന്നിവിടങ്ങളിലെ മഠങ്ങളില്‍ നിന്നുള്ള സന്യാസിമാര്‍ ഖണ്ഡഗിരി മേളയില്‍ പങ്കെടുക്കുന്നു. ഒഡീഷയിലെ കൊണാര്‍ക്കിലെ ചന്ദ്രഭാഗ ബീച്ചില്‍ മാഘ സപ്‌താമി ദിവസ രാവില്‍ പല സന്യാസിമാരും സ്‌നാനം ചെയ്യുന്നു. അതിന് ശേഷം പൂജ ചടങ്ങുകളില്‍ പങ്കെടുക്കാനായി ഖണ്ഡഗീറിലേക്ക് ഇവര്‍ യാത്ര തിരിക്കുന്നു. ഹിന്ദു കലണ്ടറിലെ മാഘ മാസത്തിലെ രണ്ടാം പാദത്തിലെ ഏഴാം ദിവസമാണ് മാഘ സപ്‌താമി.