ശ്രീനഗര്‍ :ജമ്മു കശ്‌മീരിലെ രജൗരിയിലെ ചില മേഖലകളില്‍ ജില്ല ഭരണകൂടം നിരോധനാജ്ഞ ഏര്‍പ്പെടുത്തി. രണ്ട് സമുദായക്കാര്‍ തമ്മിലുള്ള ഭൂമിതര്‍ക്കത്തെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നടപടി. സിആർപിസി 144 പ്രകാരം പുറത്തിറക്കിയ ഉത്തരവ് പ്രകാരമുള്ള നയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ പൊലീസിനോട് ജില്ല മജിസ്‌ട്രേറ്റ് ആവശ്യപ്പെട്ടു.
ഇരുസമുദായക്കാര്‍ തമ്മില്‍ ഭൂമി തര്‍ക്കം ; ജമ്മു കശ്‌മീരിലെ രജൗരിയില്‍ നിരോധനാജ്ഞ
പ്രദേശത്ത് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാലാണ് രജൗരി ജില്ല ഭരണകൂടം നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്
ഇന്ന് ജുമുഅ നമസ്‌കാരത്തിന് ശേഷം പ്രതിഷേധം നടക്കുമെന്ന ആശങ്കയുണ്ടെന്ന് അധികൃതർ അറിയിച്ചു. ക്രമസമാധാനം നിലനിര്‍ത്താന്‍ ജില്ലയുടെ ചില ഭാഗങ്ങളില്‍ വാഹന ഗതാഗതം പൂര്‍ണമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ആളുകളോട് വീടിനുള്ളിൽ തന്നെ തുടരാനും കടയുടമകളോട് തുറക്കരുതെന്നും പൊലീസ് ആവശ്യപ്പെടുന്നുണ്ട്.
അതേസമയം തര്‍ക്കഭൂമി നിലവില്‍ എസ്എച്ച്ഒ യുടെ മേല്‍നോട്ടത്തിലാണ്. ഉചിതമായ കോടതി കേസ് തീർപ്പാക്കുന്നതുവരെ ഭൂമിയുടെ അവകാശം എസ് എച്ച് ഒയ്‌ക്ക് കീഴിലാക്കാന്‍ തഹസില്‍ദാറാണ് ഉത്തരവ് പുറത്തിറക്കിയത്.