ന്യൂഡല്‍ഹി : പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനം ജനാധിപത്യത്തിന് നേരിട്ടിട്ടുള്ള പ്രഹരമാണെന്ന് എസ്‌ഡിപിഐ ദേശീയ പ്രസിഡന്‍റ് എം.കെ ഫൈസി. ബിജെപി ഭരണത്തിലെ തെറ്റായ ജനവിരുദ്ധ നയങ്ങൾക്കെതിരെ സംസാരിക്കുന്നവര്‍ ആരായാലും ഭീഷണി നേരിടേണ്ടിവരുമെന്നാണ് ഇതിന്‍റെ സന്ദേശമെന്ന് എസ്‌ഡിപിഐയുടെ വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്ത പ്രസ്‌താവനയില്‍ ഫൈസി ആരോപിച്ചു. പ്രതിപക്ഷ പാര്‍ട്ടികളെ നിശബ്‌ദരാക്കാനും വിയോജിപ്പിന്‍റെ ശബ്‌ദം പ്രകടിപ്പിക്കുന്നതില്‍ നിന്ന് ജനങ്ങളെ ഭയപ്പെടുത്തുന്നതിനുമായി ഭരണകൂടം അന്വേഷണ ഏജന്‍സികളെയും നിയമങ്ങളെയും ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാജ്യത്തിപ്പോള്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ പ്രകടമാണ്. രാജ്യത്തെ മുഴുവന്‍ പാര്‍ട്ടികളും പൗരന്മാരും സ്വേച്ഛാധിപത്യ ഭരണത്തെ എതിർക്കാനും ഇന്ത്യൻ ഭരണഘടനയുടെ ജനാധിപത്യവും മൂല്യങ്ങളെ സംരക്ഷിക്കാനും സ്വയം പ്രതിജ്ഞാബദ്ധരാകണമെന്നും ഫൈസി പ്രസ്‌താവനയില്‍ കുറിച്ചു. ചൊവ്വാഴ്‌ച രാത്രിയാണ് (സെപ്‌റ്റംബര്‍ 27) പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച് കേന്ദ്രം ഉത്തരവിറക്കിയത്. ഐഎസ്‌ഐഎസ് പോലുള്ള ആഗോള ഭീകര ഗ്രൂപ്പുകളുമായി പിഎഫ്ഐക്ക് ബന്ധമുണ്ടെന്നടക്കമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അഞ്ച് വര്‍ഷത്തേക്ക് പാര്‍ട്ടിക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.