ചണ്ഡിഗഡ്: ഹരിയാനയിലെ യൂണിവേഴ്‌സിറ്റിയിൽ അഞ്ഞൂറോളം വിദ്യാർഥിനികൾ പ്രൊഫസർ ലൈംഗിക അതിക്രമം നടത്തിയെന്നാരോപിച്ച് (Sexual harassment) പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും (PM Narendra Modi) മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനും (CM Manohar Lal Khattar) കത്തയച്ചു. ഹരിയാനയിലെ സിർസ ജില്ലയിലെ ചൗധരി ദേവി ലാൽ സർവകലാശാലയിലെ (Chaudhary Devi Lal university) ഒരു കൂട്ടം വിദ്യാർഥിനികളാണ് പരാതി നൽകിയത്. പ്രൊഫസറെ സസ്‌പെൻഡ് ചെയ്യണമെന്നും റിട്ടയേർഡ് ഹൈക്കോടതി ജഡ്‌ജിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തണമെന്നുമാണ് കത്തിൽ ആവശ്യപ്പെടുന്നത്.
പരാതിയുടെ പകർപ്പ് സർവകലാശാല വൈസ് ചാൻസലർ അജ്‌മീർ സിങ് മാലിക്, ഗവർണർ ബന്ദാരു ദത്താത്രേയ, ആഭ്യന്തര മന്ത്രി അനിൽ വിജ്, ദേശീയ വനിത കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ എന്നിവർക്കും അയച്ചിട്ടുണ്ട്. പ്രൊഫസർ വിദ്യാർഥിനികളെ ഓഫിസ് റൂമിലേയ്‌ക്ക് വിളിച്ചുവരുത്തി ലൈംഗിക ചൂഷണം ചെയ്‌തതായാണ് ആരോപണം. തങ്ങൾക്കെതിരെയുള്ള ലൈംഗികാതിക്രമം ഏറെ നാളായി തുടരുകയാണെന്നും ഇതിനെതിരെ പ്രതിഷേധിക്കുമ്പോൾ ഭീഷണിപ്പെടുത്തിയതായും വിദ്യാർഥിനികൾ പറഞ്ഞു.