നാഗൗൺ:നീലച്ചിത്രം കാണാൻ വിസമ്മതിച്ചതിന് ആറുവയസുകാരിയെ പ്രായപൂർത്തിയാകാത്ത മൂന്ന് പേർ ചേർന്ന് കൊലപ്പെടുത്തി. അസമിലെ നാഗൗൺ ജില്ലയിലെ കലിയാബോർ പ്രദേശത്താണ് ഞെട്ടിക്കുന്ന സംഭവം. കേസിൽ എട്ട് വയസിനും പതിനൊന്ന് വയസിനും ഇടയിൽ പ്രായമുള്ള മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തതായി അസം പൊലീസ് അറിയിച്ചു. കൂടാതെ സംഭവം മറച്ചുവയ്ക്കാൻ ശ്രമിച്ച പ്രതികളിലൊരാളുടെ അച്ഛനെയും അറസ്റ്റ് ചെയ്തതായി പൊലീസ് കൂട്ടിച്ചേർത്തു.
കൊലപാതകത്തിന് ഇരയായ പെൺകുട്ടിയുടെ വീടിനടുത്താണ് പ്രതികൾ താമസിച്ചിരുന്നത് എന്നാണ് പൊലീസ് നൽകുന്ന വിവരം. നീലച്ചിത്ര വീഡിയോകൾക്ക് അടിമകളായിരുന്ന പ്രതികൾ സംഭവദിവസം ഉച്ചയോടെ പെൺകുട്ടിയെ സമീപത്തുള്ള പാറമടയിലേക്കെത്തിച്ച് വീഡിയോ കാണാൻ പ്രേരിപ്പിക്കുകയായിരുന്നു. കുട്ടി വിസമ്മതിച്ചതോടെ പാറക്കല്ല് ഉപയോഗിച്ച് ക്രൂരമായി അടിച്ച് കൊലപ്പെടുത്തി. ശേഷം മൃതദേഹം അടുത്തുള്ള ശുചിമുറിക്ക് പിന്നിൽ ഉപേക്ഷിച്ചു.