ലഖ്‌നൗ (ഉത്തര്‍ പ്രദേശ്): മലയാളി മാധ്യമപ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പന്‍ 28 മാസത്തെ ജയില്‍വാസത്തിന് ശേഷം ജയില്‍ മോചിതനായി. ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ദലിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ അവിടേക്ക് കടക്കുന്നതിനിടെയാണ് സിദ്ദീഖ് കാപ്പന്‍ ഉത്തര്‍പ്രദേശ് പൊലീസിന്‍റെ പിടിയിലാകുന്നത്. രാജ്യദ്രോഹം, ഭീകര പ്രവര്‍ത്തനത്തിന് ഫണ്ട് സമാഹരിക്കല്‍, സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കാപ്പനെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തത്.
- ഒക്‌ടോബര്‍ 2020:ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായെന്ന വാര്‍ത്തയെ തുടര്‍ന്ന് അഴിമുഖം എന്ന മലയാളം വാര്‍ത്ത പോര്‍ട്ടലിലെ റിപ്പോര്‍ട്ടറായ സിദ്ദീഖ് കാപ്പന്‍ ഹത്രാസിലേക്ക് പോകുന്നു. യാത്രാമധ്യേ കാപ്പനെ യു.പി പൊലീസ് അറസ്‌റ്റ് ചെയ്യുന്നു. പെണ്‍കുട്ടിയുടെ മരണത്തില്‍ അക്രമം അഴിച്ചുവിടാന്‍ ശ്രമിച്ചുവെന്നായിരുന്നു കാപ്പനും കൂടെയുണ്ടായിരുന്ന മറ്റ് മൂന്നുപേര്‍ക്കുമെതിരെ ചുമത്തിയ കുറ്റം. പിന്നീട് കാപ്പനെതിരെ രാജ്യദ്രോഹവും യിഎപിഎ കുറ്റവും ചുമത്തിയിരുന്നു.
- ഒക്‌ടോബര്‍ 6, 2020: സിദ്ദീഖ് കാപ്പനെ അനധികൃതമായി തടവിലാക്കിയിരിക്കുകയാണെന്ന് കാണിച്ച് കേരള യൂണിയന്‍ ഓഫ് വര്‍ക്കിങ് ജേര്‍ണലിസ്‌റ്റ്‌സ് (കെ.യു.ഡബ്ലിയു.ജെ) ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്യുന്നു. ഈ വിഷയം സുപ്രീം കോടതിയിലെത്തുന്നത് ഒക്‌ടോബര്‍ 12 ന്. എന്നാല്‍ പരാതിയുമായി ഹൈക്കോടതിയെ സമീപിക്കാന്‍ ഹര്‍ജിക്കാരനോട് സുപ്രീം കോടതിയുടെ നിര്‍ദേശം.
- ഒക്‌ടോബര്‍ 29, 2020: കാപ്പന് വേണ്ടിയുള്ള ജാമ്യാപേക്ഷ സമര്‍പ്പിക്കുകയും വിഷയത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെ പ്രതികരണം ആവശ്യപ്പെട്ട് കോടതി നോട്ടീസ് നല്‍കുകയും ചെയ്യുന്നു. എന്നാല്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നവംബറില്‍.
- നവംബര്‍ 2020:കോടതിയുടെ നോട്ടീസിന് ഹത്രാസിൽ ക്രമസമാധാന പ്രശ്‌നം സൃഷ്‌ടിക്കുന്നത് തടയാനാണ് കാപ്പനെ അറസ്‌റ്റ് ചെയ്തതെന്ന് യുപി സർക്കാർ സത്യവാങ്മൂലം സമർപ്പിക്കുന്നു.
- ഡിസംബര്‍ 2020:കോടതി കേസ് പരിഗണിക്കുന്നു, എന്നാല്‍ അറസ്‌റ്റ് ന്യായീകരിച്ച് യുപി സര്‍ക്കാര്‍
- ഫെബ്രുവരി 2021: അസുഖബാധിതയായ അമ്മയെ സന്ദർശിക്കാൻ കാപ്പന് കോടതി അഞ്ച് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിക്കുന്നു.
- ഏപ്രില്‍ 2021: സിദ്ദീഖ് കാപ്പന്‍ ഉള്‍പ്പടെ എട്ടുപേര്‍ക്കെതിരെ യുഎപിഎ ചുമത്തി യു.പി പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നു. തുടര്‍ന്ന് കേസിന്‍റെ വിചാരണ മഥുരയിൽ നിന്ന് ലഖ്‌നൗ സെഷൻസ് കോടതിയിലേക്ക് മാറ്റുന്നു.
- ജൂലൈ 2021:യുഎപിഎ കേസില്‍ സിദ്ദീഖ് കാപ്പന്‍റെ ജാമ്യാപേക്ഷ മഥുര കോടതി തള്ളുന്നു.
- ആഗസ്‌റ്റ് 2021: കാപ്പന്‍റെ ജാമ്യാപേക്ഷ അലഹാബാദ് ഹൈക്കോടതിയിലെ ലഖ്‌നൗ ബെഞ്ചും തള്ളുന്നു. കാപ്പന്‍ ജയിലില്‍ തുടരുന്നു.
- സെപ്‌റ്റംബര്‍ 2022:സിദ്ദീഖ് കാപ്പനെതിരെ കൃത്യമായ കുറ്റങ്ങളൊന്നുമില്ലെന്ന് നിരീക്ഷിച്ച് സുപ്രീം കോടതി ജാമ്യം അനുവദിക്കുന്നു. എന്നാല്‍ അടുത്ത ആറാഴ്‌ച ഡല്‍ഹിയില്‍ തന്നെ തങ്ങണമെന്നും മറ്റ് ജാമ്യോപാധികള്‍ പാലിക്കണമെന്നും കോടതി കാപ്പനോട് നിര്‍ദേശിക്കുന്നു.
- ഡിസംബര്‍ 2022 : കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അലഹാബാദ് ഹൈക്കോടതി കാപ്പന് ജാമ്യം അനുവദിക്കുന്നു. എന്നാല്‍ മോചനം വൈകുന്നു.
- ഫെബ്രുവരി 1, 2023: സിദ്ദീഖ് കാപ്പന്‍റെ ജാമ്യത്തിനാവശ്യമായ ഈട് കോടതിയില്‍ സമര്‍പ്പിക്കുന്നു.
- ഫെബ്രുവരി 02, 2023: നീണ്ട 28 മാസത്തെ ജയില്‍വാസത്തിന് ശേഷം സിദ്ദീഖ് കാപ്പന്‍ പുറത്തേക്ക്.