കേരളം

kerala

ETV Bharat / bharat

56ന്‍റെ നിറവില്‍ എസ്‌.ആര്‍.കെ; ആളും ആരവവുമില്ലാതെ മന്നത്ത്, ആഘോഷമൊഴിവാക്കി ബോളിവുഡ് - ഷാരൂഖ് ഖാന്‍

ലഹരിമരുന്ന് കേസില്‍, മകന്‍ അറസ്റ്റിലായ ദുഃഖസാഹചര്യത്തിലാണ് ഷാരൂഖ് ഖാന് പിറന്നാള്‍ ദിനം വന്നെത്തിയിരിക്കുന്നത്.

sharukh khan  Shah Rukh Khan's 56th birthday  എസ്‌.ആര്‍.കെ  ബോളിവുഡ്  ഷാരൂഖ് ഖാന്‍  ആര്യന്‍ ഖാന്‍
56 ന്‍റെ നിറവില്‍ എസ്‌.ആര്‍.കെ; ആളും ആരവവുമില്ലാതെ മന്നത്ത് ഹൗസ്, പാര്‍ട്ടികളൊഴിവാക്കി ബോളിവുഡ്

By

Published : Nov 2, 2021, 11:26 AM IST

മുംബൈ: ബോളിവുഡിന്‍റെ മെഗാസ്റ്റാർ കിങ് ഖാന് ചൊവ്വാഴ്‌ച 56ാം പിറന്നാള്‍ ദിനമാണ്. പതിവിന് വിപരീതമായി, സങ്കടം നിഴലിച്ച ജന്മദിനമാണ് ഷാരൂഖിന് വന്നുചേര്‍ന്നിരിക്കുന്നത്. മുംബൈ ആഡംബരക്കപ്പലിലെ ലഹരിമരുന്ന് കേസില്‍, മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായതാണ് സാഹചര്യം മാറ്റിമറിച്ചത്.

ഒക്‌ടോബര്‍ മൂന്നിന് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായി, ജയില്‍വാസത്തിനുശേഷം താരപുത്രന്‍ ഒക്‌ടോബര്‍ 30 നാണ് ജാമ്യത്തിലിറങ്ങിയെങ്കിലും മന്നത്ത് ഹൗസ് പഴയ ഉണര്‍വിലേക്ക് എത്തിയിട്ടില്ല. ഇക്കാരണം കൊണ്ടുതന്നെ ഷാരൂഖിന്‍റെ പിറന്നാള്‍ ആഘോഷം മന്നത്തിലായിരിക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. അലിബാഗിലെ ഫാം ഹൗസില്‍ ലളിതമായി നടത്തിയേക്കുമെന്നാണ് സൂചന. ആരാധകരും മാധ്യമങ്ങളും കൂട്ടമായെത്തുമെന്ന് കരുതി ഇക്കാര്യത്തില്‍ ഖാന്‍ കുടുംബം വ്യക്തത വരുത്താന്‍ തയ്യാറായിട്ടില്ല.

പിറന്നാള്‍ ദിനത്തില്‍ വീടിനുമുന്‍പില്‍ എത്തുന്ന ആരാധകരെ ബാല്‍ക്കണിയില്‍ നിന്ന് കൈവീശി കാണിക്കുന്നത് അദ്ദേഹത്തിന് പതിവുള്ളതാണ്. കൊവിഡ് വ്യാപനം രൂക്ഷമായതോടെ 2020 ല്‍ മുടങ്ങിയ ഈ പതിവ് വീണ്ടും ആവര്‍ത്തിച്ചിരിക്കുകയാണ്. നിലവിലെ സാഹചര്യത്തോട് പൊരുത്തപ്പെട്ട് ഈ ആഗ്രഹം ഉള്ളിലൊതുക്കുകയാണ് എസ്‌.ആര്‍.കെ ആരാധകര്‍. പ്രതിസന്ധി ഘട്ടങ്ങളില്‍ ആത്മാര്‍ഥതയോടെ കൂടെ നിന്നയാള്‍ എന്ന മറ്റൊരു വിശേഷമുള്ള താരത്തിന്‍റെ ഈ സങ്കടപിറന്നാളില്‍ എസ്.ആര്‍.കെയെ ചേര്‍ത്തുനിര്‍ത്തുകയാണ് മുംബൈ സിനിമാലോകവും.

