ന്യൂഡല്‍ഹി : എസ്‌എന്‍സി ലാവലിന്‍ കേസില്‍ പിണറായി വിജയനെയും മറ്റ് പ്രതികളെയും ഒഴിവാക്കിയത് ചോദ്യം ചെയ്‌തുള്ള സിബിഐ അപ്പീലുകള്‍ പരിഗണിക്കുന്നത് നീട്ടി സുപ്രീംകോടതി. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്ന പിണറായി വിജയനെയും മറ്റ് പ്രതികളെയും പിന്നീട് ഒഴിവാക്കിയത് ചോദ്യം ചെയ്‌താണ് കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐ സുപ്രീംകോടതിയില്‍ അപ്പീലുകള്‍ സമര്‍പ്പിച്ചത്. ഈ അപ്പീലുകള്‍ സെപ്‌റ്റംബര്‍ 12 ന് പരിഗണിക്കാമെന്നറിയിച്ച് കോടതി മാറ്റിവയ്‌ക്കുകയായിരുന്നു.
സിബിഐക്ക് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി രാജുവാണ് സുപ്രീംകോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്. മാത്രമല്ല കേസ് അടുത്തയാഴ്‌ച പരിഗണിക്കുന്നത് സംബന്ധിച്ചും സിബിഐ കോടതിയോട് അഭ്യര്‍ഥിച്ചു. എന്നാല്‍ അടുത്തയാഴ്‌ച ബുദ്ധിമുട്ടുണ്ടെന്ന് പിണറായി വിജയനുവേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ അറിയിച്ചു. ഇതോടെ ഓഗസ്‌റ്റില്‍ ആര്‍ട്ടിക്കിള്‍ 370 മായി ബന്ധപ്പെട്ടുള്ള കേസില്‍ വാദം കേള്‍ക്കുന്ന ജസ്‌റ്റിസ് സൂര്യ കാന്ത് ഉള്‍പ്പെട്ട ഭരണഘടന ബഞ്ചിന് മുന്നില്‍ സെപ്‌റ്റംബറിലേക്ക് വിഷയം മാറ്റിവയ്‌ക്കുകയായിരുന്നു.
എന്താണ് എസ്‌എന്‍സി ലാവലിന്‍ കേസ് : 1996 മുതല്‍ 98 വരെ പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരിക്കെ കേരളത്തിലെ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കനേഡിയൻ കമ്പനിയായ എസ്എൻസി ലാവലിൻ നൽകിയ കരാറിലെ അഴിമതിയുമായി ബന്ധപ്പെട്ടുള്ളതാണ് കേസ്. തുടര്‍ന്ന് പിണറായി വിജയനും മറ്റ് ചില ഉദ്യോഗസ്ഥന്മാര്‍ക്കുമെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചുവെങ്കിലും, 2013 നവംബറില്‍ തിരുവനന്തപുരത്തെ പ്രത്യേക സിബിഐ കോടതി ഇവരെ വെറുതെവിട്ടിരുന്നു.
കേസിന്‍റെ നാള്‍വഴി :നാല് വര്‍ഷങ്ങള്‍ക്കിപ്പുറം 2017 ഓഗസ്‌റ്റില്‍ പിണറായി വിജയനെയും മറ്റ് രണ്ട് പ്രതികളെയും വെറുതെവിട്ട സിബിഐ കോടതി വിധി കേരള ഹൈക്കോടതി ശരിവയ്‌ക്കുകയും ചെയ്‌തു. എന്നാല്‍ മറ്റ് നാല് പ്രതികളെ വെറുതെ വിട്ടതിനെതിരായ സിബിഐയുടെ ഹര്‍ജി ഹൈക്കോടതി അനുവദിച്ചു. അതേസമയം ജസ്‌റ്റിസ് എംആര്‍ ഷാ, ജസ്‌റ്റിസ് സി.ടി രവികുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന് മുമ്പാകെയായിരുന്നു കേസ്. എന്നാല്‍ കേസ് ഹൈക്കോടതിയുടെ മുന്നിലെത്തിയതോടെ, അന്ന് കേരള ഹൈക്കോടതി ജഡ്‌ജിയായിരുന്ന സി.ടി രവികുമാര്‍ വാദം കേള്‍ക്കലില്‍ നിന്ന് സ്വയം ഒഴിഞ്ഞിരുന്നു.
നിയമസഭയിലും 'ലാവലിന്‍': ഇതിന് പിന്നാലെ അടുത്തിടെ എസ്എന്‍സി ലാവലിന്‍ കേസ് നിയമസഭയിലും ഉയര്‍ന്നിരുന്നു. കേരള പൊലീസിലെ അഴിമതികൾ സംബന്ധിച്ച് പി.ടി തോമസ് എംഎൽഎയുടെ അടിയന്തര പ്രമേയത്തിനിടയിലായിരുന്നു ലാവലിൻ കേസ് വീണ്ടും നിയമസഭയിൽ പരാമർശിക്കപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയന് ഡൽഹിയിൽ ലാവലിൻ കടക്കാനുള്ള പാലമാണ് ലോക്‌നാഥ് ബെഹ്‌റയെന്നായിരുന്നു പി.ടി തോമസിന്‍റെ ആരോപണം. ബെഹ്റയെ കാണുമ്പോൾ മുഖ്യമന്ത്രിയുടെ ഇരട്ട ചങ്ക് ഇടിക്കുന്നത് ഇതുകൊണ്ടാണെന്നും പി.ടി തോമസ് പരിഹസിച്ചിരുന്നു.
എന്നാല്‍ പിടി തോമസിന്‍റെ ആരോപണം കേട്ടതോടെ മുഖ്യമന്ത്രി പ്രകോപിതനാവുകയും പ്രസംഗം ആരംഭിക്കുകയും ചെയ്തു. അതെല്ലാം വേറെയാണെന്നും താൻ ലാവലിൻ കേസിൽ പ്രതിയല്ലെന്നും കോടതികൾ പോലും ഇക്കാര്യം അംഗീകരിച്ചതാണെന്നും പിണറായി വിജയന്‍ തിരിച്ചടിച്ചു. നിരന്തരം ഇത് ആവർത്തിക്കുന്നത് പ്രതിപക്ഷത്തിൻ്റെ മോഹം കൊണ്ട് മാത്രമാണെന്നും വിഷയത്തില്‍ ഒരു ആശങ്കയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.