വില്ലുപുരം (തമിഴ്‌നാട്): സഹോദരിയെ കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത് അതിസാഹസികമായി തടഞ്ഞ് കള്ളക്കുറിച്ചി സ്വദേശി. കള്ളക്കുറിച്ചിയിലെ ത്യാഗതുരുഗം സ്വദേശിയായ വിജയഭാനു ആണ് കാറിന്‍റെ ബോണറ്റിൽ ചാടിവീണ് സഹോദരി വിജയ മഞ്ജുവിനെ രക്ഷിച്ചത്. വിജയഭാനുവിന്‍റെ മുൻ ഭർത്താവായ ചെന്നൈ തിരുവെക്കാട് സ്വദേശിയായ വെങ്കടേഷ് ആണ് വിജയ മഞ്ജുവിനെ കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.
സഹോദരിയെ കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം, അതിസാഹസികമായി തടഞ്ഞ് വിജയഭാനു 2015ലാണ് വിജയഭാനുവും വെങ്കടേഷും വിവാഹിതരാകുന്നത്. എന്നാൽ കുറച്ചു വർഷങ്ങൾക്ക് ശേഷം ഇരുവരും വേർപിരിഞ്ഞു. അതിനുശേഷം വെങ്കടേഷ് വിജയഭാനുവിന്‍റെ സഹോദരി മെഡിക്കൽ വിദ്യാർഥിയായ വിജയ മഞ്ജുവിനെ വിവാഹം കഴിക്കാൻ ശ്രമിച്ചു. എന്നാൽ ഇത് വിജയഭാനു എതിർത്തിരുന്നു.
കഴിഞ്ഞ ദിവസം വൈകുന്നരം വില്ലുപുരത്തെ ജുവലറിയിൽ പോയ വിജയഭാനുവിനെയും സഹോദരിയെയും വെങ്കടേഷ് പിന്തുടർന്നു. ഇരുവരും ജുവലറിയിൽ നിന്ന് പുറത്തുവന്ന് ബസ് സ്റ്റോപ്പിലേക്ക് പോകാൻ ശ്രമിക്കുമ്പോൾ വെങ്കടേഷ് കാറിൽ വന്ന് ഇരുവരെയും ശല്യം ചെയ്‌തു.
റെഡ് സിഗ്നൽ വന്നപ്പോൾ വെങ്കടേഷ് നിമിഷങ്ങൾക്കകം വിജയ മഞ്ജുവിനെ കാറിൽ വലിച്ചിട്ട് കാർ ഓടിച്ച് പോകാൻ ശ്രമിച്ചു. എന്നാൽ വിജയഭാനു കാറിന് പിന്നാലെ ഓടി ബോണറ്റിൽ ചാടി വീണു. ഏകദേശം ഒരു കിലോമീറ്ററോളം വിജയഭാനു ബോണറ്റിൽ കിടന്ന് നിലവിളിച്ചു.
ഉടൻ നാട്ടുകാർ കാറിന് ചുറ്റും തടിച്ചുകൂടുകയും വെങ്കടേഷിനെ മർദിച്ച വിജയമഞ്ജുവിനെ രക്ഷിക്കുകയും ചെയ്‌തു. കാറും നാട്ടുകാർ അടിച്ചുതകർത്തു. വില്ലുപുരം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം നടത്തി. വിജയഭാനു കാറിന്‍റെ ബോണറ്റിൽ കിടക്കുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.