ന്യൂഡല്‍ഹി: ഇന്ന് ഫെബ്രുവരി 22. ഇതില്‍ എന്താണ് പ്രത്യേകതയെന്ന് നിങ്ങള്‍ ആലോചിക്കുന്നുണ്ടാകും. എന്നാല്‍ ഒന്നുകൂടി സൂക്ഷിച്ചുനോക്കൂ. ഇന്ന് മൊത്തം രണ്ട് മയമാണ്. മാസത്തിലെ 22-ാം ദിവസം, വർഷത്തിലെ 2-ാം മാസം, 21-ാം നൂറ്റാണ്ടിലെ 22-ാം വർഷം, ആഴ്‌ചയിലെ 2-ാം ദിവസമായ ചൊവ്വാഴ്‌ച. നമ്മുടെ ജീവിത കാലയളവില്‍ ഒരിക്കലും ആവര്‍ത്തിക്കാത്ത തീയതിയാണ് ഇന്ന്.
ദിവസവും മാസവും വര്‍ഷവും ഒരുമിച്ച് എഴുതിയാല്‍ 22022022. ഇടത്ത് നിന്ന് വലത്തോട്ട് വായിച്ചാലും തിരിച്ച് വായിച്ചാലും ഒന്ന്. ഇതിനെ പാലിന്‍ഡ്രോം എന്നാണ് പറയുന്നത്. നേരെ നോക്കിയാലും തല കുത്തനെ നോക്കിയാലും ഒരു പോലെ. ഇതിനും ഒരു പേരുണ്ട്. ആംബിഗ്രാം എന്നാണ് ഇതിനെ പറയുന്നത്.
ഇതുകൊണ്ടും പ്രത്യേകതകള്‍ അവസാനിക്കുന്നില്ല. ഇന്നത്തെ ദിവസം ചൊവ്വാഴ്‌ചയാണ്. ഇംഗ്ലീഷില്‍ റ്റൂസ്‌ഡേ (tuesday). രണ്ട് ദിവസം എന്നര്‍ഥം വരുന്ന റ്റൂസ്‌ഡേ (twosday) എന്നാണ് നെറ്റിസണ്‍സ് ഇന്നത്തെ ദിവസത്തെ വിശേഷിപ്പിക്കുന്നത്.