ഹൈദരാബാദ്:രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ പുതുവത്സരാഘോഷത്തിന് കർശന നിയന്ത്രണം. കൊവിഡ് വ്യാപനത്തിനെതിരെയുള്ള മുൻകരുതലിന്‍റെ ഭാഗമായി രാത്രി 11 മുതൽ രാവിലെ അഞ്ച് മണി വരെയാണ് നിയന്ത്രണം. എന്നാൽ, അത്യാവശ്യ സേവനങ്ങൾക്കും യാത്രകൾക്കും വിലക്കേർപ്പെടുത്തിയിട്ടില്ല. പുതുവത്സരാഘോഷ പരിപാടികൾക്കായി ആളുകൾ കൂട്ടം കൂടുന്ന ഹോട്ടലുകൾ, ക്ലബ്ബുകൾ, പാർക്കുകൾ, കൺവെൻഷൻ സെന്‍ററുകൾ എന്നിവയുൾപ്പെടെ നിയന്ത്രണത്തിലായിരിക്കും.
മഹാരാഷ്‌ട്രയിൽ ഡിസംബർ 22 മുതൽ ജനുവരി അഞ്ച് വരെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് സംസ്ഥാന സർക്കാർ ഏതാനും ഇളവുകൾ നൽകിയിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാത്രി 11 മണിക്ക് ശേഷം ഹോട്ടലുകൾക്കുള്ളിൽ പരിപാടി നടത്താൻ മഹാരാഷ്‌ട്ര സർക്കാർ അനുമതി നൽകി. ഒഡീഷയിൽ ഇന്ന് രാത്രി 11 മണി മുതൽ രാവിലെ അഞ്ച് മണി വരെ കർശന നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. രാജ്യതലസ്ഥാനത്ത് ഇന്നും നാളയും രാത്രി സമയങ്ങളിൽ ആഘോഷപരിപാടികൾക്കും കൂട്ടം ചേരുന്നതിനും വിലക്കേർപ്പെടുത്തി. എന്നാൽ, പുറത്ത് സംസ്ഥാനങ്ങളിൽ നിന്ന് ഡൽഹിയിലേക്ക് വരുന്ന ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണമില്ല.