ബെംഗളൂരു:സ്ത്രീകളുടെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കി ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് യുവതികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സോഫ്റ്റ്‌വെയർ എഞ്ചിനിയർ അറസ്റ്റിൽ. ആന്ധ്രാപ്രദേശ് സ്വദേശിയായ പ്രസാദാണ് വെള്ളിയാഴ്‌ച ബെംഗളൂരുവിലെ ഈസ്റ്റ് ഡിവിഷനിലെ സിഇഎൻ പൊലീസിന്‍റെ പിടിയിലായത്. ബെംഗളൂരുവിലെ കോറമംഗലയിൽ താമസിച്ചിരുന്ന ഇയാൾ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്‌തു വരികയായിരുന്നു.
ഇൻസ്റ്റഗ്രാമിലൂടെ യുവതികൾക്ക് തൊഴിൽ വാഗ്‌ദാനം, അഭിമുഖത്തിനെത്തുമ്പോൾ ലൈംഗികാതിക്രമം; സോഫ്റ്റ്‌വെയർ എഞ്ചിനിയർ പിടിയിൽ - പീഡനക്കേസ്
ഇൻസ്റ്റഗ്രാമിലൂടെ വ്യാജ അക്കൗണ്ടുകൾ വഴി യുവതികൾക്ക് തൊഴിൽ വാഗ്‌ദാനം നടത്തുകയും അഭിമുഖത്തിനെത്തുന്ന സ്‌ത്രീകളോട് ലൈംഗികാതിക്രമം നടത്തി ദൃശ്യങ്ങൾ പകർത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌ത സോഫ്റ്റ്‌വെയർ എഞ്ചിനിയറായ പ്രസാദാണ് അറസ്റ്റിലായത്.
പ്രതി ഇൻസ്റ്റഗ്രാമിൽ വ്യാജ അക്കൗണ്ടുകൾ വഴിയാണ് യുവതികളെ കബളിപ്പിച്ചിരുന്നത്. ഒരു എംഎൻസി കമ്പനിയിൽ ജോലി ചെയ്യുന്ന ഇയാൾ തനിക്ക് അറിയാവുന്ന കമ്പനികളിൽ ജോലി നൽകാമെന്ന് യുവതികളെ വിശ്വസിപ്പിച്ച് അഭിമുഖത്തിനെത്താൻ ആവശ്യപ്പെട്ടു. തുടർന്ന് ബെംഗളൂരുവിലെ മഡിവാളയ്ക്കടുത്തുള്ള ഒരു ഹോട്ടലിൽ ഇന്‍റർവ്യൂവിനെത്തിയ സ്‌ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും പണം തട്ടുകയും ചെയ്‌തു എന്ന് ഡിസിപി സി കെ ബാബ പറഞ്ഞു.
ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ കഴിഞ്ഞ രണ്ടര വർഷമായി പ്രതി തുടർച്ചയായി തട്ടിപ്പ് നടത്തുന്നതായി പൊലീസ് കണ്ടെത്തി. ഇത്തരത്തിൽ പത്തിലധികം യുവതികളെ ഇയാൾ വഞ്ചിച്ചതായി ഡിസിപി കൂട്ടിച്ചേർത്തു.