ബെംഗളൂരു: കര്‍ണാടക മുന്‍ മന്ത്രിയും എംഎൽഎയുമായ രമേഷ് ജാര്‍ക്കിഹോളിയ്‌ക്കെതിരായ അശ്ളീല സിഡി വിവാദക്കേസ് സിബിഐക്ക് കൈമാറാനൊരുങ്ങി കർണാടക സർക്കാർ. സിബിഐക്ക് വിടുന്ന കാര്യത്തില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുമായി ചർച്ച നടത്തിയ ശേഷം അന്തിമ തീരുമാനമെടുക്കുമെന്ന് കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര വ്യാഴാഴ്‌ച (ഫെബ്രുവരി രണ്ട്) പറഞ്ഞു. അശ്ലീല സിഡി പുറത്തുവരികയും ജോലി വാഗ്‌ദാനം ചെയ്‌ത് തന്നെ പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയെ തുടര്‍ന്ന് വന്‍ വിവാദമുണ്ടാവുകയും ചെയ്‌തതോടെയാണ് ജാര്‍ക്കിഹോളിയ്‌ക്ക് മന്ത്രി സ്ഥാനത്തുനിന്നും രാജിവയ്‌ക്കേണ്ടി വന്നത്.
'ഈ കേസ് സിബിഐക്ക് വിടണോ വേണ്ടയോ എന്നത് സംബന്ധിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുമായി ചർച്ച നടത്തും. അന്തിമ തീരുമാനം ശേഷം അറിയിക്കും. സിഡിയിലൂടെ ഒരാളെ അപകീർത്തിപ്പെടുത്തുന്നത് തെറ്റാണ്. ഇങ്ങനെ ഒരു കാര്യത്തിന് ആരും തുനിയരുത്. അപകീർത്തിപ്പെടുത്തുന്നത് തുടരുകയാണെങ്കില്‍ പെലീസ് നിയമനടപടി സ്വീകരിക്കും'. - അരഗ ജ്ഞാനേന്ദ്ര ഇതേക്കുറിച്ച് കൂട്ടിച്ചേര്‍ത്തു.
'ഇത് ഗൂഢാലോചന, ശിവകുമാറിനെ തുറുങ്കിടലടയ്‌ക്കും':കേസ് സിബിഐക്ക് വിടണമെന്ന് ആരോപണ വിധേയനായ രമേഷ് ജാര്‍ക്കിഹോളി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ചിലരെ അറസ്റ്റ് ചെയ്യേണ്ടതുണ്ട്. കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാറിനെ തുറുങ്കിടലടയ്‌ക്കും. സംസ്ഥാനത്തെ നൂറുകണക്കിന് രാഷ്‌ട്രീയക്കാരും ബെംഗളൂരുവിലെ ഉന്നത ഉദ്യോഗസ്ഥരുമടക്കം ഈ കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
അശ്ലീല വീഡിയോയില്‍ ഉള്‍പ്പെട്ട യുവതിയുടെ പരാതിയെ തുടര്‍ന്നാണ് മുന്‍മന്ത്രിയ്‌ക്കെതിരെ പീഡന കേസെടുത്തത്. ജോലി വാഗ്‌ദാനം നൽകി ഡൽഹിയിലെ കർണാടക ഭവനിലും മന്ത്രിയുടെ വസതിയിലും വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് പരാതി. തന്നെ നിശബ്‌ദയാക്കാനാണ് അശ്ലീല ദൃശ്യങ്ങൾ പുറത്തുവിട്ടതെന്നും യുവതി ആരോപിച്ചിരുന്നു. അശ്ലീല ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് 2021 മാര്‍ച്ച് മൂന്നിനാണ് രമേഷ് ജാർക്കിഹോളി മന്ത്രിസ്ഥാനം രാജിവച്ചത്. കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാർ തന്നെ രാഷ്ട്രീയമായി ഒതുക്കാനുണ്ടാക്കിയ വീഡിയോ ആണെന്നാണ് ജാർക്കിഹോളിയുടെ ആരോപണം.