തിരുവനന്തപുരം : പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചുള്ള കേന്ദ്ര സര്‍ക്കാറിന്‍റെ ഉത്തരവിനെ ശക്തമായി അപലപിച്ച് എസ്‌ഡിപിഐ. തീവ്രവാദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നുണ്ടെന്ന് ആരോപിച്ച് ചൊവ്വാഴ്‌ചയാണ് പിഎഫ്‌ഐയെ നിരോധിച്ചുള്ള കേന്ദ്ര സര്‍ക്കാറിന്‍റെ ഉത്തരവിറങ്ങിയത്. പോപ്പുലര്‍ ഫ്രണ്ടിനൊപ്പം അനുബന്ധ സംഘടനകളായ റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ, നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ് ഓർഗനൈസേഷൻ, നാഷണൽ വുമൺ ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ,എന്നിവയ്ക്കും രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തി.
പിഎഫ്‌ഐയുടെയും അനുബന്ധ സംഘടനകളുടെയും നിരോധനം ഇന്ത്യൻ ജനാധിപത്യത്തിനും രാജ്യത്തെ ജനങ്ങൾക്ക് ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങള്‍ക്കും നേരെയുള്ള വെല്ലുവിളിയാണെന്ന് എസ്‌ഡിപിഐ പറഞ്ഞു. ബിജെപിയുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ശബ്‌ദിക്കുന്നവരെ റെയ്‌ഡും അറസ്റ്റും കൊണ്ട് ഭയപ്പെടുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് എസ്‌ഡി പിഐ ദേശീയ പ്രസിഡന്‍റ് എം.കെ ഫൈസി എസ്‌ഡിപിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ ആരോപിച്ചു.
ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ നിഷേധിക്കുന്നതിലൂടെ രാജ്യത്തെ പൗരന്മാരുടെയും സംഘടനകളുടെയും അഭിപ്രായ സ്വാതന്ത്രത്തെ അടിച്ചമര്‍ത്തുക കൂടിയാണ് ബിജെപി ചെയ്യുന്നത്. രാജ്യത്തിന്‍റെ ഭരണഘടനാമൂല്യങ്ങളും ജനാധിപത്യവും സംരക്ഷിക്കാൻ മതേതര പാർട്ടികളും ജനങ്ങളും ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം പിഎഫ്‌ഐ നിരോധനത്തെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസും യുഡിഎഫ് സഖ്യകക്ഷിയായ മുസ്‌ലിം ലീഗും രംഗത്തെത്തി.