മുംബൈ: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിയുന്നതിനായി മുതിര്‍ന്ന നേതാവ് ശരദ് പവാര്‍ സമര്‍പ്പിച്ച രാജി തള്ളി കോര്‍ കമ്മിറ്റി. ശരദ് പവാര്‍ പാര്‍ട്ടി അധ്യക്ഷനായി തുടരണമെന്ന പ്രമേയം കമ്മിറ്റി പാസാക്കി. അധ്യക്ഷ സ്ഥാനത്ത് നിന്ന് ശരദ് പവാര്‍ ഒഴിയുന്നത് സംബന്ധിച്ച് എന്‍സിപി പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ എതിര്‍പ്പ് നിലനിന്നിരുന്നു.
പവാര്‍ പാര്‍ട്ടിയില്‍ തുടരണമെന്നും പാര്‍ട്ടിയെ മുന്നോട്ട് നയിക്കണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് മുംബൈയില്‍ നടന്ന പാര്‍ട്ടി യോഗത്തില്‍ പവാറിന്‍റെ രാജി കോര്‍ കമ്മിറ്റി തള്ളിയത്. തന്‍റെ പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്നതിനായി ശരദ് പവാര്‍ നിയോഗിച്ച കമ്മിറ്റിയില്‍ അജിത് പവാർ, സുപ്രിയ സുലെ, മുൻ യൂണിയൻ നേതാവ് പ്രഫുൽ പട്ടേൽ, ഭുജ്ബൽ എന്നിവരാണ് ഉണ്ടായിരുന്നത്.
യോഗത്തില്‍ പവാറിന്‍റെ രാജി തള്ളിക്കൊണ്ട് എന്‍സിപി അധ്യക്ഷനായി അദ്ദേഹം തുടരണമെന്ന പ്രമേയം മുതിര്‍ന്ന നേതാവ് പ്രഫുല്‍ പട്ടേല്‍ അവതരിപ്പിക്കുകയായിരുന്നു. പവാറിന്‍റെ പിന്‍ഗാമിയായി മകള്‍ സുപ്രിയ സുലെയോ സഹോദരന്‍റെ മകന്‍ അജിത് പവാറോ എന്‍സിപി തലപ്പത്ത് എത്തുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് കോര്‍ കമ്മിറ്റി അദ്ദേഹത്തിന്‍റെ രാജി തള്ളിയത്.