സെക്കന്തരാബാദ് : ഇൻകം ടാക്‌സ് ഉദ്യോഗസ്ഥർ എന്ന വ്യാജേന ജ്വല്ലറിയിൽ നിന്ന് 1.7 കിലോഗ്രാം സ്വർണം മോഷ്‌ടിച്ച എട്ടംഗ സംഘത്തിലെ നാല് പേർ പിടിയിൽ. തെലങ്കാന - സെക്കന്തരബാദിലെ മോണ്ട മാർക്കറ്റിലാണ് സംഭവം.സക്കീർ, റഹീം, പ്രവീൺ, അക്ഷയ് എന്നിവരാണ് പൊലീസ് പിടിയിലായത്.
കവർച്ചയിൽ പങ്കുള്ള മറ്റ് നാല് പേർക്കായി തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. മോഷണം നടത്തിയ ശേഷം പ്രതികൾ മഹാരാഷ്‌ട്രയിലേക്ക് രക്ഷപ്പെട്ടിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ നാല് പേരെ മഹാരാഷ്‌ട്രയിൽ എത്തി പിടികൂടുകയായിരുന്നു.
അറസ്റ്റിലായ പ്രതികളെ ഇപ്പോൾ ടാസ്‌ക് ഫോഴ്‌സ് ഓഫിസിൽ ചോദ്യം ചെയ്‌തുവരികയാണെന്നും പൊലീസ് അറിയിച്ചു. മെയ് 27നായിരുന്നു കവർച്ച. ഇൻകം ടാക്‌സ് ഉദ്യോഗസ്ഥർ എന്ന വ്യാജേന ജ്വല്ലറിയിൽ എത്തിയ സംഘം സ്വർണവുമായി കടന്നുകളയുകയായിരുന്നു. ഹൈദരാബാദിലെ പട്‌നി സെന്‍ററിൽ സ്ഥിതി ചെയ്യുന്ന ലോഡ്‌ജിൽ താമസിച്ചാണ് കവർച്ച നടത്തിയത്. ലോഡ്‌ജിൽ നിന്ന് 750 മീറ്റർ അകലെയാണ് മോഷണം നടന്ന സ്വർണക്കട.
ഇൻകം ടാക്‌സ് റെയ്‌ഡ് എന്ന് വിശ്വസിപ്പിച്ച് കവർച്ച : മെയ്27-ന് രാവിലെ ഇൻകം ടാക്‌സ് ഓഫിസർമാരാണെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ സംഘം കടയിൽ സാമ്പത്തിക ക്രമക്കേട് നടക്കുന്നുണ്ടെന്നും റെയ്‌ഡ് നടത്തണമെന്നും പറഞ്ഞ് ജീവനക്കാരെ പുറത്തിറക്കി. തുടർന്ന് നികുതി അടയ്ക്കുന്നില്ലെന്ന് ആരോപിച്ച് 1.7 കിലോഗ്രാം സ്വർണ ബിസ്‌കറ്റുകൾ എടുത്തുകൊണ്ടുപോവുകയായിരുന്നു. എന്നാൽ, സംഭവത്തിൽ സമീപത്തെ കച്ചവടക്കാർ സംശയം പ്രകടിപ്പിച്ചതോടെ ജ്വല്ലറി ഉടമ പൊലീസിൽ പരാതിപ്പെട്ടു. പൊലീസ് എത്തി സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.