Bengaluru: മുഹമ്മദ് സിറാജ് എന്ന യുവപേസറെ ഇന്ത്യന്‍ ടീമിന്‍റെ കരുത്തരിലൊരാളായി വളര്‍ത്തിയെടുത്ത നായകനാണ് വിരാട് കോലി. ഒരു കാലത്ത് ചെണ്ട എന്ന വിളിപ്പേരുണ്ടായിരുന്ന താരത്തെ ഇന്നത്തെ സിറാജാക്കി മാറ്റിയതിൽ കോലി വഹിച്ച പങ്ക് വളരെ വലുതാണ്. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ കോലിക്ക് കീഴില്‍ തിളങ്ങിയാണ് സിറാജ് ശ്രദ്ധിക്കപ്പെട്ടത്.
മെഗാ ലേലത്തിന് മുന്നോടിയായി ഓസ്‌ട്രേലിയയുടെ ഗ്ലെൻ മാക്‌സ്‌വെൽ, മുൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി എന്നിവരോടൊപ്പം റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ നിലനിർത്തിയ സിറാജ്, കോലിയെ കുറിച്ച് വലിയൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്.
ആര്‍സിബിയിലെ എല്ലാ താരങ്ങളെയും ഞാൻ വീട്ടിലേക്ക് ഡിന്നറിനായി ക്ഷണിച്ചിരുന്നു. ഹോട്ടലില്‍ നിന്ന് നേരെ ഞാന്‍ വീട്ടിലേക്ക് പോയി. കോലിയെ വിളിച്ചപ്പോള്‍ പുറംവേദനയാണെന്നുെം വരാനാകില്ലെന്നും പറഞ്ഞു. വിശ്രമിക്കാൻ ഞാന്‍ അദേഹത്തോട് പറഞ്ഞു.
എന്നാല്‍ സഹതാരങ്ങളെല്ലാരും വീട്ടിലെത്തിയപ്പോള്‍ കൂടെ കോലിയുമുണ്ടായിരുന്നു. കാറില്‍ നിന്നിറങ്ങവെ ഞാന്‍ നേരെ ചെന്ന് കോലിയെ കെട്ടിപ്പിടിച്ചു. എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷകരമായ നിമിഷങ്ങളിലൊന്നായിരുന്നത്. വിരാട് കോലി തന്‍റെ നാടായ ടോളി ചൗക്കിയിൽ വന്നതുതന്നെ വലിയ വാര്‍ത്തയായി.
ALSO READ:എന്‍റെ സൂപ്പർ ഹീറോയ്‌ക്ക്, നിങ്ങളാണ് എന്നുമെന്‍റെ ക്യാപ്‌റ്റൻ ; കോലിക്ക് ആശംസയുമായി സിറാജ്
ഒട്ടേറെ കഷ്‌ടപ്പാടുകള്‍ അനുഭവിച്ചാണ് ഈ ഒരു നിലയിലെത്തിയത്. എന്‍റെ പിതാവ് ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു. ഒരു പ്ലാറ്റിന ബൈക്കാണ് എനിക്കുണ്ടായിരുന്നത്. പിതാവ് 60 രൂപ പെട്രോളടിക്കാന്‍ തരും. അതുകൊണ്ട് വേണം വീട്ടില്‍ നിന്ന് ഏറെയകലെയുള്ള ഉപ്പല്‍ സ്റ്റേഡിയത്തിലെത്താന്‍. ഐപിഎല്ലില്‍ അവസരം ലഭിച്ചപ്പോഴാണ് എല്ലാ കഷ്‌ടപ്പാടുകളും മാറിയത്.
പിതാവ് ഓട്ടോറിക്ഷ ഓടിക്കുന്നത് നിര്‍ത്തി. അമ്മ വീട്ടുജോലി ചെയ്യുന്നത് അവസാനിച്ചു. വാടക വീടുകളില്‍ കഴിയുന്നത് അവസാനിപ്പിച്ച് പുതിയൊരു വീട് വാങ്ങി. സ്വന്തം വീട്ടില്‍ മാതാപിതാക്കള്‍ സന്തോഷത്തോടെ കഴിയുകയായിരുന്നു വേണ്ടിയിരുന്നത്. മറ്റൊന്നും ജീവിതത്തില്‍ എനിക്ക് വേണമെന്നില്ലായിരുന്നു. ഐപിഎല്‍ എനിക്ക് പ്രശസ്‌തി നേടിത്തന്നു. സാമൂഹ്യമായി ഇടപെടാനും നിരവധിയാളുകളുമായി സംസാരിക്കാനും പഠിച്ചു. എല്ലാത്തിനും കാരണം ഐപിഎല്ലാണ് ' എന്നും മുഹമ്മദ് സിറാജ് കൂട്ടിച്ചേര്‍ത്തു.