ന്യൂഡൽഹി :വധശിക്ഷയ്‌ക്ക് എതിരായും അനുകൂലമായും പല വാദങ്ങളും കാലാകാലങ്ങളായി നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. ഇക്കാലത്ത് വധശിക്ഷ നിർത്തലാക്കണം എന്ന അഭിപ്രായം വലിയ തോതിൽ ശക്‌തിപ്പെടുന്നുണ്ട്. മരണശിക്ഷയാണ് ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനം എന്നാണ് വധശിക്ഷക്കെതിരായി പ്രവർത്തിക്കുന്നവരുടെ അഭിപ്രായം. നിയമ നിർമ്മാണസഭ ശക്തമായ നിയമം കൊണ്ടുവരുന്നത് വരെ വധശിക്ഷ ഈ രീതിയിൽ തുടരുമെന്നാണ് നിയമവിദഗ്‌ധർ വ്യക്‌തമാക്കുന്നത്.
അതേസമയം 2021അവസാനത്തോടെ രാജ്യത്ത് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാരുടെ എണ്ണം 488 ആയി ഉയർന്നെന്നാണ് പ്രൊജക്റ്റ് 39 എ യുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. 2021ൽ വിചാരണക്കോടതികൾ ആകെ 144 വധശിക്ഷകളാണ് വിധിച്ചത്. ഇക്കാലയളവിൽ ഹൈക്കോടതികൾ 39 എണ്ണത്തിൽ മാത്രമാണ് തീരുമാനമെടുത്തതെന്നും ഡൽഹിയിലെ നാഷണൽ ലോ യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ച റിപ്പോർട്ട് പറയുന്നു.
2020-ൽ, വധശിക്ഷയുമായി ബന്ധപ്പെട്ട 31 കേസുകൾ ഹൈക്കോടതികൾ തീർപ്പാക്കിയിരുന്നു. 2019-ൽ ഇത് 76 ആയിരുന്നു. വധശിക്ഷയുമായി ബന്ധപ്പെട്ട് 2021-ൽ സുപ്രീം കോടതിയിലേക്ക് ഒൻപത് കേസുകളാണ് പോയത്. ഇതിൽ അഞ്ചെണ്ണം തീർപ്പാക്കുകയും നാലെണ്ണത്തിൽ ശിക്ഷ ഒഴിവാക്കുകയുമാണ് ചെയ്‌തത്.
വധശിക്ഷ ഒഴിവാക്കണമോ ? : വധശിക്ഷ നിർത്തലാക്കണമെന്ന ആശയത്തെ പിന്തുണച്ച് നിരവധി കോണുകളിൽ നിന്ന് ശബ്‌ദങ്ങൾ ഉയരുന്നുണ്ട്. പല രാജ്യങ്ങളും വധശിക്ഷ നിരോധിച്ചിട്ടുമുണ്ട്. ഇന്ത്യൻ നിയമ വ്യവസ്ഥയിൽ അപൂർവങ്ങളിൽ അപൂർവമായ കേസുകളിൽ മാത്രമാണ് വധശിക്ഷ നൽകുക എന്ന് ഇടിവി ഭാരതിനോട് സംസാരിച്ച ഇന്‍റർനാഷണൽ കൗൺസിൽ ഓഫ് ജൂറിസ്റ്റ് പ്രസിഡന്‍റ് ഡോ. ആദിഷ് അഗർവാല പറഞ്ഞു.
'സെഷൻസ് കോടതി ജഡ്‌ജിക്ക് വധശിക്ഷ വിധിക്കാമെങ്കിലും ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താതെ കേസിന്‍റെ വിധി നടപ്പാക്കാൻ കഴിയില്ല. ഘടനാപരമായി അതിനൊരു നടപടിക്രമം പാലിക്കേണ്ടതുണ്ട്. കീഴ്‌ക്കോടതികളുടെ തീരുമാനം ഹൈക്കോടതി ശരിവെച്ചാലും പ്രതികൾക്ക് സുപ്രീം കോടതിയിൽ അപ്പീൽ നൽകാൻ 90 ദിവസത്തെ സമയമുണ്ട്. അതിനുശേഷം അവർക്ക് രാഷ്ട്രപതിക്ക് ദയാഹർജി നൽകാം' - അഗർവാല പറഞ്ഞു.