കേരളം

kerala

ETV Bharat / bharat

ശ്രേയസിനും ഇഷ്‌ടം വൺഡൗൺ, കോലിയും സൂര്യകുമാറും തിരിച്ചെത്തുമ്പോൾ തലവേദന രോഹിതിനും ദ്രാവിഡിനും

കോലിയുടെ സ്ഥിരം പൊസിഷനായ മൂന്നാം നമ്പറിലാണ് ശ്രേയസ് അയ്യർ ശ്രീലങ്കയ്‌ക്കെതിരെ തകർപ്പൻ പ്രകടനം പുറത്തെടുത്തത്. വരാനിരിക്കുന്ന ടി20 ലോകകപ്പിനായി ടീമിനെ ഒരുക്കുക എന്ന നിലയിലാണ് വെസ്റ്റിൻഡീസ്, ശ്രീലങ്ക എന്നിവർക്കെതിരെ ടീം ഇന്ത്യ വമ്പൻ പരീക്ഷണങ്ങൾക്ക് തയ്യാറായത്. എല്ലാ പരീക്ഷണങ്ങളും ഒരു പോലെ വിജയിക്കുകയും ചെയ്തു.

shreyas-iyer-in-good-form-rohit-and-dravid-get-headaches-when-kohli-and-suryakumar-return
ശ്രേയസിനും ഇഷ്‌ടം വൺഡൗൺ, കോലിയും സൂര്യകുമാറും തിരിച്ചെത്തുമ്പോൾ തലവേദന രോഹിതിനും ദ്രാവിഡിനും

By

Published : Feb 28, 2022, 2:32 PM IST

ധർമശാല: ശ്രീലങ്കയ്ക്ക് എതിരായ ടി 20 പരമ്പര കഴിഞ്ഞപ്പോൾ ഇന്ത്യൻ നായകൻ രോഹിത് ശർമയും പരിശീലകൻ രാഹുല്‍ ദ്രാവിഡും ശരിക്കും സന്തോഷിക്കേണ്ടതാണ്. കാരണം പരമ്പരയില്‍ ഇന്ത്യയ്ക്ക് സമ്പൂർണ ജയം. ഇന്ത്യൻ താരങ്ങളെല്ലാം ഫോമിലായി. ഓരോ പൊസിഷനിലും ഇന്ത്യയ്ക്ക് ലോകനിലവാരത്തിലുള്ള രണ്ടിലധികം താരങ്ങളെ കണ്ടെത്താനായി. അതും പോരാഞ്ഞിട്ട് ടി20യില്‍ ഇന്ത്യ ലോക ഒന്നാംനമ്പറുമായി.

മൂന്നാം മത്സരത്തിലും മികച്ച ഫോമില്‍ കളിച്ച ശ്രേയസ് അയ്യർ കളിയിലെ കേമൻ മാത്രമല്ല, പരമ്പരയുടെ താരവുമായി. ഇന്ത്യയെ വിജയത്തിലെത്തിച്ച തുടർച്ചയായ മൂന്ന് അർധസെഞ്ച്വറികളാണ് ശ്രേയസ് സ്വന്തം പേരില്‍ എഴുതി ചേർത്തത്. പക്ഷേ ധർമശാലയിലെ മൂന്നാം മത്സരം കഴിയുമ്പോൾ രോഹിതും ദ്രാവിഡും സന്തോഷം പങ്കിട്ടെങ്കിലും ഇനി വരാനിരിക്കുന്നത് വലിയ തലവേദനയാണെന്ന ചിന്തയിലാണ് ഇരുവരും.

കോലി വരുമ്പോൾ..

പരിക്കും വിശ്രമവുമായി ടീമിന് പുറത്തുള്ള നാല് പേർ ഉടൻ മടങ്ങിയെത്തും. അതിലൊന്ന് സാക്ഷാല്‍ വിരാട് കോലിയാണ്. കോലിയുടെ സ്ഥിരം പൊസിഷനായ മൂന്നാം നമ്പറിലാണ് ശ്രേയസ് അയ്യർ ശ്രീലങ്കയ്‌ക്കെതിരെ തകർപ്പൻ പ്രകടനം പുറത്തെടുത്തത്. തനിക്ക് ഇഷ്‌ടം മൂന്നാം നമ്പറാണെന്ന് അയ്യർ പരസ്യമായി പറയുക കൂടി ചെയ്‌തതോടെ നായകന്‍റെയും പരിശീലകന്‍റെയും തലവേദന ഇരട്ടിയാകും.

