ഭോപ്പാൽ : തന്റെ മുഖത്ത് മൂത്രമൊഴിച്ച കേസിൽ ഉൾപ്പെട്ട പ്രതിയെ മോചിപ്പിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് അഭ്യർഥിച്ച് ആദിവാസി യുവാവ്. മധ്യപ്രദേശിലെ സിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആദിവാസി വിഭാഗത്തിൽപ്പെട്ട ദഷ്മത് റാവത്തിന്റെ മുഖത്ത് മൊഴിച്ചതിന് പ്രവേഷ് ശുക്ല എന്ന ബിജെപി പ്രവർത്തകനെ ബുധനാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെയാണ് പ്രതിക്കെതിരെ പൊലീസ് കേസെടുത്തത്. ഇന്ത്യൻ ശിക്ഷ നിയമത്തിലെ സെക്ഷൻ 294, 504, സെക്ഷൻ 3(1)(ആർ)(എസ്) എന്നീ വകുപ്പുകൾക്ക് പുറമെ എൻഎസ്എ പ്രകാരവും പ്രതിക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. എന്നാൽ കുറ്റാരോപിതൻ തന്റെ തെറ്റ് തിരിച്ചറിഞ്ഞതായും അതിനാൽ നിലവിൽ ജയിലിൽ കഴിയുന്ന പ്രവേഷ് ശുക്ലയെ വിട്ടയക്കണമെന്നും ആദിവാസി യുവാവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
also read :Madhya Pradesh| ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച് ബിജെപി പ്രവർത്തകൻ; പിന്നാലെ അറസ്റ്റ്
ശുക്ല ഗ്രാമത്തിലെ പണ്ഡിതൻ :പ്രതിയുടെ അപമാനകരമായ പ്രവൃത്തി അവഗണിച്ചാണ് ഈ ആവശ്യമെന്ന് ചൂണ്ടിക്കാണിച്ചപ്പോൾ പ്രവേഷ് ശുക്ല തന്റെ ഗ്രാമത്തിലെ പണ്ഡിതനാണെന്നും അതിനാൽ അയാളെ വിട്ടയക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെടുന്നതായി റാവത്ത് ആവർത്തിച്ചു. ഈ വർഷാവസാനം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിൽ ഈ സംഭവം രാഷ്ട്രീയ കൊടുങ്കാറ്റായി മാറിയിരുന്നു. ഒരു കെട്ടിടത്തിന്റെ കോണിപ്പടിയിൽ ഇരിക്കുകയായിരുന്ന ആദിവാസി യുവാവിന്റെ മുഖത്തേക്ക് വായിൽ സിഗരറ്റുമായി മദ്യപിച്ച നിലയിൽ എത്തിയ പ്രവേഷ് ശുക്ല മൂത്രമൊഴിക്കുന്നതായാണ് വിവാദമായ വീഡിയോയിലുള്ളത്.