റാഞ്ചി: ക്രിസ്മസ്- പുതുവത്സരാഘോഷത്തിന്‍റെ ഭാഗമായി ഓണ്‍ലൈനിലൂടെയുള്ള ഷോപ്പിങ് വര്‍ധിച്ചിരിക്കുകയാണ്. ഈ അവസരത്തില്‍ സൈബര്‍ ക്രിമിനലുകള്‍ പ്രധാനപ്പെട്ട ഷോപ്പിങ് വെബ്സൈറ്റുകളുടെ വ്യാജപതിപ്പുകള്‍ ( cloning) സൃഷ്ടിച്ച് ഉപഭോക്താക്കളെ വഞ്ചിക്കാനായി തക്കം പാര്‍ത്തിരിക്കുകയാണ്.
പ്രധാനപ്പെട്ട കമേഴ്സ്യല്‍ വെബ്സൈറ്റുകളുടെ യുആര്‍എല്ലില്‍ (വെബിലെ ഒരു റിസോഴ്‌സിന്‍റെ അഡ്രസാണ് യുആര്‍എല്‍) ചെറിയവ്യത്യാസം വരുത്തി അതിന്‍റെ വ്യാജപതിപ്പുകള്‍ സൃഷ്ടിച്ച് ഉപഭോക്താക്കളെ കബളിപ്പിച്ച പല കേസുകളും രാജ്യത്തിന്‍റെ പലഭാഗങ്ങളിലും ഈ അടുത്ത ദിവസങ്ങളിലായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഒമിക്രോണിന്‍റെ പശ്ചാത്തലത്തില്‍ കൂടുതല്‍ ആളുകള്‍ ഓണ്‍ലൈനിലൂടെയാണ് ഷോപ്പിങ് നടത്തുന്നത്. ചെറിയ വ്യാപാരസ്ഥാപനങ്ങള്‍ പോലും അവരുടെ കച്ചവടം ഓണ്‍ലൈനിലൂടെയും നടത്തുകയാണ്. അങ്ങനെ ഓണ്‍ലൈന്‍ വ്യാപാരം വര്‍ധിച്ചിരിക്കുന്ന ഘട്ടത്തിലാണ് സൈബര്‍ കുറ്റകൃത്യങ്ങളും വര്‍ധിക്കുന്നത്.
ALSO READ:വേണ്ടത് സൈബർ ജാഗ്രത: രാജ്യത്ത് ഏറ്റവും കൂടുതല്‍ സൈബര്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് കേരളത്തില്‍
പേരിലെ വ്യത്യാസം ശ്രദ്ധിക്കണം
ഉപഭോക്താക്കള്‍ ശ്രദ്ധിക്കാത്ത രീതിയില്‍ പ്രമുഖ കമേഴ്സ്യല്‍ വെബ്സൈറ്റുകളുടെ പേരില്‍ ചെറിയ വ്യത്യാസം വരുത്തിയാണ് സൈബര്‍ ക്രിമിനലുകള്‍ ഉപഭോക്താക്കളെ പലപ്പോഴും കബളിപ്പിക്കുന്നതെന്ന് ജാര്‍ഖഡ് സിഐഡിയിലെ എസ്.പി കാര്‍ത്തിക് എസ് പറഞ്ഞു.
ഉദാഹരണത്തിന് ആമസോണിന്‍റെ (Amazon) ഇംഗ്ലീഷ് സ്പെല്ലിങില്‍ ഒ (o) എന്നതിന് പകരം പൂജ്യം (0) ഉപയോഗിച്ചാല്‍ നമുക്ക് പെട്ടെന്ന് മനസിലാവില്ല ഇത് പ്രമുഖ ഇ കൊമേഴ്സ് കമ്പനിയായ ആമസോണ്‍ അല്ല എന്ന്. ഉപഭോക്താക്കളുടെ വിശ്വാസം പിടിച്ച്പറ്റുന്നതിനായി പല പ്രമുഖ വെബ്സൈറ്റുകളുടെ പേരുകളും ഇതേരീതിയില്‍ മാറ്റി സൈബര്‍ ക്രിമിനലുകള്‍ ഉപഭോക്താക്കളെ കബളിപ്പിക്കുന്നുണ്ടെന്നും എസ്.പി.കാര്‍ത്തിക് പറഞ്ഞു.
