ഷിഗോൺ:കർണാടകയിൽ കോൺഗ്രസിന് പിന്നാലെ ബിജെപിയെ പേടിപ്പിച്ച് വിഷപ്പാമ്പും. ഷിഗോണിലെ ബിജെപി ക്യാമ്പ് ഓഫിസ് വളപ്പിൽ നിന്ന് പാമ്പിനെ പിടികൂടി. കർണാടക നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ നടക്കുന്നതിനിടെ രാവിലെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഓഫിസിൽ എത്തിയ സമയത്താണ് മൂർഖൻ പാമ്പിനെ കണ്ടത്. തുടർന്ന് പാമ്പിനെ പിടികൂടി വിട്ടയച്ചു. ഇതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു.
കോൺഗ്രസിന് പിന്നാലെ ബിജെപിയെ പേടിപ്പിച്ച് മൂർഖൻ; ബസവരാജ് ബൊമ്മൈയുടെ ഓഫിസിൽ നിന്ന് പാമ്പിനെ പിടികൂടി
ബസവരാജ് ബൊമ്മൈയുടെ മണ്ഡലമായ ഷിഗോണിലെ ബിജെപി ഓഫിസിൽ മൂർഖൻ പാമ്പ്. വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടയിലാണ് ക്ഷണിക്കപ്പെടാത്ത അതിഥി ബിജെപി ഓഫിസിലേക്ക് എത്തിയത്.
കർണാടക ഉറ്റുനോക്കുന്ന മണ്ഡലമാണ് ബസവരാജ് ബൊമ്മൈ മത്സരിച്ച ഷിഗോൺ. കോൺഗ്രസ് സ്ഥാനാർഥി പത്താൻ യാസിർ ഖാനാണ് ബൊമ്മൈക്കെതിരെ മത്സരിക്കുന്നത്. ബസവരാജ് ബൊമ്മൈയാണ് മണ്ഡലത്തിൽ ലീഡ് ചെയ്യുന്നത്.
224 അംഗ സഭയിൽ ഭൂരിപക്ഷത്തിന് ആവശ്യം 113സീറ്റുകളാണ്. എന്നാൽ കോൺഗ്രസ് 119 മണ്ഡലങ്ങളിലാണ് ലീഡ് ചെയ്യുന്നത്. ബിജെപി 74 സെഗ്‌മെന്‍റുകളിലും മുൻ മുഖ്യമന്ത്രി എച്ച്‌ഡി ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ജെഡി(എസ്) 24 സീറ്റുകളിലും ലീഡ് ചെയ്യുന്നു. മറ്റുള്ളവർ ഏഴ് സെഗ്‌മെന്‍റുകളിൽ ലീഡ് ചെയ്യുന്നു.