ന്യൂഡല്‍ഹി:ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലെ ജനവധി ഇന്നറിയാം. സിപിഎമ്മില്‍ നിന്ന് ബിജെപി ഭരണം പിടിച്ചെടുത്ത ത്രിപുരയിലെ ഫലമാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഏറെ ശ്രദ്ധയോടെ ഉറ്റുനോക്കുന്നത്. വോട്ടെണ്ണല്‍ നടക്കാനിരിക്കെ സംസ്ഥാനത്ത് ശക്തമായ സുരക്ഷ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന പൊലീസ് സേന, ത്രിപുര സ്‌റ്റേറ്റ് റൈഫിള്‍സ്, കേന്ദ്ര സായുധ സേന തുടങ്ങിയവയുടെ സംഘങ്ങള്‍ മൊബൈല്‍ പട്രോളിങ്ങും കലാപവിരുദ്ധ പ്രവര്‍ത്തനങ്ങളും മയക്കുമരുന്ന് വിരുദ്ധ ഡ്രൈവുകളും നടത്തിവരികയാണ്.
പ്രക്ഷേഭങ്ങള്‍ക്ക് ശക്തമായ വിലക്ക്:ബോര്‍ഡര്‍ സുരക്ഷ സേനയുടെ മേല്‍നോട്ടത്തില്‍ സംസ്ഥാനത്തെ അതിര്‍ത്തി പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. മുന്‍ കാലങ്ങളില്‍ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതിന് മുന്നോടിയായി നടന്ന പ്രക്ഷോഭങ്ങളെ തുടര്‍ന്ന് വിവിധ കേസുകളിലായി 22 പേര്‍ക്കെതിരെ ഒരേസമയം എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയിരുന്നു. മാത്രമല്ല, പ്രവര്‍ത്തകര്‍ തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് ഒരാള്‍ മരണപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.
മുന്‍കാല അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കലാപങ്ങള്‍ക്കും ഏറ്റുമുട്ടലുകള്‍ക്കും കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സംസ്ഥാനത്തെ ക്രമസമാധാന നില കണക്കിലെടുത്ത് പൊലീസ് ഡയറക്‌ടര്‍ ജനറല്‍ അമിതാഭ് രഞ്ജന്‍ സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തുകയും വോട്ടെണ്ണല്‍ പ്രക്രിയ സമാധാനത്തിലാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്‌തു. രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കള്‍, സ്ഥാനാര്‍ഥികള്‍, പ്രാദേശിക പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ സമാധാനവും ഐക്യവും നിലനിര്‍ത്താനും പൊലീസുമായും പ്രാദേശിക ഭരണകൂടവുമായും നല്ല ബന്ധം പുലര്‍ത്താനും അധികൃതര്‍ അഭ്യര്‍ഥിച്ചു.
അക്രമം പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുള്ള മേഖലകളില്‍ സിഎപിഎഫ്, ടിഎസ്‌ആര്‍ തുടങ്ങിയ സേനകള്‍ പട്രോളിങ് നടത്തുന്നുണ്ട്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും ശക്തമായ സുരക്ഷ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മുഴുവന്‍ വോട്ടെണ്ണല്‍ പ്രക്രിയയും സ്‌ട്രോങ് റൂമും 24 മണിക്കൂറും സിസിടിവി നിരീക്ഷണത്തിലായിരിക്കും.
800 സ്ഥാനാര്‍ഥികള്‍:രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും ആവശ്യമായ സുരക്ഷയും ഉറപ്പാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്ന ദിവസത്തില്‍ ത്രിപുരയ്‌ക്ക് പുറമെ നാഗാലാന്‍ഡിലും മേഘാലയയിലും വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുകയാണ്. 178 സീറ്റിനായി മത്സരിച്ച 800 സ്ഥാനാര്‍ഥികളുടെ ഫലപ്രഖ്യാപനമാണ് പുറത്തുവരുന്നത്. മേഘാലയിലെ ഗാസി ഹില്‍സില്‍ വോട്ടെണ്ണല്‍ ദിനത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വാഹനക്രമീകരണത്തെക്കുറിച്ച് എസ് പി വിശദീകരിച്ചിട്ടുണ്ട്.
ജില്ലയിലൊട്ടാകെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. മാവ്കിർവത്തിൽ നിന്ന് വരുന്ന വാഹനങ്ങൾ ലാഡ് സക്വാങ്ങിൽ നിന്ന് പിൻഡെൻസക്വാങ്-സക്വാങ് വഴി ജക്രെമിലേക്ക് തിരിച്ചുവിടും. ലാഡ് സക്വാങ്ങിൽ നിന്ന് ഡിസി ഓഫിസിലേയ്‌ക്കുള്ള പ്രവേശനത്തിനും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
കര്‍ശന നിയന്ത്രണം:വോട്ടെണ്ണല്‍ കേന്ദ്രത്തിന്‍റെ 100 മീറ്റര്‍ ചുറ്റളവില്‍ വാഹനങ്ങള്‍ക്ക് പ്രവേശനം നിഷേധിക്കും. സ്ഥാനാര്‍ഥിയ്‌ക്കും, തെരഞ്ഞെടുപ്പ് ഏജന്‍റിനും കൗണ്ടിങ് ഏജന്‍റിനും പുറമെ തെരഞ്ഞെടുപ്പ് കമ്മിഷനില്‍ നിന്നും, ജില്ലയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനില്‍ നിന്നും അല്ലെങ്കില്‍ റിട്ടേണിങ് ഓഫിസറില്‍ നിന്നുമുള്ള ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ രേഖകള്‍ ഉള്ളവര്‍ക്കേ ആദ്യ സുരക്ഷ വലയത്തിനുള്ളില്‍ പ്രവേശിക്കുവാന്‍ സാധിക്കുകയുള്ളൂ. കൂടാതെ, നിയുക്ത വ്യക്തികള്‍ നടത്തുന്ന ഔദ്യോഗിക റെക്കോര്‍ഡിങ് ഒഴികെ മൊബൈല്‍ ഫോണുകളോ ക്യാമറകളോ മറ്റ് വസ്‌തുക്കളോ വോട്ടെണ്ണുന്ന സ്ഥലത്ത് അനുവദിക്കുകയില്ല. അഥവാ ഇത്തരം വസ്‌തുക്കള്‍ കൈയ്യില്‍ കരുതിയാല്‍ ഹാളില്‍ പ്രവേശിക്കുന്നതിന് മുമ്പ് കൗണ്ടറുകളില്‍ ഏല്‍പ്പിക്കേണ്ടതാണെന്നും മുന്നറിയിപ്പുണ്ട്.