ഭോപ്പാൽ:മധ്യപ്രദേശിൽ ആദിവാസി യുവാവിന്‍റെ മുഖത്ത് മൂത്രം ഒഴിച്ച സംഭവത്തിൽ ബിജെപി പ്രതിക്കൂട്ടിലായ സാഹചര്യത്തില്‍, വിവാദങ്ങളില്‍ നിന്നും മുഖം രക്ഷിക്കാനുള്ള ശ്രമവുമായി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. പ്രതിയും ബിജെപി പ്രവര്‍ത്തകനുമായ പ്രവേഷ് ശുക്ലയുടെ വീട് പൊളിച്ചതിന് പിന്നാലെ, ആദിവാസി യുവാവിന്‍റെ കാല്‍കഴുകിയതാണ് പുതിയ സംഭവം.
കാല്‍കഴുകി മുഖ്യൻ: ഔദ്യോഗിക വസതിയിൽവച്ച് ശിവരാജ് സിങ് ചൗഹാന്‍ ആദിവാസി യുവാവിന്‍റെ കാല്‍കഴുകുന്ന ഫോട്ടോകള്‍ അദ്ദേഹം തന്നെ ട്വീറ്റ് ചെയ്‌തു. യുവാവിന് മുഖ്യമന്ത്രി പൊന്നാട ചാര്‍ത്തുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്‌തു. സംഭവത്തിൽ യുവാവിനോട് താന്‍ വ്യക്തിപരമായി മാപ്പ് പറയുന്നെന്നും ആത്മാർഥമായ പശ്ചാത്താപം അറിയിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
യുവാവിന്‍റെ കാലുകൾ കഴുകിയതിന് പുറമെ മുഖ്യമന്ത്രി പൊന്നാട അണിയിക്കുകയും നെറ്റിയിൽ സ്‌പര്‍ശിക്കുകയും തിലകം ചാര്‍ത്തുകയും കഴുത്തില്‍ മാലയിടുകയും ചെയ്‌തു. ഗണപതി വിഗ്രഹമാണ് മുഖ്യമന്ത്രി യുവാവിന് സമ്മാനിച്ചത്. 'എന്‍റെ മനസ് ദുഃഖസാന്ദ്രമാണ്. ദഷ്‌മത് ജി, ഇത് നിങ്ങളുമായുള്ള വേദന പങ്കിടാനുള്ള എന്‍റെ ശ്രമമാണ്. ഞാനും നിങ്ങളോട് ക്ഷമ ചോദിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം പൊതുജനങ്ങള്‍ ദൈവമാണ്!' - ചൗഹാൻ പറഞ്ഞു.
'പാവപ്പെട്ടവർക്ക് ബഹുമാനവും സുരക്ഷയും ലഭിക്കണം':'ജനങ്ങളെ സേവിക്കുന്നത് ദൈവത്തെ ആരാധിക്കുന്നതിന് തുല്യമാണ്. എല്ലാ മനുഷ്യരിലും ദൈവം വസിക്കുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. നടന്നത് മനുഷ്യത്വരഹിതമായ സംഭവമാണ്. ആ സംഭവത്തില്‍ എനിക്ക് വലിയ വേദനയുണ്ട്. പാവപ്പെട്ടവർക്ക് ബഹുമാനവും സുരക്ഷയും ലഭിക്കേണ്ടത് പ്രധാനമാണ്' - ശിവരാജ് സിങ് ചൗഹാൻ പറഞ്ഞതായി പ്രമുഖ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്‌തു.