മുംബൈ: അന്തരിച്ച പിന്നണി ഗായകൻ കെകെ എന്ന കൃഷ്‌ണകുമാർ കുന്നത്തിന്‍റെ സംസ്‌കാരം നടത്തി. കുടുംബാംഗങ്ങളുടെയും സിനിമ മേഖലയിലെ അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ചൊവ്വാഴ്‌ച ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംസ്‌കാര ചടങ്ങുകൾ. മുംബൈയിലെ പാർക്ക് പ്ലാസ അപ്പാർട്ട്‌മെന്‍റിലെ അദ്ദേഹത്തിന്‍റെ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള വെർസോവ ഹിന്ദു ശ്‌മശാനത്തിലായിരുന്നു സംസ്‌കാരം നടന്നത്.
കെകെ ഇനി ഓർമ; പ്രിയ ഗായകന് അന്ത്യാഞ്ജലി അർപ്പിച്ച് സിനിമ, സംഗീത ലോകം
കുടുംബാംഗങ്ങളുടെയും സിനിമ മേഖലയിലെ അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ചൊവ്വാഴ്‌ച ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംസ്‌കാര ചടങ്ങുകൾ.
കെകെയുടെ മകൻ നകുൽ അന്ത്യകർമങ്ങൾ നിർവഹിച്ചു. സംവിധായകൻ വിശാൽ ഭരദ്വാജ്, ഭാര്യ രേഖ, സംവിധായകനായ അശോക് പണ്ഡിറ്റ്, ജാവേദ് അക്തർ, ശങ്കർ മഹാദേവൻ, ഉദിത് നാരായൺ, അഭിജിത്ത് ഭട്ടാചാര്യ തുടങ്ങിയവർ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു. ശ്രേയ ഘോഷാൽ, സലിം മർച്ചന്‍റ്, അൽക്ക യാഗ്നിക്, രാഹുൽ വൈദ്യ, ജാവേദ് അലി, പാപോൺ, ശന്തനു മൊയ്ത്ര, സുധേഷ് ഭോസാലെ തുടങ്ങിയ സംഗീതജ്ഞർ കെകെയ്ക്ക് അദ്ദേഹത്തിന്‍റെ വസതിയിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു.
ചൊവ്വാഴ്‌ച രാത്രി കൊൽക്കത്തയിൽ നടന്ന സംഗീത പരിപാടിക്കിടെയാണ് കെകെയുടെ അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.