വിജയവാഡ : 60 വയസിന് ശേഷം പലരും വിശ്രമ ജീവിതം തെരഞ്ഞെടുക്കുന്നതാണ് പതിവ്. ആ പ്രായത്തില്‍ ശരീരസൗന്ദര്യം പുഷ്‌ടിപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ വിരളമാണ്. തന്‍റെ 62-ാം വയസില്‍ കൃത്യമായ പരിശീലനങ്ങളിലൂടെയും വ്യായാമങ്ങളിലൂടെയും സിക്‌സ് പാക്ക് സ്വന്തമാക്കിയിരിക്കുകയാണ് വിജയവാഡ സ്വദേശി രാമകൃഷ്‌ണ.
പലരുടെയും ജീവിതത്തില്‍ നിര്‍ണായക മാറ്റങ്ങള്‍ കൊണ്ടുവന്ന കൊവിഡ് കാലഘട്ടമാണ് രാമകൃഷ്‌ണയുടെയും ജീവിതത്തില്‍ വഴിത്തിരിവായത്. വ്യായാമത്തിന്‍റെ ഭാഗമായി സ്ഥിരമായി നടക്കാന്‍ പോകുന്ന പതിവ് അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാല്‍ കൊവിഡ് അടച്ചുപൂട്ടലുകള്‍ തന്‍റെ ദിനചര്യയെ ബാധിച്ചതായി രാമകൃഷ്‌ണ പറയുന്നു.
പിന്നാലെ കാനഡയില്‍ നിന്നും നാട്ടിലെത്തിയ മകനൊപ്പം വീട്ടില്‍ ജിം തയ്യാറാക്കിയാണ് രാമകൃഷ്‌ണ ആദ്യം പരിശീലനം ആരംഭിച്ചത്. കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ മകന്‍ മടങ്ങിയെങ്കിലും അദ്ദേഹം ചിട്ടയായ പരിശീലനക്രമം തുടരുകയായിരുന്നു. ആ സമയത്ത് 57 വയസുള്ള ഒരു വ്യക്തി സിക്‌സ് പാക്ക് നേടിയതായി വാര്‍ത്തകളില്‍ നിന്നും അറിഞ്ഞ രാമകൃഷ്‌ണന്‍ അതിനുവേണ്ട ശ്രമങ്ങള്‍ ആരംഭിക്കുകയായിരുന്നു.
ഇതിനായി മകന്‍റെ നിര്‍ദേശങ്ങളോടെ ശരിയായ വ്യായാമരീതികളും, ചിട്ടയായ ഭക്ഷണക്രമവും പിന്തുടരാന്‍ അദ്ദേഹം ആരംഭിച്ചു. ഇത് രണ്ടും കൃത്യമായി തുടര്‍ന്നതാണ് സിക്‌സ് പാക്ക് കൈവരിക്കാന്‍ തന്നെ സഹായിച്ചതെന്നാണ് രാമകൃഷ്‌ണ പറയുന്നത്. നിലവില്‍ പ്രദേശത്ത് തന്‍റെ സുഹൃത്തുക്കള്‍ക്ക് പുറമെ യുവാക്കള്‍ക്കും അദ്ദേഹം പരിശീലനം നല്‍കുന്നുണ്ട്.
ഭാര്യ രാജ്യലക്ഷ്‌മിയുടെ സംഭാവന ഇല്ലായിരുന്നെങ്കിൽ തന്‍റെ ഫിറ്റ്‌നസ് യാത്ര അസാധ്യമാകുമായിരുന്നെന്ന് രാമകൃഷ്‌ണ കൂട്ടിച്ചേർത്തു. തനിക്ക് ആവശ്യമുള്ളതെല്ലാം ഭാര്യ പാകം ചെയ്‌ത് നല്‍കുമായിരുന്നെന്നും അദ്ദേഹം വിശദീകരിച്ചു. തന്റെ അടുത്തെത്തുന്ന യുവാക്കൾക്ക് ആരോഗ്യവും ശാരീരികക്ഷമതയും സംബന്ധിച്ച വിലപ്പെട്ട നിർദേശങ്ങളാണ് ഭർത്താവ് നൽകുന്നതെന്ന് ഭാര്യ രാജ്യലക്ഷ്‌മി പറഞ്ഞു.