ഷിംലയില്‍ മണ്ണിടിച്ചില്‍, മേഘവിസ്‌ഫോടനത്തില്‍ വിറങ്ങലിച്ച് സോളന്‍ ഷിംല: ഹിമാചൽ പ്രദേശിൽ കനത്ത മഴയിലും മണ്ണിടിച്ചിലിലും ശിവക്ഷേത്രം തകർന്ന് ഒന്‍പത് പേര്‍ മരിച്ചു. നിരവധി പേർ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. തലസ്ഥാനമായ ഷിംലയ്ക്ക് സമീപമാണ് അപകടം. ഇതോടെ സമ്മര്‍ ഹില്ലിലും സോളനിലും ഉണ്ടായ രണ്ട് മണ്ണിടിച്ചിലുകളില്‍ മരണം 16 ആയി.
30 ഓളം പേർ മണ്ണിനടിയിലെന്ന് സൂചന: ഷിംലയിലെ സമ്മർഹിൽ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ശിവ് ബാരി ക്ഷേത്രമാണ് കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ തകർന്നത്. തിങ്കളാഴ്‌ച ആയതിനാൽ ക്ഷേത്രത്തിൽ ഭക്തജനത്തിരക്കായിരുന്നു. ദുരിതാശ്വാസ, രക്ഷാപ്രവർത്തനം തുടരുകയാണ്.
ഉരുൾപൊട്ടലിനെക്കുറിച്ച് വിവരം ലഭിച്ചയുടൻ തദ്ദേശഭരണ സ്ഥാപനങ്ങൾ രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. രക്ഷപ്പെടുത്തിയവരെ ഷിംലയിലെ ഐജിഎംസി ആശുപത്രിയിലേക്ക് മാറ്റിയതായി എഎസ്‌പി സുനിൽ നേഗി പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന മഴയെ തുടർന്ന് സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഉരുൾപൊട്ടലും കനത്ത നാശനഷ്‌ടങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
'കനത്ത മഴയെ തുടര്‍ന്ന് സമ്മര്‍ഹില്ലിലെ ശിവ മന്ദിര്‍ തകര്‍ന്ന് ഷിംലയില്‍ നിന്ന് സങ്കടകരമായ വാര്‍ത്തയാണ് വരുന്നത്. ഇതുവരെ ഒന്‍പത് മൃതദേഹങ്ങള്‍ കണ്ടെടുത്തു. കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനായി പ്രാദേശിക ഭരണകൂടം അവശിഷ്‌ടങ്ങള്‍ നീക്കം ചെയ്യാനുള്ള തീവ്ര ശ്രമത്തിലാണ്' -മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ് സുഖു അറിയിച്ചു.
അതേസമയം, തിങ്കളാഴ്‌ച രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതോടെ സോളനിലെ ജാദണ്‍ ഗ്രാമത്തിലുണ്ടായ മേഘവിസ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. മേഘവിസ്‌ഫോടനത്തില്‍ അഞ്ച് പേര്‍ മരിച്ചതായും മൂന്നുപേരെ കാണാതായതായും നേരത്തെ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ് സുഖു അനുശോചനം രേഖപ്പെടുത്തുകയും സാധ്യമായ എല്ലാ സഹായവും എത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്‌തു.
'സോളന്‍ ജില്ലയിലെ ധാവ്‌ല സബ് തഹസില്‍ ഗ്രാമത്തിലെ ജാദണ്‍ ഗ്രാമത്തില്‍ ഉണ്ടായ മേഘവിസ്‌ഫോടനത്തില്‍ ഏഴ് വിലപ്പെട്ട ജീവനുകള്‍ നഷ്‌ടപ്പെട്ടതിനെ കുറിച്ച് കേട്ടപ്പോള്‍ തകര്‍ന്ന് പോയി. ദുഃഖിതരായ കുടുംബങ്ങള്‍ക്ക് ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. ഈ ദുഷ്‌കരമായ സമയത്ത് നിങ്ങളുടെ വേദനയിലും ദുഃഖത്തിലും ഞങ്ങള്‍ പങ്കുചേരുന്നു. ദുരന്തം ബാധിക്കപ്പെട്ട കുടുംബങ്ങള്‍ക്ക് സാധ്യമായ എല്ലാ സഹായവും പിന്തുണയും ഉറപ്പാക്കാന്‍ അധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്' -സുഖ്‌വീന്ദര്‍ സിങ് സുഖു എക്‌സില്‍ കുറിപ്പ് പങ്കുവച്ചു.
കഴിഞ്ഞ 24 മണിക്കൂറില്‍ ഹിമാചല്‍ പ്രദേശില്‍ മഴ ശക്തമായി പെയ്‌തത് മണ്ണിടിയാന്‍ കാരണമായി. ഷിംല-ചണ്ഡീഗഢ് ഉള്‍പ്പെടെ നിരവധി പ്രധാന റോഡുകളില്‍ ഗതാഗത തടസം നിലനില്‍ക്കുകയാണ്. മഴക്കെടുതിയില്‍ സംസ്ഥാനത്താകെ 257 പേരാണ് മരിച്ചത്. 7,020.28 കോടി രൂപയുടെ നാശനഷ്‌ടം റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. വിവിധയിടങ്ങളിലായി 32 പേരെ കാണാതായും റിപ്പോര്‍ട്ടുണ്ട്. പലയിടങ്ങളിലായി 1,376 വീടുകള്‍ പൂര്‍ണമായും 7,935 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. കൂടാതെ 270 കടകളും 2,727 കാലി തൊഴുത്തുകളും നശിച്ചു.
ഇതിനിടെ സംസ്ഥാനത്തെ കാലാവസ്ഥ കണക്കിലെടുത്ത് സര്‍വകലാശാല പരീക്ഷകള്‍ ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ റദ്ദാക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്‌തു. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ജില്ല കലക്‌ടര്‍മാര്‍ എന്നിവര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഗതാഗതം, വൈദ്യുതി, കുടിവെള്ളം എന്നിവ പുനഃസ്ഥാപിക്കാനും നിര്‍ദേശമുണ്ട്.
Also Read :Himachal Pradesh Rains | ഹിമാചലില്‍ കലിതുള്ളി പെരുമഴ; 257 മരണം, കോടി കണക്കിന് രൂപയുടെ നാശനഷ്‌ടം