സീരിയല്‍ താരമായെത്തി സിനിമാലോകം ഭരിച്ച ബാദുഷ

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി നടത്താറുള്ള പാര്‍ട്ടികള്‍ ഇക്കാരണംകൊണ്ട് ഒഴിവാക്കിയേക്കുമെന്നുള്ള സൂചനകള്‍ പുറത്തുവരുന്നുണ്ട്. 1965 നവംബർ രണ്ടിന് സ്വാതന്ത്ര്യ സമര സേനാനിയും അഭിഭാഷകനും വ്യവസായിയുമായ മീർ താജ് മുഹമ്മദ് ഖാന്‍റെയും ലത്തീഫ് ഫാത്തിമയുടെയും മകനായി ന്യൂഡൽഹിയില്‍ ജനിച്ചു. പില്‍ക്കാലത്ത് ഇന്ത്യൻ ചലച്ചിത്രരം‌ഗത്തിന്‍റെ പ്രധാന മുഖങ്ങളിലൊരാളായ ആരാധകരുടെ സ്വന്തം ബാദുഷ സിനിമാ നിർമാതാവ്, ജനപ്രിയ ടെലിവിഷൻ അവതാരകൻ എന്നീ നിലകളിലും പ്രശസ്‌തി ആര്‍ജിച്ചു.

1980 കളിൽ ടി.വി സീരിയലുകളിലൂടെ അഭിനയലോകത്തെത്തിയ ഈ പ്രതിഭ 109 ചിത്രങ്ങളിലാണ് വ്യത്യസ്‌ത വേഷങ്ങളില്‍, കഥകളില്‍ വെള്ളിത്തിരയില്‍ ജീവിച്ചുതീര്‍ത്തത്. മൂന്ന് പതിറ്റാണ്ട് നീണ്ട കരിയറിൽ വമ്പൻ ഹിറ്റുകള്‍ക്കൊപ്പം തന്നെ നിരൂപകപ്രശംസ നേടിയ നിരവധി ചിത്രങ്ങളും ചെയ്യാനായെന്നത് അദ്ദേഹത്തിന്‍റെ പ്രധാന നേട്ടമാണ്. 1992 ൽ ഇറങ്ങിയ ദീവാന എന്ന സിനിമയിലൂടെ തുടങ്ങി പിന്നീട് ദുൽഹനിയ ലേ ജായേംഗെ (1995), കുച്ച് കുച്ച് ഹോതാ ഹേ (1998), ചക് ദേ ഇന്ത്യ (2007), ഓം ശാന്തി ഓം (2007) രബ് നേ ബനാ ദി ജോഡി (2008), മൈ നെയിം ഈസ് ഖാൻ (2010), ചെന്നൈ എക്‌സ്‌പ്രസ്(2013) തുടങ്ങിയ അനേകം ബോക്‌സ് ഓഫിസ് ചിത്രങ്ങള്‍ ഷാരൂഖിനെ ബോളിവുഡിന്‍റെ സൂപ്പര്‍ സ്റ്റാര്‍ പരിവേഷത്തിലെത്തിച്ചു.

'സീറോ'യില്‍ നിന്നും 'പത്താനി'ലേക്കുള്ള കാത്തിരിപ്പ്

2018ല്‍ പുറത്തിറങ്ങിയ 'സീറോ' എന്ന ചിത്രമാണ് ഷാരൂഖിന്‍റെ ഒടുവിലെത്തിയ സിനിമ. ഈ ചിത്രം വൻ പരാജയമായിരുന്നെങ്കിലും പുതുതായി ഇറങ്ങാനിരിക്കുന്ന 'പത്താന്' (Pathan) വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമലോകം. 2005ൽ പദ്‌മശ്രീ, മികച്ച അഭിനേതാവിനുള്ള 14 ഫിലിംഫെയർ അവാർഡുകള്‍, രാജ്യത്തുനിന്നും അന്താരാഷ്ട്ര തലത്തിലും മറ്റുനിരവധി പുരസ്‌കാരങ്ങളും ഈ സൂപ്പര്‍ താരത്തെ തേടിയെത്തി.

അഭിനയ പ്രതിഭ എന്ന നിലയ്‌ക്ക് മാത്രമല്ല ഖാനെ ആരാധകര്‍ ഞെഞ്ചേറ്റുന്നത്. ആരെയും ആകര്‍ഷിപ്പിക്കുന്ന ചടുലമായ വ്യക്തിത്വവും ഇതില്‍ പ്രധാന ഘടകമായിട്ടുണ്ട്. സങ്കടസമയവും കടന്ന്, വിശേഷ ദിവസങ്ങളില്‍ പുതിയ ഊര്‍ജത്തില്‍ കൈവീശി അഭിവാദ്യം ചെയ്യാന്‍ മന്നത്ത് ഹൗസിന്‍റെ ബാല്‍ക്കണിയിലേക്കും വെള്ളിത്തിരയിലേക്കും വൈകാതെ എസ്‌.ആര്‍.കെ വരുമെന്ന ശുഭാപ്‌തിവിശ്വാസത്തിലാണ് ആരാധകരും മുബൈ സിനിമാലോകവും.

ALSO READ:'ആ ഊര്‍ജസ്വലര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനായത് മഹത്തരം' ; അനുശോചന കുറിപ്പുമായി ദുല്‍ഖര്‍

ABOUT THE AUTHOR

...view details