നൂറ്കണക്കിനാളുകള്‍ക്ക് ഒരേസമയം മെസേജുകള്‍ അയക്കാന്‍ പറ്റുന്ന മൊബൈല്‍ ആപ്പുകള്‍ സൈബര്‍ ക്രിമിനലുകള്‍ ഉപയോഗിക്കുന്നു. കൊമേഴ്സ്യല്‍ കമ്പനികളും ബാങ്കുകളും ഉപഭോക്താക്കള്‍ക്ക് അയക്കുന്ന മെസേജിന്‍റെ മാതൃക ( format) പകര്‍ത്തി ഇവര്‍ ഉപഭോക്താക്കളുടെ ഫോണ്‍ നമ്പറിലേക്ക് അയക്കുന്നു. പക്ഷെ നമ്മള്‍ ശ്രദ്ധിച്ച് നോക്കുകയാണെങ്കില്‍ ഈ വ്യാജ മെസേജുകളിലെ വ്യാകരണ തെറ്റ് നമുക്ക് കാണാന്‍ സാധിക്കും.
വെബ് അഡ്രസായ യുആര്‍എല്‍ പരിശോധിച്ച് നമുക്ക് വ്യാജ സൈറ്റുകളെ തിരിച്ചറിയാന്‍ സാധിക്കുമെന്ന് സൈബര്‍ വിദഗ്ദ്ധനായ രാഹുല്‍ പറയുന്നു.
"ഭൂരിപക്ഷം വ്യാജ വെബ്സൈറ്റുകളുടേയും യു.ആര്‍.എല്‍ ആരംഭിക്കുക 'http'യിലായിരിക്കും. അവയ്ക്ക് ലോക്ക് ഐക്കണ്‍ ഉണ്ടായിരിക്കുകയുമില്ല. അതെസമയം സുരക്ഷിതമായ വെബ്സൈറ്റുകളുടെ യു.ആര്‍.എല്‍ ആരംഭിക്കുക 'https' ആയിരിക്കും അവയ്ക്ക് ലോക്ക് ഐക്കണ്‍ ഉണ്ടായിരിക്കുകയും ചെയ്യും" രാഹുല്‍ പറഞ്ഞു.
ഇളവുകളില്‍ വീഴരുത്
ആകര്‍ഷകമായ ഇളവുകള്‍ പ്രഖ്യാപിച്ചുകൊണ്ടാണ് ഇത്തരം വ്യാജ സൈറ്റുകള്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ശ്രമിക്കുക. ഇത്തരക്കാരുടെ വലയില്‍പെട്ട്പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വിശ്വാസ്യത ഉറപ്പുവരുത്തതിന് മുന്‍പ് ഈ മെയില്‍ ഐഡി, പാന്‍കാര്‍ഡ് നമ്പര്‍, ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ തുടങ്ങിയവ നല്‍കാന്‍ പാടില്ല.
വെബ്സൈറ്റിന്‍റെ ടേംസ് ആന്‍ഡ് കണ്‍ഡീഷന്‍ വ്യക്തമാക്കുന്ന പോളിസി പേജ് വായിക്കേണ്ടത് അതിന്‍റെ വിശ്വാസ്യത ഉറപ്പാക്കാന്‍ ആവശ്യമാണെന്നും രാഹുല്‍ പറയുന്നു.
കസ്റ്റമര്‍ കെയര്‍, റീഫണ്ട്, മണിബാക്ക് തുടങ്ങിയവ വ്യക്തമാക്കുന്ന പേജുകള്‍ വിശ്വാസ്യയോഗ്യമായ ഇ കൊമേഴ്സ് കമ്പനികളുടെ വെബ്സൈറ്റുകളില്‍ ഉണ്ടാകും. ഇത്തരത്തിലുള്ള വിവരങ്ങള്‍ ഇല്ലെങ്കില്‍ അത് വ്യാജമാണെന്ന് ഉറപ്പിക്കാമെന്നും രാഹുല്‍ പറഞ്ഞു.
വിശ്വാസ യോഗ്യമെന്ന് തോന്നിക്കുന്ന വ്യാജ വെബ്സൈറ്റുകള്‍ നിര്‍മിക്കാന്‍ ഒരു സോഫ്റ്റ് വെയര്‍ ഡെവലപ്പറെ സംബന്ധിച്ചിടത്തോളം വലിയ പ്രയാസമുള്ള കാര്യമല്ല. അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തുകൊണ്ട് പാസ് വേഡുകള്‍ സ്വന്തമാക്കുന്നത് സൈബര്‍ ക്രിമിനിലുകള്‍ അവലംബിക്കുന്ന രീതിയാണ്. അതുകൊണ്ട്തന്നെ ഓണ്‍ലൈനിലൂടെ ഷോപ്പിങ് നടത്തുമ്പോള്‍ ജാഗ്രത കാണിക്കണം.