കാരയ്‌ക്കൽ (പുതുച്ചേരി):പഠനത്തിൽ മകളേക്കാൾ മികവ് കാണിച്ചതിന് മകളുടെ സഹപാഠിയെ അമ്മ വിഷം കൊടുത്ത് കൊന്നു. പുതുച്ചേരി കാരയ്‌ക്കൽ സ്വദേശികളായ രാജേന്ദ്രൻ-മാലതി ദമ്പതികളുടെ മകൻ ബാല മണികണ്‌ഠൻ ആണ് വിഷബാധയേറ്റ് മരിച്ചത്. കാരയ്‌ക്കലിലെ സ്വകാര്യ സ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയാണ് ബാല മണികണ്‌ഠൻ.
സ്‌കൂൾ വാർഷികത്തോടനുബന്ധിച്ചുള്ള പരിപാടികളുടെ പരിശീലനത്തിനായാണ് ബാല രാവിലെ സ്‌കൂളിലേക്ക് പോയത്. ഉച്ചയോടെ വീട്ടിൽ തിരികെയെത്തിയ കുട്ടി തുടർച്ചയായി ഛർദ്ദിക്കാൻ തുടങ്ങി. സ്‌കൂൾ വാച്ച്മാൻ ശീതളപാനീയം നൽകിയെന്നും അത് കുടിച്ചത് മുതൽ ഛർദ്ദിക്കുന്നുണ്ടെന്നും ബാല മാതാപിതാക്കളോട് പറഞ്ഞു.
ഉടൻ തന്നെ കാരയ്‌ക്കൽ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയിലിരിക്കെ ശനിയാഴ്‌ച രാത്രിയോടെ കുട്ടി മരിച്ചു. ശീതള പാനീയത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ മാതാപിതാക്കൾ കൊടുത്തുവിട്ട പാനീയമാണ് കുട്ടിക്ക് നൽകിയതെന്ന് സ്‌കൂൾ അധികൃതർ മറുപടി നൽകി. എന്നാൽ ബാലയ്ക്ക് പാനീയങ്ങളൊന്നും കൊടുത്തുവിട്ടിട്ടില്ലെന്ന് രക്ഷിതാക്കൾ വ്യക്തമാക്കി.