ഭോപ്പാല്‍:മധ്യപ്രദേശിലെ കുനോ പാര്‍ക്കില്‍ നിന്ന് രക്ഷപ്പെട്ട ആശയെന്ന നമീബിയന്‍ ചീറ്റപ്പുലിക്കായി അന്വേഷണം ഊര്‍ജിതം. വനം വകുപ്പ് ഉദ്യോഗസ്ഥരും കുനോ പാര്‍ക്ക് ജീവനക്കാരും സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്. ശിവപുരിയിലെ ആനന്ദ്‌പൂരില്‍ ആശയെ കണ്ടിരുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരടക്കം ശിവപുരിയിലെത്തി.
ചീറ്റയുടെ മേല്‍ ഘടിപ്പിച്ചിട്ടുള്ള റേഡിയോ കോളറിന്‍റെ സഹായത്തോടെ ആനന്ദ്‌പൂരിനും ഗാസിഗഡിനും ഇടയിലുള്ള ഗ്രാമത്തിലെ വയലിലാണ് ആശ അവസാനമായെത്തിയതെന്നാണ് ലഭിച്ച വിവരം. വ്യാഴാഴ്‌ച രാവിലെയാണ് കുനോ പാര്‍ക്കില്‍ നിന്ന് ചീറ്റ രക്ഷപ്പെട്ടത്. അതേസമയം ആശ കുനോ പാര്‍ക്കിന്‍റെ സംരക്ഷിത മേഖലയിലൂടെ അലഞ്ഞ് തിരിയുകയാണെന്നും നിലവില്‍ വനം വകുപ്പ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ആശയെ നിരീക്ഷിച്ച് വരികയാണെന്നും ഡിഎഫ്ഐ അറിയിച്ചു.
ആശങ്ക പേറി ജനങ്ങള്‍: കുനോ പാര്‍ക്കില്‍ നിന്ന് ആശ രക്ഷപ്പെട്ടുവെന്ന വാര്‍ത്ത പരന്നത് ജനങ്ങളില്‍ ആശങ്കക്കിടയാക്കി. കഴിഞ്ഞ ദിവസം പാര്‍ക്കില്‍ നിന്ന് പുറത്ത് കടന്ന 'ഒബാന്‍' എന്ന ചീറ്റ നാട്ടുകാരില്‍ ഏറെ ആശങ്ക സൃഷ്‌ടിച്ചിരുന്നു. പാര്‍ക്കില്‍ നിന്ന് വഴിതെറ്റി പുറത്തെത്തിയ ഒബാനെ പാര്‍ക്കിന് സമീപമുള്ള വയലില്‍ കണ്ടെത്തുകയായിരുന്നു.
ഏപ്രില്‍ രണ്ടിനാണ് ഒബാന്‍ പാര്‍ക്കില്‍ നിന്ന് പുറത്ത് കടന്നത്. പുറത്തെത്തിയ ഒബാന്‍ സമീപ പ്രദേശങ്ങളിലെല്ലാം ചുറ്റിതിരിഞ്ഞു. ഇര തേടാന്‍ ഒന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് ഒബാന്‍ ക്ഷീണിതനായിരുന്നു. പാര്‍ക്കിന് സമീപത്തെ വയലില്‍ ഒബാനെ കണ്ടെത്തിയതിനെ തുടര്‍ന്ന് അവിടെ നിന്ന് രക്ഷപ്പെടുത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പല്‍പുര്‍ വനമേഖലയില്‍ പുനരധിവസിപ്പിച്ചു.
നമീബിയയില്‍ നിന്ന് ഇന്ത്യയിലെത്തിയ ചീറ്റകള്‍: കഴിഞ്ഞ സെപ്‌റ്റംബറിലാണ് ആഫ്രിക്കയിലെ നമീബിയയില്‍ നിന്ന് എട്ട് ചീറ്റപ്പുലികളെ ഇന്ത്യയിലെത്തിച്ചത്. ഇന്ത്യയിലെ ചീറ്റപ്പുലികള്‍ക്ക് വംശനാശം സംഭവിച്ചതിനെ തുടര്‍ന്നാണ് ഇവയെ നമീബിയയില്‍ നിന്ന് ഇന്ത്യയിലെത്തിക്കാന്‍ കാരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചീറ്റപ്പുലികളെ മധ്യപ്രദേശിലെ കുനോപാര്‍ക്കില്‍ തുറന്നുവിട്ടത്.
also read:എഐ ക്യാമറ വിവാദം: സർക്കാരിന്‍റെ അന്വേഷണം വെറും പ്രഹസനമെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ
പ്രധാനമന്ത്രിയുടെ ജന്മദിനത്തിലാണ് നമീബിയയില്‍ നിന്ന് ഇന്ത്യയിലേക്ക് ചീറ്റകളെത്തിയത്. ചീറ്റകള്‍ക്ക് ജീവിക്കാന്‍ സാധ്യമാകുന്ന അന്തരീക്ഷവും പരിസ്ഥിതിയും ഉള്ളത് കൊണ്ടാണ് അവയെ കുനോ പാര്‍ക്കിലെത്തിച്ചത്. അഞ്ച് പെണ്‍ചീറ്റകളേയും മൂന്ന് ആണ്‍ ചീറ്റകളേയും ഹെലികോപ്‌റ്ററിലാണ് പാര്‍ക്കിലെത്തിച്ചത്. ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷം ആദ്യമായാണ് രാജ്യത്തേക്ക് ചീറ്റപ്പുലികളെത്തിയത്.
രണ്ടാം തവണയും ചീറ്റകളെത്തി: വംശനാശം സംഭവിച്ചതിനെ തുടര്‍ന്ന് മറ്റിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് ചീറ്റപ്പുലികളെത്തിയത് രണ്ട് തവണയാണ്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് രണ്ടാമത് രാജ്യത്തേക്ക് ചീറ്റകളെയെത്തിച്ചത്. ദക്ഷിണാഫ്രിക്കയില്‍ നിന്നാണ് രണ്ടാമത് ചീറ്റകളെത്തിയത്. ഏഴ് ആണ്‍ ചീറ്റകളും അഞ്ച് പെണ്‍ചീറ്റകളുമാണ് രണ്ടാമതെത്തിയത്. കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ്, മാധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ എന്നിവര്‍ ഉള്‍പ്പെട്ട ചടങ്ങിലാണ് ചീറ്റപ്പുലികളെ കൂനോ പാര്‍ക്കിലേക്ക് തുറന്നുവിട്ടത്. 1952ലാണ് ചീറ്റപ്പുലികള്‍ക്ക് വംശനാശം സംഭവിച്ചതായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
also read:'സ്ഥിതി അതീവ ഗുരുതരം, കടന്നുപോയത് കഠിനമായ ദിനങ്ങള്‍'; സുഡാനില്‍ നിന്ന് മടങ്ങിയെത്തിയ തോമസ് വര്‍ഗീസും കുടുംബവും