മുംബൈ: ഇന്നത്തെ ആദ്യഘട്ട വ്യാപരത്തില്‍ സെന്‍സെക്സ് സൂചിക 600 പോയിന്‍റ് വര്‍ധിച്ചു. സൂചികയിലെ പ്രധാന കമ്പനികളായ ഐ.സി.ഐ.സി ബാങ്ക്, ഇന്‍ഫോസിസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയുടെ ഒഹരി വില വര്‍ധിച്ചു. ഏഷ്യയിലെ മറ്റ് ഓഹരി വിപണികളുടെ സൂചികകളും ഉയര്‍ന്നു
ഇന്ത്യയിലെ മറ്റൊരു പ്രധാന ഓഹരി വിപണി സൂചികയായ നിഫ്റ്റിയും ഉയര്‍ന്നു. നിഫ്റ്റി 187 പോയിന്‍റ് (1.13 ശതമാനം) ഉയര്‍ന്ന് 16,801.25 രേഖപ്പെടുത്തി.
സെന്‍സെക്സില്‍ ഏറ്റവും കൂടുതല്‍ ഉയര്‍ച്ച നേടിയത് എച്ച്.സി.എല്‍ ടെക്ക് ആണ്. എച്ച്.സി.എല്‍ ടെക്കിന്‍റെ ഓഹരി വില 3 ശതമാനമാണ് ഉയര്‍ന്നത്. ടെക്ക് മഹീന്ദ്ര, ടാറ്റാ സ്റ്റീല്‍, വിപ്രോ, എന്‍.ടി.പി.സി എന്നീ കമ്പനികളുടെ ഓഹരികളും മികച്ച നേട്ടം കൈവരിച്ചു. അതെ സമയം ആക്സിസ് ബാങ്കിന്‍റെ ഓഹരികള്‍ക്ക് നഷ്ടം സംഭവിച്ചു.
ഇന്നലെത്തെ വ്യാപരത്തില്‍ സെന്‍സെക്സ് 1,189.73 പോയിന്‍റ് (2.9 ശതമാനം) ഇടിഞ്ഞ് 55,822.01 ലാണ് അവസാനിച്ചത്. നിഫ്റ്റിക്ക് 371 പോയിന്‍റിന്‍റെ (2.18 ശതമാനത്തിന്‍റെ) ഇടിവ് സംഭവിച്ച് 16,614.2ലേക്ക് കൂപ്പുകുത്തിയിരുന്നു
വിദേശ വാണിജ്യ സ്ഥാപനങ്ങള്‍ വ്യാപകമായി അവരുടെ കൈവശമുള്ള ഓഹരികള്‍ വിറ്റഴിച്ചതാണ് ഓഹരി വിപണികള്‍ ഇടിയുന്ന സാഹചര്യത്തിലേക്ക് നയിച്ചത്. ഇന്നലെ അവര്‍ വിറ്റഴിച്ചത് 3,565.36 കോടിയുടെ ഓഹരികളാണ്.
ഒമിക്രോണ്‍ ഉയര്‍ത്തിയെ ഭീതിയാണ് ഓഹരി വിപണിയില്‍ പ്രതിഫലിക്കുന്നത്. വിദേശ വാണിജ്യ സ്ഥാപനങ്ങള്‍ തുടര്‍ച്ചയായി ഓഹരികള്‍ വിറ്റഴിക്കുന്ന സാഹചര്യം ഓഹരി വിപണിയെ പ്രതികൂലമായി ബാധിക്കുകയാണെന്ന് ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസിലെ ചീഫ് ഇന്‍വെസ്റ്റ്മെന്‍റ് സ്ട്രാജിസ്റ്റ് വി.കെ വിജയകുമാര്‍ പറഞ്ഞു. ഈ മാസം മാത്രം 30,000 കോടിയുടെ ഓഹരികളാണ് വിദേശ വാണിജ്യ സ്ഥാപനങ്ങള്‍ വിറ്റഴിച്ചത്.
എന്നാല്‍ വിദേശ വാണിജ്യ സ്ഥാപനങ്ങള്‍ അവരുടെ കൈവശമുള്ള എല്ലാ ഓഹരികളും ഒന്നിച്ച് വിറ്റഴിക്കുന്ന സാഹചര്യമല്ല എന്നുള്ളത് ഓഹരി വിപണിയെ സംബന്ധിച്ച് ആശ്വാസമാണെന്ന് വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. ലാഭം മുന്‍ നിര്‍ത്തിയാണ് അവര്‍ ഓഹരികള്‍ വിറ്റഴിക്കുന്നത്. 2015 മുതല്‍ 2020 വരെ വാങ്ങികൂട്ടിയ ബാങ്ക് ഓഹരികളാണ് പ്രധാനമായും അവര്‍ വിറ്റഴിക്കുന്നത്.
ഈ വര്‍ഷം നവംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 15വരെ 19,442 കോടിയുടെ ബാങ്ക് ഓഹരികളാണ് വിദേശ വാണിജ്യ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ വിറ്റഴിച്ചത്. കമ്പനികളുടെ വാല്യൂവേഷന്‍ ആകര്‍ഷണമാകുമ്പോള്‍ വിദേശ വാണിജ്യ സ്ഥാപനങ്ങള്‍ ഓഹരികളുടെ മൊത്ത വാങ്ങല്‍കാരായി മാറുമെന്നും സാമ്പത്തിക വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.
അതിനിടെ, അസംസ്കൃത എണ്ണയുടെ അന്താരാഷ്ട്ര നിലവാരമായ ബ്രെന്‍ഡ് ക്രൂഡ് ഓയില്‍ വില 0.8 ശതമാനം ഉയര്‍ന്ന് ബാരലിന് 72.09 യുഎസ് ഡോളറായി.