ഹൈദരാബാദ് : തെലങ്കാനയിലെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്‌ത സംഭവങ്ങളിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ഉൾപ്പെടെ ആറ് പേർ ആത്മഹത്യ ചെയ്‌തു. ഖമ്മം, നിസാമാബാദ്, നാചരം, മണികൊണ്ട എന്നീ സ്ഥലങ്ങളിലായാണ് വ്യത്യസ്‌ത സംഭവങ്ങളിൽ ആറ് പേർ ആത്മഹത്യ ചെയ്‌തത്. ആത്മഹത്യ ശ്രമം നടത്തിയ നാല് പേരെ രക്ഷപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്.
ഖമ്മം ജില്ലയിൽ കുടുംബത്തിലെ മൂന്ന് പേർ ആത്മഹത്യ ചെയ്‌തു :ഖമ്മം ജില്ലയിലെ പെനുബള്ളി മണ്ഡലത്തിലെ പതാകാരിഗുഡിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ആത്മഹത്യ ചെയ്‌തു. കൃഷ്‌ണയ്യ (40), ഭാര്യ സുഹാസി (35), മകൾ അമൃത (19) എന്നിവരാണ് ആത്മഹത്യ ചെയ്‌തത്. വീടിനടുത്തുള്ള മാവിൻ തോട്ടത്തിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്.
കുറച്ച് നാളുകളായി അരോഗ്യ സ്ഥിതി മോശമായതിനാൽ സുഹാസിനി ചികിത്സയിലായിരുന്നു. രോഗവും, സാമ്പത്തിക ബാധ്യതകളും കാരണം ഇവർ മനോവിഷമത്തിലായിരുന്നുവെന്നും, ഇതിനാലാണ് ദമ്പതികളും മകളും ആത്മഹത്യ ചെയ്‌തതെന്നും പൊലീസ് അറിയിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കുട്ടികളുമൊത്ത് ആത്മഹത്യക്ക് ശ്രമിച്ച് സഹോദരിമാർ :നിസാമാബാദ് നഗരത്തിൽ രണ്ട് സഹോദരിമാർ മൂന്ന് കുട്ടികളോടൊപ്പം കുളത്തിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. നിസാമാബാദ് നഗരത്തിന്‍റെ പ്രാന്തപ്രദേശമായ ജനക്പേട്ടിലെ അശോക് സാഗർ കുളത്തിലേക്കാണ് ഇവർ ചാടിയത്. നഗരത്തിലെ ദുബ്ബ പ്രദേശത്തെ നികിത, അക്ഷിത എന്നീ സഹോദരിമാരാണ് തങ്ങളുടെ കുട്ടികൾക്കൊപ്പം ആത്മഹത്യക്ക് ശ്രമിച്ചത്.