കേരളം

kerala

ETV Bharat / bharat

'ഞാന്‍ കുറെയധികം കഷ്‌ടപ്പെട്ടു, മാധ്യമ പ്രവര്‍ത്തനം തുടരും'; പ്രതികരിച്ച് സിദ്ദീഖ് കാപ്പന്‍ - സിദ്ദീഖ് കാപ്പന്‍

ജയില്‍ മോചിതനായ സിദ്ദീഖ് കാപ്പന്‍ മാധ്യമങ്ങളെ കണ്ടു. നിരപരാധിത്വം തെളിഞ്ഞതില്‍ വളരെയധികം സന്തോഷം. ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തനം തുടരുമെന്ന് കാപ്പന്‍. ഡല്‍ഹിയിലേക്ക് വിടാന്‍ താത്പര്യമില്ലെന്ന് ഭാര്യ റൈഹാനത്ത്.

Siddique Kappan after coming out of jail  Siddique Kappan talk to media  ഞാന്‍ കുറെയധികം കഷ്‌ടപ്പെട്ടു  മാധ്യമങ്ങളോട് പ്രതികരിച്ച് സിദ്ദീഖ് കാപ്പന്‍  മാധ്യമ പ്രവര്‍ത്തനം തുടരും  സിദ്ദീഖ് കാപ്പന്‍  Siddique Kappan
മാധ്യമങ്ങളോട് പ്രതികരിച്ച് സിദ്ദീഖ് കാപ്പന്‍

By

Published : Feb 2, 2023, 3:48 PM IST

Updated : Feb 2, 2023, 4:43 PM IST

ലഖ്‌നൗ:രണ്ട് വര്‍ഷത്തിന് ശേഷം ഉത്തര്‍പ്രദേശ് ജില്ല ജയിലിന് മുന്നില്‍ മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍റെ തിരിച്ച് വരവും കാത്ത് കുടുംബവും മാധ്യമങ്ങളും. പുറം ലോകവും കുടുംബത്തെയും കണ്ടതിന്‍റെ സന്തോഷം ആ മുഖത്ത് നിഴലിച്ചിരുന്നെങ്കിലും തിരിച്ച് പോക്ക് പെറ്റുമ്മയില്ലാത്ത വീട്ടിലേക്കാവേണ്ടി വന്നതില്‍ നിരാശയിലായിരുന്നു കാപ്പന്‍.

തന്നെയും കാത്ത് പുറത്ത് കാത്ത് നിന്ന മാധ്യമ പ്രവര്‍ത്തകരോട് ഞാന്‍ ഡല്‍ഹിയിലേക്ക് വരുന്നു. എനിക്ക് ആറാഴ്‌ച അവിടെ തങ്ങണമെന്ന് കാപ്പന്‍ പറഞ്ഞു. രണ്ട് വര്‍ഷത്തെ ജയില്‍ ജീവിതത്തെ കുറിച്ച് ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് ഞാന്‍ വളരെയധികം കഷ്‌ടപ്പെട്ടുവെന്നാണ് കാപ്പന്‍ പ്രതികരിച്ചത്. ജയില്‍ ജീവിതത്തിനിടെ കാപ്പന്‍റെ മാതാവ് ഖദീജ മരിച്ചു.

സിദ്ദീഖ് കാപ്പന്‍റെ ഭാര്യയുടെ പ്രതികരണം: യുഎപിഎ കേസില്‍ അദ്ദേഹത്തിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. രണ്ടര വര്‍ഷം ഒരു ചെറിയ സമയമല്ല. ഞങ്ങള്‍ ഒരുപാട് വേദനകളിലൂടെ കടന്ന് പോകേണ്ടി വന്നു. അവസാനം നിരപരാധിത്വം തെളിയിക്കപ്പെട്ടു. വൈകിയാണെങ്കിലും നീതി ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും കാപ്പന്‍റെ ഭാര്യ റൈഹാനത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

