കേരളം

kerala

ടിഎസ്‌പിഎസ്‌സി ചോദ്യപ്പേപ്പർ ചോർച്ച: കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി

അസിസ്റ്റന്‍റ് സിവിൽ എഞ്ചിനീയർ, ടൗൺ പ്ലാനിങ് ബിൽഡിംഗ് ഓവർസിയർ എന്നീ പരീക്ഷകളുടെ ചോദ്യ പേപ്പറുകളാണ് ചേർന്നത്. അതേസമയം കേസിൽ അറസ്റ്റിലായ പ്രധാന പ്രതി പ്രവീണിന്‍റെ ഫോണിൽ നിന്ന് നിരവധി യുവതികളുടെ നഗ്‌ന ചിത്രങ്ങൾ കണ്ടെത്തി. ഇക്കാര്യത്തിലും കൂടുതൽ അന്വേഷണം നടക്കുകയാണ്.

By

Published : Mar 15, 2023, 4:26 PM IST

Published : Mar 15, 2023, 4:26 PM IST

ടിഎസ്‌പിഎസ്‌സി ചോദ്യപ്പേപ്പർ ചോർച്ച
ടിഎസ്‌പിഎസ്‌സി ചോദ്യപ്പേപ്പർ ചോർച്ച

ഹൈദരാബാദ്: തെലങ്കാന സ്റ്റേറ്റ് പബ്ലിക് സർവീസ് കമ്മിഷൻ (ടിഎസ്‌പിഎസ്‌സി) ചോദ്യപേപ്പർ ചോർച്ച കേസ് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അന്വേഷിക്കും. ഇതിന്‍റെ ഭാഗമായി ബേഗംപേട്ട് പൊലീസ് ഇതുവരെ അന്വേഷിച്ച കേസിന്‍റെ തുടരന്വേഷണം സിറ്റി അഡീഷണൽ സിപി (ക്രൈം/എസ്‌ഐടി) എ ആർ ശ്രീനിവാസ് ഏറ്റെടുത്തു.

സംസ്ഥാന എഞ്ചിനീയറിങ് വിഭാഗത്തിലെ 833 തസ്‌തികകളിലേക്ക് നടത്തേണ്ടിയിരുന്ന അസിസ്റ്റന്‍റ് സിവിൽ എഞ്ചിനീയർ (എഇ), ടൗൺ പ്ലാനിങ് ബിൽഡിംഗ് ഓവർസിയർ എന്നീ പരീക്ഷകളുടെ ചോദ്യ പേപ്പറുകളാണ് ചോർന്നത്. തുടർന്ന് പരീക്ഷ റദ്ദാക്കുകയായിരുന്നു. കേസിലെ പ്രധാന പ്രതികളായ പ്രവീണ്‍ കുമാർ (32), എ.രാജശേഖർ (35) എന്നിവരിൽ നിന്നാണ് പൊലീസ് ചോദ്യ പേപ്പറുകൾ പിടിച്ചെടുത്തത്.

ഇവരുടെ ലാപ്‌ടോപ്പുകൾ, കമ്പ്യൂട്ടറുകൾ, ഫോണുകൾ മുതലായവ വിശകലനം ചെയ്‌തുവരികയാണ്. അതേസമയം പിടിച്ചെടുത്ത പ്രവീണിന്‍റെ ഫോണിൽ നിരവധി യുവതികളുടെ നഗ്‌നചിത്രങ്ങളും, വീഡിയോകളും കണ്ടെത്തിയതായും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. 2017-ൽ ഗുരുകുല പ്രിൻസിപ്പൽ നിയമനത്തിനുള്ള പരീക്ഷ ടിഎസ്‌പിഎസ്‌സി ഏറ്റെടുത്തിരുന്നു.

അതിൽ യോഗ്യതയില്ലാത്ത വനിത ഉദ്യോഗാർഥികളെ പരീക്ഷയ്‌ക്ക് അപേക്ഷിക്കാൻ പ്രവീണ്‍ സഹായിച്ചതായി ആരോപണമുണ്ട്. പരീക്ഷയിൽ വിജയിക്കാൻ അവരെ സഹായിക്കാമെന്ന് വാഗ്‌ദാനം ചെയ്‌തുകൊണ്ട് യുവതികളുടെ നഗ്‌ന ചിത്രങ്ങൾ ഇയാൾ തട്ടിയെടുത്തതായാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

അതേസമയം അടുത്തിടെ നടന്ന മറ്റ് പരീക്ഷകളുടെ പ്രത്യേകിച്ച് ഗ്രൂപ്പ്-1 പ്രിലിമിനറിയുടെ ചോദ്യ പേപ്പർ ചോർന്നിട്ടുണ്ടോ എന്ന കാര്യവും അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. പ്രവീണിനെയും രാജശേഖറിനെയും കൂടാതെ രേണുക (35), ധക്കനായകെ (38), കെ.രാജേശ്വർ (33), കെ.നിലേഷ്‌നായക് (28), പി.ഗോപാൽ നായക് (29), കെ. ശ്രീനിവാസ്. (30), കെ.രാജേന്ദ്ര നായക് (31) എന്നിവരെയാണ് കേസിൽ പൊലീസ് അറസ്റ്റ് ചെയ്‌തത്.

