ന്യൂഡൽഹി:ശ്രദ്ധ വാക്കർ കൊലക്കേസ് പ്രതി അഫ്‌താബ് അമിൻ പൂനാവാലയുടെ നുണപരിശോധനയുടെ രണ്ടാം സെഷൻ രോഹിണിയിലെ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ (എഫ്‌എസ്‌എൽ) ആരംഭിച്ചു. ആറ് മുതൽ എട്ട് മണിക്കൂർ വരെ നീണ്ടുനിൽക്കുന്ന പരിശോധനയിൽ കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്‌തതാണോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിക്കും.
'അയാളെ പൊലീസ് ഇവിടെ കൊണ്ടുവന്നു, പോളിഗ്രാഫ് ടെസ്റ്റ് നടപടികൾ ആരംഭിച്ചു. ചിലപ്പോൾ കൂടുതൽ സെഷനുകൾ ഉണ്ടാകാം. അതിനാൽ ഇപ്പോൾ കൂടുതൽ വിവരങ്ങൾ പങ്കിടാനാകില്ല. നാർക്കോ ടെസ്റ്റ് എപ്പോൾ നടത്തണമെന്ന് വിദഗ്‌ധരുടെ കൂട്ടായ സംഘം തീരുമാനിക്കും, ഫോറൻസിക് സയൻസ് ലബോറട്ടറി ഡയറക്‌ടർ ദീപ വർമ പറഞ്ഞു.
ബുധനാഴ്‌ചയായിരുന്നു അഫ്‌താബിന് പോളിഗ്രാഫ് ടെസ്റ്റ് നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ പനിയും ചുമയും ബാധിച്ചതിനാൽ ടെസ്റ്റ് ഇന്ന് നടത്താൻ തീരുമാനിക്കുകയായിരുന്നു. അതേസമയം തെളിവുകൾ ശേഖരിക്കുന്നതിനായി മഹാരാഷ്ട്രയിലെ താനെയിലെ ഭയന്ദർ ഉൾക്കടൽ പ്രദേശത്ത് ഡൽഹി പൊലീസിന്‍റെ ഒരു സംഘം തെരച്ചിൽ നടത്തി.