മംഗളൂരു (കര്‍ണാടക): കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ പ്രധാന വാഗ്‌ദാനങ്ങളില്‍ ഒന്നായിരുന്നു 'ഗൃഹ ജ്യോതി'. സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും സൗജന്യമായി വൈദ്യുതി വിതരണം ചെയ്യുന്ന ബൃഹത്തായ പദ്ധതി. എന്നാല്‍ ഈ പദ്ധതി നടപ്പിലാക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ജനങ്ങളെയാകെ ഞെട്ടിച്ചുകൊണ്ട് മംഗളൂരുവിലെ ഒരു കുടുംബത്തിന് ഇലക്‌ട്രിസിറ്റി ബില്‍ വന്നിരിക്കുന്നത്.
ഉള്ളാല്‍ സ്വദേശി സദാശിവ ആചാരിയും കുടുംബവും തങ്ങള്‍ക്ക് ലഭിച്ച ഇലക്‌ട്രിസിറ്റി ബില്‍ കണ്ട് അക്ഷരാര്‍ഥത്തില്‍ ഷോക്കടിച്ചിരിക്കുകയാണ്. ഏഴ് ലക്ഷം രൂപയുടെ ബില്ലാണ് ഇലക്‌ട്രിസിറ്റി ബോര്‍ഡ് ജീവനക്കാരന്‍ സദാശിവയെ ഏല്‍പ്പിച്ചത്. 99,338 യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചതായാണ് ബില്ലില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മാസങ്ങളില്‍ 3000 രൂപയായിരുന്നു കുടുംബത്തിന് ഇലക്‌ട്രിസിറ്റി ബില്ല് വന്നത്. എങ്ങനെയെല്ലാം കൂട്ടിയും കിഴിച്ചും നോക്കിയിട്ടും സദാശിവയ്‌ക്ക് കണക്ക് മനസിലായില്ല.
'വൈദ്യുതി ബില്ലിൽ 99,338 യൂണിറ്റ് വൈദ്യുതി ഉപഭോഗം ചെയ്‌തതായി കാണിച്ച് 7,71,072 രൂപയുടെ ബിൽ നൽകിയിട്ടുണ്ട്. നേരത്തെ 3000 രൂപയോളം മാത്രമാണ് ഞങ്ങള്‍ക്ക് പ്രതിമാസം വൈദ്യുതി ബിൽ ലഭിച്ചിരുന്നത്. ഞങ്ങൾ എല്ലാ മാസവും ബിൽ അടയ്ക്കുന്നു. ഈ മാസം വന്ന ബില്ല് കണ്ട് ഞങ്ങളെല്ലാവരും ഞെട്ടി' -വീട്ടുടമ സദാശിവ പ്രതികരിച്ചു.
ഇലക്‌ട്രിസിറ്റി ബോര്‍ഡ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോഴാണ് സാങ്കേതിക തകരാറാണ് ബില്‍ വര്‍ധനയ്‌ക്ക് കാരണമെന്ന് വ്യക്തമായത്. ഉദ്യോഗസ്ഥർ പിഴവ് പരിഹരിച്ച് പുതുക്കിയ ബിൽ നൽകിയതിന് ശേഷമാണ് സദാശിവയ്‌ക്കും കുടുംബത്തിനും ആശ്വാസമായത്. തകരാര്‍ പരിഹരിച്ച് പരിശോധിച്ചപ്പോള്‍ 2833 രൂപയുടെ ഇലക്‌ട്രിസിറ്റിയാണ് ഇദ്ദേഹത്തിന്‍റെ കുടുംബം ഉപയോഗിച്ചത് എന്ന് വ്യക്തമായി. പിന്നാലെ പുതുക്കിയ ബില്‍ ഉദ്യോഗസ്ഥര്‍ സദാശിവ ആചാരിയുടെ വീട്ടിലെത്തിച്ചു.
'ഏജൻസികൾ വഴിയാണ് ബില്ലെടുക്കുന്നത്. ബിൽ റീഡറിന്‍റെ പിഴവ് മൂലം വൈദ്യുതി ബിൽ തെറ്റായി അച്ചടിച്ചിരിക്കുന്നു. വൈദ്യുതി ബില്ലിൽ പിഴവുണ്ടെങ്കിൽ ഉപഭോക്താവിന് നൽകാനാവില്ല. പുതുക്കിയ ബിൽ സദാശിവ ആചാര്യയുടെ പക്കൽ എത്തിച്ചു' -ഉള്ളാല്‍ മെസ്‌കോം സബ് ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അഭിന്തര ദയാനന്ദ പറഞ്ഞു.
ഭുവനേശ്വറില്‍ എട്ട് കോടിയോളം രൂപയുടെ കറന്‍റ് ബില്‍: ഇക്കഴിഞ്ഞ മേയില്‍ ഭുവനേശ്വറിലും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. എന്നാല്‍ ഉള്ളാലിലെ ബില്ലിനെക്കാള്‍ ഞെട്ടിക്കുന്നതായിരുന്നു ഭുവനേശ്വറില്‍ വന്ന ബില്‍. എട്ട് കോടിയോളം രൂപയുടെ ഇലക്‌ട്രിസിറ്റി ബില്‍ ആണ് ഭുവനേശ്വർ സ്വദേശി ദുർഗ പ്രസാദ് പട്‌നായിക്കിന് ലഭിച്ചത്. എന്നാല്‍ തന്‍റെ അറിവില്‍ ഇതിനുമാത്രം വൈദ്യുത ഉപഭോഗം ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
7,90,35,456 രൂപയാണ് ഏപ്രിൽ മാസം ദുർഗ പ്രസാദിന്‍റെ വീട്ടിലെ ഇലക്‌ട്രിസിറ്റി ബില്‍. ഭുവനേശ്വറിൽ നിലാദ്രി വിഹാർ പ്രദേശത്ത് വാടകയ്‌ക്ക് താമസിക്കുകയാണ് ദുർഗ പ്രസാദ്. മാർച്ച് മാസത്തിൽ സ്‌മാർട്ട് മീറ്റർ സ്ഥാപിച്ചതിന് ശേഷമാണ് തനിക്ക് വൈദ്യുതി ബിൽ ഇത്രയും അധികം വന്നത് എന്ന് ദുർഗ ആരോപിച്ചിരുന്നു. സാധാരണയായി, ഒരു മാസത്തിൽ വീട്ടുപകരണങ്ങൾ എല്ലാം ഉപയോഗിച്ചാലും 700 മുതൽ 1500 രൂപ വരെയാണ് ബില്‍ വരാറുള്ളത് എന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ ഇലക്‌ട്രിസിറ്റി ബോര്‍ഡ് അധികൃതര്‍ ഇടപെട്ടില്ലെന്നും ആരോപണം ഉയര്‍ന്നു.