കുട്ടികള്‍ അദ്ദേഹത്തെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകാനിരിക്കുകയാണ്. അവര്‍ക്ക് അവരുടെ പിതാവിനെ മറക്കാനാകുമോ? മാധ്യമപ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പനാണ് അവരുടെ പിതാവെന്നതില്‍ അവര്‍ അഭിമാനിക്കുന്നുവെന്നും റൈഹാനത്ത് പറഞ്ഞു. സിദ്ദീഖ് കാപ്പനെ ഇനിയും ഡല്‍ഹിയിലേക്ക് വിടാന്‍ താത്പര്യമില്ലെന്ന് പറഞ്ഞ ഭാര്യ മാധ്യമ പ്രവര്‍ത്തനം തുടരുമെന്ന തീരുമാനം കാപ്പന്‍റെതാണെന്നും അദ്ദേഹത്തിന്‍റെ ഇഷ്‌ടമാണതെന്നും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് അദ്ദേഹമാണെന്നും റൈഹാനത്ത് കൂട്ടിച്ചേര്‍ത്തു.

മാധ്യമപ്രവര്‍ത്തനത്തെ കുറിച്ച് കാപ്പന്‍: ഇനിയും മാധ്യമ പ്രവര്‍ത്തനം തുടരുമെന്ന് സിദ്ദീഖ് കാപ്പന്‍ പറഞ്ഞു. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടി സംസാരിക്കും. നെല്‍സണ്‍ മണ്ടേലയെ 27 വര്‍ഷമാണ് ജയിലിലിട്ടത്. ഞാന്‍ 28 മാസമല്ലേ കിടന്നിട്ടുള്ളൂ. എന്‍റെ മോചനത്തിന് വേണ്ടി ശ്രമിച്ചവരോട് നന്ദി പറയുന്നു. ഭാര്യയും മക്കളുമെല്ലാം തന്നെയാണ് എന്‍റെ മോചന പോരാട്ടത്തില്‍ മുന്നിലുണ്ടായിരുന്നത്. കപില്‍ സിബല്‍, വില്‍സ് മാത്യൂസ്, ഹാരിസ് ബീരാന്‍, ഡാനിഷ് എന്നീ അഭിഭാഷകരെല്ലാം മോചനത്തിന് സഹായിച്ചു. എല്ലാവരോടും നന്ദി. ഭീകരത രാഷ്ട്രീയ ഉപകരണമാണ്. ബ്രിട്ടീഷുകാരുടെ കാലത്ത് ഗാന്ധിജിയും ഭഗത് സിങുമെല്ലാം ഭീകരരായിരുന്നു. തന്നെ അത്തരത്തില്‍ വിളിക്കുന്നത് കൊണ്ട് പ്രശ്‌നമില്ലെന്നും സന്തോഷം മാത്രമെയുള്ളൂവെന്നും സിദ്ദിഖ് കാപ്പന്‍ പറഞ്ഞു.

ജയിലിലടക്കപ്പെട്ടത്തിന് ശേഷം രണ്ട് തവണയാണ് അദ്ദേഹം പുറത്ത് പോയത്. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ എയിംസിലേക്ക് ചികിത്സയ്‌ക്ക് വേണ്ടിയും രണ്ടാമത് രോഗിയായ മാതാവിനെ കാണാനും വേണ്ടിയായിരുന്നവെന്ന് കാപ്പന്‍റെ അഭിഭാഷകനായ മുഹമ്മദ് ധനീഷ്‌ കെഎസ് പറഞ്ഞു.

2022 ഒക്‌ടോബര്‍ 5നാണ് ഉത്തര്‍പ്രദേശ് പൊലീസ് സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്‌തത്. ഹത്രാസില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടിലേക്കുള്ള യാത്രമധ്യേയാണ് സിദ്ദീഖ് കാപ്പന്‍ അറസ്റ്റിലായത്. രാജ്യദ്രോഹകുറ്റം, സമുദായങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ചു,തീവ്രവാദത്തിനുള്ള ഫണ്ട് ശേഖരണം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കാപ്പനെ അറസ്‌റ്റ് ചെയ്‌തത്.

also read:സിദ്ദീഖ് കാപ്പന്‍ ജയില്‍ മോചിതനായി, രണ്ടു വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം

Last Updated : Feb 2, 2023, 4:43 PM IST

ABOUT THE AUTHOR

...view details