ശ്രേയസിനും ഇഷ്‌ടം വൺഡൗൺ

ഇനി കോലി വരുമ്പോൾ അയ്യറെ ബാറ്റിങ് ഓർഡറില്‍ താഴേക്ക് ഇറക്കാമെന്ന് വിചാരിച്ചാല്‍ അവിടെയും പ്രശ്‌നമാണ്. ഇപ്പോൾ ടീമിന് പുറത്തുള്ള കെഎല്‍ രാഹുല്‍, റിഷഭ് പന്ത്, സൂര്യകുമാർ യാദവ് എന്നിവർ മടങ്ങിയെത്തുമ്പോൾ അയ്യരെ എവിടെ ഇറക്കും എന്നത് ശരിക്കും വലിയ തലവേദന തന്നെയാണ്. ഇനി കെഎല്‍ രാഹുല്‍ ഓപ്പണറായാല്‍ ഇഷാൻ കിഷൻ, സഞ്ജു സാംസൺ എന്നിവരെല്ലാം മധ്യനിരയില്‍ കളിക്കാൻ റെഡിയാണ്.

വൻ വിജയമായ പരീക്ഷണങ്ങൾ...

അതിനൊപ്പം ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലെ പരീക്ഷണമായിരുന്നു ഓൾറൗണ്ടർ രവി ജഡേജയെ ബാറ്റിങ് ഓർഡറില്‍ മുകളിലേക്ക് കൊണ്ടുവരിക എന്നത്. അതും വിജയമായി. ഫിനിഷറുടെ റോളില്‍ വെങ്കിടേഷ് അയ്യർ വെസ്റ്റിൻഡീസിന് എതിരായ പരമ്പരയില്‍ തന്നെ മികച്ച ഫോമിലായിരുന്നു. അതോടെ നാല്, അഞ്ച്, ആറ്, ഏഴ് നമ്പറുകളില്‍ ആരെ കളിപ്പിക്കും എന്നത് വലിയൊരു ചോദ്യമായി നായകന്‍റെയും പരിശീലകന്‍റെയും മുന്നിലുണ്ടാകും. വരാനിരിക്കുന്ന ടി20 ലോകകപ്പിനായി ടീമിനെ ഒരുക്കുക എന്ന നിലയിലാണ് വെസ്റ്റിൻഡീസ്, ശ്രീലങ്ക എന്നിവർക്കെതിരെ ടീം ഇന്ത്യ വമ്പൻ പരീക്ഷണങ്ങൾക്ക് തയ്യാറായത്. എല്ലാ പരീക്ഷണങ്ങളും ഒരു പോലെ വിജയിക്കുകയും ചെയ്തു.

also read: വേദിയില്‍ സൽമാൻ ഖാന്‍റെ ഡാൻസ് നമ്പർ പാളി; ട്രോളി സോഷ്യൽ മീഡിയ

അതിനൊപ്പം ബൗളിങ് ഓൾറൗണ്ടർ എന്ന നിലയില്‍ ദീപക് ചാഹർ, ശാർദുല്‍ താക്കൂർ, ഹർഷല്‍ പട്ടേല്‍ എന്നിവരും മികവു തെളിയിച്ചുകഴിഞ്ഞു. അതോടെ ബാറ്റിങില്‍ എട്ടാം നമ്പറിലും ആശയക്കുഴപ്പമാകും. ബൗളർമാരില്‍ വിശ്രമത്തിലുള്ള മുഹമ്മദ് ഷമി തിരിച്ചെത്തുമ്പോൾ സിറാജ്, ഭുവനേശ്വർ കുമാർ എന്നിവരില്‍ ആരാകും പുറത്തേക്ക് പോകുക എന്നതും ബുദ്ധിമുട്ടേറിയ കാര്യമാണ്.

എല്ലാം ടീമിന്‍റെ നല്ലതിനല്ലേ....

സ്‌പിന്നർമാരില്‍ ടി20 സ്‌പെഷ്യലിസ്‌റ്റായ വാഷിങ്‌ടൺ സുന്ദർ, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവർക്കൊപ്പം രവി ബിഷ്‌ണോയി കൂടി വരുമ്പോൾ ടീം സെലക്ഷൻ കുഴഞ്ഞു മറിയും. ഇതൊക്കെയാണെങ്കിലും ടി20 ലോകകപ്പിനായി ഏത് പൊസിഷനിലും കളിക്കാൻ തയ്യാറായ ഒരു പിടി താരങ്ങളെ കണ്ടെത്താനുള്ള ടീം മാനേജമെന്‍റിന്‍റെ ശ്രമം വിജയിച്ചുവെന്നു വേണം കരുതാൻ. പരിക്ക് അടക്കമുള്ള കാര്യങ്ങൾ ടീമിനെ ബാധിക്കാതിരിക്കാൻ അത്തരമൊരു സമീപനം ടീമിന് ഗുണം ചെയ്യുമെന്നുറപ്പാണ്.

ABOUT THE AUTHOR

...view details