ബെംഗളൂരു:തെരഞ്ഞെടുപ്പ് തിയതിയും സ്ഥാനാര്‍ഥി പട്ടികയും വന്നതിന് പിന്നാലെ കര്‍ണാടകയില്‍ വാക്‌പോര് തുടങ്ങി നേതാക്കള്‍. അസംബ്ലി തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്‍റെ താരപ്രചാരകരുടെ പട്ടികയെ ചൊല്ലി കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലാജെയാണ് രംഗത്തെത്തിയത്. ക്രിമിനല്‍ പശ്ചാത്തലമുള്ളയാളെ കോണ്‍ഗ്രസ് താരപ്രചാരകനാക്കി എന്നായിരുന്നു ശോഭ കരന്ദ്‌ലാജെയുടെ ആരോപണം.
അതിഖ് അഹമ്മദിനെ ചൊല്ലി:കോൺഗ്രസിന്‍റെ താരപ്രചാരകരില്‍ ഇമ്രാൻ പ്രതാപ് ഗാർഹിയുടെ പേരുണ്ട്. ഇയാള്‍ യുപി ഗുണ്ടാത്തലവന്‍ അതിഖ് അഹമ്മദിന്‍റെ അനുയായിയാണ്. അതിഖ് അഹമ്മദ് തന്‍റെ യജമാനനാണെന്ന് ഇമ്രാൻ പ്രതാപ് ഗാർഹി പറയാറുണ്ടെന്നും ഇങ്ങനെ ഒരാളെയാണ് സംസ്ഥാന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് താരപ്രചാരകനാക്കിയിരിക്കുന്നതെന്നും ശോഭ കരന്ദ്‌ലാജെ പറഞ്ഞു. ഇതിനെ ബിജെപി ശക്തമായി അപലപിക്കുന്നുവെന്നും അവര്‍ വ്യാഴാഴ്‌ച മല്ലേശ്വരയിലെ ബിജെപി മീഡിയ സെന്‍ററിൽ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അതിഖ് അഹമ്മദിന്‍റെ കൊലപാതകത്തില്‍ കുറ്റവാളികളെയും അവര്‍ക്കൊപ്പമുള്ളവരെയും അറസ്റ്റ് ചെയ്യണമെന്ന് ദിഗ്‌വിജയ് സിങ് ആവശ്യപ്പെട്ടു. പക്ഷെ ഇപ്പോള്‍ നിങ്ങള്‍ തന്നെ ഇമ്രാൻ പ്രതാപ് ഗർഹിയെ ഒരു താരപ്രചാരകനാക്കി. അപ്പോൾ ഇമ്രാൻ ഗാർഹിയും കോൺഗ്രസും തമ്മിലുള്ള ബന്ധം എന്താണെന്ന് ചോദ്യമുന്നയിച്ച ശോഭ കരന്ദ്‌ലാജെ, കോൺഗ്രസ് ക്രിമിനലുകളുമായി കൈകോർത്തുവെന്നും അഭിപ്രായപ്പെട്ടു. മാത്രമല്ല ഹിന്ദു-മുസ്‌ലിം ഐക്യം തകർക്കാൻ ഇമ്രാൻ ഇത് ഉപയോഗിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.
താരപ്രചാരകനെ ഉന്നംവച്ച്: കൂടാതെ ഇമ്രാന്‍റെ പ്രസംഗത്തിന്‍റെ വീഡിയോയും ഗുണ്ടാസംഘങ്ങൾക്കൊപ്പമുള്ള ചിത്രങ്ങളും ശോഭ കരന്ദ്‌ലാജെ പുറത്തുവിട്ടു. സമൂഹത്തിനെതിരെ കവിത എഴുതുന്ന ഇമ്രാനെപ്പോലുള്ള രാജ്യദ്രോഹികളോട് കോൺഗ്രസിന് വലിയ സ്നേഹമാണ്. ഉത്തർപ്രദേശിൽ നിന്ന് സാധിക്കാത്തതിനാലാണ് ഇമ്രാനെ മഹാരാഷ്‌ട്രയിൽ നിന്നും കോൺഗ്രസ് രാജ്യസഭയിലേക്ക് തെരഞ്ഞെടുത്തത്. ഗുണ്ടാ നിയമപ്രകാരം അറസ്‌റ്റ് ചെയ്‌തവരുമായി ഇമ്രാൻ ബന്ധപ്പെട്ടിരുന്നുവെന്നും കർണാടകയിൽ വന്ന് ഇമ്രാൻ ടിപ്പുവിന് അനുകൂലമായി പ്രസംഗിക്കുക മാത്രമല്ല പ്രകോപനപരമായ പ്രസ്‌താവനയും നടത്തിയെന്നും ശോഭ കരന്ദ്‌ലാജെ അഭിപ്രായപ്പെട്ടു.
കേരളത്തിലെ കോണ്‍ഗ്രസിനും വിമര്‍ശനം:കേരളത്തിലെ കണ്ണൂരില്‍ പശുവിനെ പരസ്യമായി അറുത്ത് ചോരയിൽ കളിച്ചവനെ അവിടെ യൂത്ത് കോൺഗ്രസ് പ്രസിഡന്‍റാക്കിയിരിക്കുന്നു. സംസ്ഥാന കോൺഗ്രസ് നേതാക്കൾ ഇവരുമായി ബന്ധവുമുണ്ട്. കേരളത്തിൽ ഗോഹത്യക്കാർക്കൊപ്പം രാഹുൽ ഗാന്ധി പദയാത്ര നടത്തുകയാണെന്നും ഇത്തരക്കാർക്കൊപ്പമാണ് കോൺഗ്രസ് നേതാക്കൾ കൈകോര്‍ക്കുന്നതെന്നും അവര്‍ പറഞ്ഞു. കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെതിരെയും പ്രതികരിക്കാന്‍ ശോഭ കരന്ദ്‌ലാജെ മറന്നില്ല. ക്രിമിനലുകളെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഡി കെ എന്നും അദ്ദേഹമാണ് ഇമ്രാന്‍ ഗാര്‍ഹിയെ കൊണ്ടുവന്ന് താരപ്രചാരകനാക്കിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഷെട്ടാറിന്‍റെ രാജി:അതേസമയം കർണാടക മുൻ മുഖ്യമന്ത്രിയും ആറ് തവണ എംഎല്‍എയുമായിരുന്ന മുതിര്‍ന്ന ബിജെപി നേതാവ് ജഗദീഷ് ഷെട്ടാർ കഴിഞ്ഞദിവസം കോൺഗ്രസിൽ ചേര്‍ന്നിരുന്നു. ബെംഗളൂരുവിലെ കോൺഗ്രസ് ഓഫിസിൽ എത്തിയായിരുന്നു ഷെട്ടാര്‍ അംഗത്വം സ്വീകരിച്ചത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാർ, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പാർട്ടി പ്രവേശം. ഇതോടെ ഷെട്ടാര്‍ ഹുബ്ലി-ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കും. ഈ മണ്ഡലത്തില്‍ ബിജെപി ഇത്തവണ ടിക്കറ്റ് നൽകാത്തതിനെ തുടർന്നായിരുന്നു ഷെട്ടാർ പാര്‍ട്ടി വിട്ടത്.