തട്ടിപ്പിന് കൂട്ടായ ആസൂത്രണം: അറസ്റ്റിലായവരിൽ അഞ്ച് പേർ തെലങ്കാന സർക്കാർ ഉദ്യോഗസ്ഥരാണ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌ത പ്രതികളെ ചഞ്ചൽഗുഡ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം മുഖ്യപ്രതി പ്രവീണിന് തെലങ്കാന സ്റ്റേറ്റ് പബ്ലിക് സർവീസ് കമ്മിഷൻ ഓഫിസിൽ പൂർണ സ്വാതന്ത്ര്യമാണ് ഉണ്ടായിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ മകനായതിനാൽ തന്നെ പ്രവീണിന് ഓഫിസിലെ ഉദ്യോഗസ്ഥർ വലിയ ബഹുമാനമായിരുന്നു നൽകിയിരുന്നത്. ഈ അവസരം മുതലെടുത്ത് ഇയാൾ മേലുദ്യോഗസ്ഥരുമായി അടുക്കുകയായിരുന്നു. ഇതിലൂടെ കമ്മീഷൻ സെക്രട്ടറിയുടെ പേഴ്‌സണൽ അസിസ്റ്റന്‍റാവാനും പ്രവീണിനായി.

പിന്നാലെ അതീവ രഹസ്യമായി സൂക്ഷിക്കേണ്ട ഐപി വിലാസം, യൂസർ ഐഡി, പാസ്‌വേഡുകൾ എന്നിവ പ്രവീൺ രഹസ്യമായി ശേഖരിച്ചു. ഇതിനിടെ പരീക്ഷയ്‌ക്ക് ഏതാനും നാളുകൾക്ക് മുൻപ് കമ്മീഷൻ സെക്രട്ടറിയുടെ കമ്പ്യൂട്ടർ കേടായതിനെത്തുടർന്ന് കോൺഫിഡൻഷ്യൽ വിഭാഗം സൂപ്രണ്ടായി ജോലി ചെയ്‌തിരുന്ന ശങ്കർ ലക്ഷ്‌മി നന്നാക്കി.

അന്ന് സിസ്റ്റം അഡ്‌മിനിസ്‌ട്രേറ്റർ രാജശേഖർ കംപ്യൂട്ടറിൽ ഡൈനാമിക് ഐപി വിലാസത്തിന് പകരം സ്റ്റാറ്റിക് ഐപി വിലാസം നൽകി. തുടർന്ന് ഇരുവരും ചേർന്ന് കമ്പ്യൂട്ടറിൽ നിന്ന് ചോദ്യപ്പേപ്പർ മോഷ്‌ടിക്കുകയായിരുന്നു. സെക്രട്ടറിയുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച്‌ രാജശേഖറും ശങ്കർലക്ഷ്‌മിയും എഇ സിവിൽ ചോദ്യപേപ്പറുകൾ കമ്പ്യൂട്ടറിൽ നിന്ന് പ്രവീൺ നൽകിയ പെൻഡ്രൈവിലേക്ക് പകർത്തി.

ചോദ്യപ്പേപ്പർ വിറ്റത് 14 ലക്ഷത്തിന്: കമ്മീഷൻ ഓഫിസിലെ കമ്പ്യൂട്ടറിൽ നിന്ന് പ്രവീൺ ഈ ചോദ്യപേപ്പറിന്‍റെ പ്രിന്‍റൗട്ട് എടുത്തു. തുടർന്ന് ചേദ്യപ്പേപ്പറുകൾ മാർച്ച് 2 ന് അഞ്ച് ലക്ഷം രൂപ വാങ്ങി കേസിൽ പിടിയിലായ രേണുകയ്ക്കും ധക്കനായകെക്കും കൈമാറി. ഇവർ ഈ ചോദ്യപ്പേപ്പർ എൽബി നഗറിലെ താമസക്കാരായ നിലേഷിനും ഗോപാലിനും 14 ലക്ഷം രൂപയ്ക്ക് വിൽപ്പന നടത്തുകയായിരുന്നു.

തുടർന്ന് നേരത്തെ പറഞ്ഞുറപ്പിച്ച പ്രകാരം പരീക്ഷയ്‌ക്ക് ശേഷം രേണുകയ്ക്കും ധക്കനായകെയും ചേർന്ന് അഞ്ച് ലക്ഷം രൂപ കൂടി പ്രവീണിന് കൈമാറിയതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. കേസിൽ പിടിയിലായ പ്രവീണും രേണുകയും 2017 മുതൽ പരിചയത്തിലായിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ABOUT THE AUTHOR

...view details