പാല്‍ഗര്‍ (മഹാരാഷ്‌ട്ര):ശ്രദ്ധ വാക്കര്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് അഫ്‌താബ് അമീനെതിരെ പൊലീസിന് നല്‍കിയ പരാതി പുറത്ത്. ഡല്‍ഹിയിലെ പാല്‍ഗറിലെ തുലിന്‍ജ് പൊലീസ് സ്റ്റേഷനിലേക്കാണ് 2020 നവംബര്‍ 23ന് ശ്രദ്ധ പരാതി അയക്കുന്നത്. തന്നെ കൊന്ന് കഷണങ്ങളാക്കും എന്ന് അഫ്‌താബ് ഭീഷണിപ്പെടുത്തി എന്ന് ശ്രദ്ധ പരാതിയില്‍ വ്യക്തമാക്കി.
ഭീഷണിപ്പെടുത്തിയത് പോലെ തന്നെ അഫ്‌താബ് ശ്രദ്ധയെ കൊലപ്പെടുത്തി കഷണങ്ങളാക്കുകയായിരുന്നു. കഷണങ്ങളാക്കിയ ശരീര ഭാഗങ്ങള്‍ ആഴ്‌ചകള്‍ എടുത്ത് ഒരോ ഭാഗങ്ങളായി ഡല്‍ഹിയിലെ വിജനമായ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. അഫ്‌താബ് ആലം ഇപ്പോള്‍ ജയിലിലാണ്.
ശ്രദ്ധയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും പിന്നീട് അഫ്‌താബിനെതിരെയുള്ള പരാതി ശ്രദ്ധ പിന്‍വലിക്കുകയാണ് ചെയ്‌തതെന്ന് പൊലീസ് വ്യക്തമാക്കി. സ്വന്തം കൈപ്പടയിലാണ് ശ്രദ്ധ പരാതി തയ്യാറാക്കിയത്. ശ്രദ്ധ അനുഭവിച്ച പീഡനങ്ങളും മാനസിക സംഘര്‍ഷങ്ങളും വെളിവാക്കുന്നതായിരുന്നു പരാതി.
അഫ്‌താബ് തന്നെ നിരന്തം മര്‍ദിക്കാറുണ്ടായിരുന്നു എന്ന് ശ്രദ്ധ പരാതിയില്‍ പറയുന്നു. "ഇന്ന് അവന്‍ എന്നെ ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ശ്രമിച്ചു. എന്നെ കൊന്ന് കഷണങ്ങളാക്കി വലിച്ചെറിയുമെന്നും ഭീഷണിപ്പെടുത്തി. അവന്‍റെ മര്‍ദനം കഴിഞ്ഞ ആറ് മാസമായി ഞാന്‍ നേരിടുകയാണ്. അവനെ ഭയന്ന് പൊലീസിനെ സമീപിക്കാന്‍ എനിക്ക് ധൈര്യം ഉണ്ടായിരുന്നില്ല", പൊലീസില്‍ അയച്ച പരാതിയില്‍ ശ്രദ്ധ പറയുന്നു.
തന്നെ അഫ്‌താബ് മര്‍ദിക്കാറുള്ളതും കൊല്ലാന്‍ ശ്രമിച്ചതും അഫ്‌താബിന്‍റെ മാതാപിതാക്കള്‍ക്ക് അറിയാമായിരുന്നു എന്നും പൊലീസിന് അയച്ച പരാതി കത്തില്‍ ശ്രദ്ധ വെളിപ്പെടുത്തുന്നു. "ഞങ്ങള്‍ ഒരുമിച്ചാണ് ജീവിക്കുന്നത് എന്ന കാര്യം അവര്‍ക്ക് (അഫ്‌താബിന്‍റെ മാതാപിതാക്കള്‍ക്ക്) അറിയാമായിരുന്നു. വാരാന്ത്യങ്ങളില്‍ ഞങ്ങളെ സന്ദര്‍ശിക്കാന്‍ അവര്‍ താമസസ്ഥലത്ത് വരാറുണ്ട്. അവന്‍റെ കുടുംബത്തിന്‍റെ ആശീര്‍വാദത്തോടെ വിവാഹിതരാവാനായിരുന്നു ഞങ്ങള്‍ തീരുമാനിച്ചിരുന്നത്.
ഇനി മുതല്‍ ഞാന്‍ അവനോടൊപ്പം ജീവിക്കാന്‍ തയ്യാറല്ല. എന്നെ കൊല്ലുമെന്ന് അവന്‍ ഭീഷണിപ്പെടുത്തിയ സാഹചര്യത്തില്‍ എനിക്കുണ്ടാകുന്ന എല്ലാ അപകടങ്ങള്‍ക്കും അവനായിരിക്കും ഉത്തരവാദി", ശ്രദ്ധ പരാതിയില്‍ പറഞ്ഞു.
പരാതി കത്ത് ലഭിച്ചതിന് ശേഷം ശ്രദ്ധയും അഫ്‌താബും വാടകയ്‌ക്ക് താമസിക്കുന്ന ഡല്‍ഹിയിലെ വസായി ഈസ്‌റ്റിലെ ഫ്ലാറ്റില്‍ പൊലീസ് അന്വേഷണത്തിന്‍റെ ഭാഗമായി പോയിരുന്നു. എന്നാല്‍ അവിടെയെത്തിയ പൊലീസ് ഉദ്യോഗസ്ഥരോട് ശ്രദ്ധ പറഞ്ഞത് താന്‍ പരാതിയുമായി മുന്നോട്ട് പോകുന്നില്ല എന്നാണെന്ന് പൊലീസ് പറഞ്ഞു. പരാതി പിന്‍വലിച്ചുകൊണ്ടുള്ള കത്ത് ശ്രദ്ധ നല്‍കിയതിനാല്‍ വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുന്നതിന് തങ്ങള്‍ക്ക് പരിമിതിയുണ്ടായിരുന്നു എന്നും പൊലീസ് വ്യക്തമാക്കി.