തിരുവനന്തപുരം:വരാനിരിക്കുന്ന എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പും ഗുലാം നബി ആസാദിന്‍റെ രാജിയും ആധാരമാക്കി കോണ്‍ഗ്രസ് പുനരുജ്ജീവനത്തിന് പുതിയ നിർദേശങ്ങള്‍ മുന്നോട്ടുവച്ച് ജി-23 അംഗവും തിരുവനന്തപുരത്ത് നിന്നുള്ള ലോക്‌സഭാംഗവുമായ ശശി തരൂർ. പ്രമുഖ മലയാള ദിനപത്രമായ മാതൃഭൂമിയില്‍ 'കോണ്‍ഗ്രസിന് വേണം പുതിയ പ്രഭാവം' എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിലാണ് തരൂര്‍ പുതിയ നിര്‍ദേശങ്ങള്‍ മുന്നോട്ട് വയ്‌ക്കുന്നത്.
ഗുലാം നബി ആസാദിന്‍റെ രാജി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കും. മുതിര്‍ന്ന സഹപ്രവര്‍ത്തകരുടെ ഇറങ്ങിപ്പോക്ക് കോണ്‍ഗ്രസിന് ഒരിക്കലും ഗുണകരമാകില്ല. ഇത്തരം യാത്ര പറച്ചിലുകളില്‍ വ്യക്തിപരമായി ഖേദമുണ്ടെന്നും സൃഹൃത്തുക്കളെല്ലാം പാര്‍ട്ടിയില്‍ തുടർന്ന് പാര്‍ട്ടിയെ നവീകരിക്കാനായി പൊരുതണമെന്ന് ആഗ്രഹിക്കുന്നുവെന്നും തരൂര്‍ ലേഖനത്തില്‍ പറയുന്നു.
പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുകയല്ല ജി-23യുടെ ലക്ഷ്യം:ജി-23 സംഘത്തിന്‍റെ അപേക്ഷയില്‍ ഒപ്പു വച്ച അംഗം എന്ന നിലയില്‍ കോണ്‍ഗ്രസ് പുനരുജ്ജീവിക്കണമെന്നാഗ്രഹിക്കുന്ന പാര്‍ട്ടി അംഗങ്ങള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കുമിടയില്‍ മാസങ്ങളായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ആശങ്കകള്‍ ആ കത്തില്‍ പങ്കുവയ്‌ക്കപ്പെട്ടിരുന്നു. ആ കത്ത് മുഴുവന്‍ പാര്‍ട്ടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് മാത്രമായിരുന്നു. അതല്ലാതെ പാര്‍ട്ടിയുടെ ആദര്‍ശങ്ങളെയോ മൂല്യങ്ങളെയോ കുറിച്ചായിരുന്നില്ല.
പാര്‍ട്ടിയെ വിഭജിക്കാനോ ദുര്‍ബലപ്പെടുത്താനോ അല്ല മറിച്ച് അതിനെ ശക്തിപ്പെടുത്തുകയും നവജീവന്‍ നല്‍കുകയുമാണ് ജി-23 അംഗങ്ങളുടെ ഒരേയൊരു ലക്ഷ്യം. ബിജെപി രാജ്യത്ത് ചെയ്‌ത് കൂട്ടുന്നതിനെ പ്രതിരോധിക്കാന്‍ കഴിയുന്ന കാര്യക്ഷമമായ കോണ്‍ഗ്രസ് പാര്‍ട്ടിയെയാണ് തങ്ങള്‍ തേടുന്നത്. ഏതെങ്കിലും ഒരു വ്യക്തിക്കെതിരെയല്ല, മറിച്ച് കോണ്‍ഗ്രസ് പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതി മാറണമെന്നാണ് ആഗ്രഹിക്കുന്നതെന്നും തരൂര്‍ ലേഖനത്തില്‍ വിശദീകരിക്കുന്നു.
പല വിമര്‍ശകരും ചൂണ്ടിക്കാട്ടുന്നത് പോലെ മേല്‍വിലാസമില്ലാത്ത കവർ പോലെയാണ് കോണ്‍ഗ്രസ് ഇന്ന് എന്നതാണ് പ്രശ്‌നം. ഗുലാം നബി ആസാദ് രാജിവച്ച ശേഷം പാര്‍ട്ടി വലിയ പ്രതിസന്ധിയിലേക്ക് പോകുമെന്ന് പലരും കരുതുന്നു. ഇത് ദിനംതോറും പാര്‍ട്ടിക്കായി എഴുതപ്പെടുന്ന ചരമ ഗീതങ്ങളുടെ ആക്കം കൂട്ടിക്കഴിഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലേറ്റ പരാജയം കൊണ്ട് തന്നെ തളര്‍ന്നിരിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനോവീര്യം ഇതോടെ വീണ്ടും തകരാനിടയുണ്ട്.