നാഗ്പൂർ : രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ (ആർഎസ്എസ്) ആസ്ഥാനത്തിന് തീവ്രവാദ ഭീഷണിയുണ്ടെന്ന് നാഗ്‌പൂര്‍ കമ്മിഷണർ അമിതേഷ് കുമാർ. ജെയ്ഷെ മുഹമ്മദ് ഭീകരര്‍ ആസ്ഥാനം നിരീക്ഷിക്കുകയും ഫോട്ടോകള്‍ എടുക്കുകയും ചെയ്തിരുന്നു. കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെ മാഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡാണ് ഇക്കാര്യം കണ്ടെത്തിയത്.
സംഘടനാ തലവന്‍ സര്‍ സംഘ് ചാലക് മോഹന്‍ ഭഗവത് താമസിക്കുന്ന ആസ്ഥാനത്തിന്‍റെ ഫോട്ടോകളും ഭീകരര്‍ ശേഖരിച്ചിട്ടുണ്ട്. രേഷിംബാഗിലെ ഹെഡ്ഗേവാർ ഭവനും തീവ്രവാദികള്‍ നിരീക്ഷിച്ചിട്ടുണ്ട്. ഈ രണ്ട് കേന്ദ്രങ്ങളിലേയും സുരക്ഷ ശക്തമാക്കാനാണ് നിര്‍ദേശം. ഇവിടങ്ങളില്‍ ജാഗ്രത ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു. അതിനിടെ, കേസുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.