ചണ്ഡീഗഢ്: ഹരിയാനയിൽ ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം പെട്രോൾ ഒഴിച്ച് കത്തിച്ച് മൃതദേഹം കാട്ടിൽ ഉപേക്ഷിച്ചു. കേസിൽ 19കാരനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഹരിയാനയിലെ കൈതാൽ മേഖലയിൽ ഞായറാഴ്‌ചയാണ് ഞെട്ടിക്കുന്ന സംഭവം.
പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ ശേഷം ദേഹത്ത് പോട്രോൾ ഒഴിച്ച് കത്തിക്കുകയും, പാതി കത്തിയ മൃതദേഹം കാട്ടിൽ ഉപേക്ഷിക്കുകയുമായിരുന്നു. ഞായറാഴ്‌ച ഉച്ചയോടെ പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് പെൺകുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് നടത്തിയ തിരച്ചിലിലാണ് പാതി കത്തിയ മൃതദേഹം വനത്തിൽ നിന്ന് കണ്ടെടുത്തത്.
കൊല്ലപ്പെട്ട പെൺകുട്ടിയുടെയും 19 വയസുകാരനായ പ്രതിയുടെയും ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതുപ്രകാരം യുവാവിനെ ചോദ്യം ചെയ്‌തതിൽ നിന്ന് പ്രതി പെൺകുട്ടിയെ വശീകരിച്ച് ബലാത്സംഗം ചെയ്‌തതായും കൊലപ്പെടുത്തിയതായും സമ്മതിച്ചതായി കൈതാൽ പൊലീസ് സൂപ്രണ്ട് മക്‌സൂദ് അഹമ്മദ് പറഞ്ഞു. ആദ്യം 365-ാം വകുപ്പ് പ്രകാരം പ്രകാരമാണ് കേസെടുത്തിരുന്നത്.
എന്നാൽ പ്രതി കുറ്റസമ്മതം നടത്തിയ സാഹചര്യത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത ശേഷം കൊലപ്പെടുത്തുകയും തെളിവ് നശിപ്പിക്കാൻ മൃതദേഹം കത്തിക്കാൻ ശ്രമിക്കുകയും ചെയ്‌തതിന് പോക്‌സോ നിയമ പ്രകാരവും മറ്റു ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരവും കേസണ്ട് രജിസ്‌റ്റർ ചെയ്‌തിട്ടുളളതായി പൊലീസ് പറഞ്ഞു. പ്രതിയെ തിങ്കളാഴ്‌ച കോടതിയിൽ ഹാജരാക്കി ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.